കണ്ണൂർ: വടക്കൻ ജില്ലകളിൽ കൂടുതൽ സീറ്റ് നേടി ഭരണം പിടിക്കാൻ കോൺഗ്രസ്. കോഴിക്കോട് അടക്കമുള്ളിടത് വൻ മത്സരം കാഴ്ച വയ്ക്കാനാണ് തീരുമാനം. കോഴിക്കോട് നിലവിൽ കോൺഗ്രസിന് എംഎൽഎമാരില്ല. ഇതിന് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ട് നടത്തിയ സർവ്വേ വ്യക്തമാക്കുന്നത്.

കേരളത്തിലെ വടക്കൻ ജില്ലകളിൽ 16 നിയമസഭ മണ്ഡലങ്ങൾ കോൺഗ്രസിന് കൂടുതൽ വിജയസാധ്യതയുള്ള എ കാറ്റഗറി സീറ്റുകളെന്നു സർവേ റിപ്പോർട്ട് പറയുന്നു. ആറു സിറ്റിങ് സീറ്റുകൾ ഉൾപ്പെടെയാണ് 16 എണ്ണം എ കാറ്റഗറിയിലായത്. ജയം ഉറപ്പുള്ള സീറ്റുകളും ജയിക്കാൻ സാധ്യതയുള്ള സീറ്റുകളുമാണ് എ കാറ്റഗറിയിൽ. പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കോൺഗ്രസ് മികച്ച ജയങ്ങൾ പ്രതീക്ഷിക്കുന്നത്.

സർവ്വേ കൂടി പരിഗണിച്ചുള്ള സ്ഥാനാർത്ഥി നിർണ്ണയം ഇത്തവണ നടത്തും. ഉത്തര മലബാറിലെ ആറു സിറ്റിങ് സീറ്റുകൾ 16 ആയി ഉയരുന്നതോടെ തന്നെ നിയമസഭയിൽ ഭരണം ഉറപ്പിക്കാനാകും. മറ്റ് പത്തു സീറ്റുകളിൽ വിജയ സാധ്യത വളരെ കൂടുതലാണ്. ആരെ നിർത്തിയാലും തോൽക്കുന്നത്‌ ഒൻപത് സീറ്റുകളിൽ മാത്രമെന്നും സർവ്വേ പറയുന്നു. എഐസിസിയുടെ സർവ്വേ പൂർത്തിയാകുമ്പോൾ മലബാറിൽ കോൺഗ്രസിന് വൻ മുന്നേറ്റ സാധ്യതയെന്നത് യുഡിഎഫിനും വലിയ പ്രതീക്ഷയാണ്.

50-50 ചാൻസുള്ള സീറ്റുകളെയാണു ബി കാറ്റഗറിയിൽ പെടുത്തിയത്. ഇത്തരം 10 സീറ്റുകൾ വടക്കൻ ജില്ലകളിലുണ്ട്. ഇതിൽ നാലെണ്ണം നേരിയ മുൻതൂക്കമുള്ളതാണെന്നാണു റിപ്പോർട്ട്. എ, ബി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കെപിസിസിക്ക് ഹൈക്കമാണ്ട് നിർദ്ദേശം നൽകി. വടക്കൻ ജില്ലകളിലെ 60 നിയമസഭാ സീറ്റുകളിൽ 31 എണ്ണത്തിലാണു 2016ൽ കോൺഗ്രസ് മത്സരിച്ചത്.

എൽജെഡി മത്സരിച്ച അഞ്ചിൽ മൂന്നെണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കേരള കോൺഗ്രസ് മത്സരിച്ച മൂന്നിൽ ഒരെണ്ണത്തിലും കോൺഗ്രസ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ആകെ 35 സീറ്റിൽ ഇത്തവണ മത്സരിക്കാനാകുമെന്നാണു കണക്കുകൂട്ടൽ. ഇതിൽ 9 സീറ്റുകളാണ് വിജയസാധ്യതയില്ലാത്ത സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വടക്കൻ ജില്ലകളിൽ കൂടുതൽ സീറ്റ് നേടാനായാൽ ഭരണം പിടിക്കാം. വടക്കൻ ജില്ലകളിലെ ഒരു സീറ്റിൽ പോലും ബിജെപിക്കു കോൺഗ്രസിന്റെ സർവേ വിജയസാധ്യത കൽപിക്കുന്നില്ല. എ, ബി കാറ്റഗറി മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പു പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനു പ്രത്യേക പദ്ധതി തയാറാക്കും. അതായത് പാലക്കാടും മഞ്ചേശ്വരവും യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് സർവവേ പറയുന്നത്.

ആറു സിറ്റിങ് എംഎൽഎമാരുണ്ടെങ്കിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയസാധ്യത മാത്രമാകും പരിഗണിക്കുക. സംസ്ഥാനത്തെ ഏറ്റവും ഉറച്ച കോൺഗ്രസ് മണ്ഡലങ്ങളിൽ ഒന്നായ ഇരിക്കൂറിൽ സിറ്റിങ് എംഎൽഎ കെ.സി.ജോസഫ് മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ചിരുന്നു. പേരാവൂർ (സണ്ണി ജോസഫ്), സുൽത്താൻ ബത്തേരി (ഐ.സി.ബാലകൃഷ്ണൻ), തൃത്താല (വി.ടി.ബൽറാം), പാലക്കാട് (ഷാഫി പറമ്പിൽ), വണ്ടൂർ (എ.പി.അനിൽകുമാർ) എന്നിവയാണു മറ്റു സിറ്റിങ് സീറ്റുകൾ.