- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാബുവും ജോസഫുമില്ലെങ്കിൽ നേമത്തേക്ക് ഇല്ലെന്ന് നിലപാടിൽ ഉമ്മൻ ചാണ്ടി; നിങ്ങൾക്ക് വയ്യെങ്കിൽ നേമത്തും വട്ടിയൂർക്കാവും ഞാൻ മത്സരിക്കാമെന്ന് സ്‌ക്രീനിങ് കമ്മിറ്റിയിൽ തിരിച്ചടിച്ച് കെ സി വേണുഗോപാൽ; വാഴക്കന് വേണ്ടി വാദിച്ച് ചെന്നിത്തല; കെസിക്കൊപ്പം നിലയുറപ്പിച്ച് മുല്ലപ്പള്ളിയും; ഇനി എല്ലാം ആന്റണി തീരുമാനിക്കും
ന്യൂഡൽഹി: തന്റെ വിശ്വസ്തരായ കെ ബാബുവിനും കെസി ജോസഫിനും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാൻ, മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി നിലപാടു കടുപ്പിക്കുന്നു. ഒപ്പം നിൽക്കുന്നവർക്കു സീറ്റില്ലെങ്കിൽ നേമത്ത് തന്റെ സ്ഥാനാർത്ഥിത്വത്തിൽ പുനരാലോചന വേണ്ടിവരുമെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചതായാണ് സൂചന. അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തോ വട്ടിയൂർക്കാവിലോ മത്സരിക്കാൻ തയ്യാറെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഹൈക്കമാൻഡ് നിർദ്ദേശം പാലിക്കാൻ മുതിർന്ന നേതാക്കൾ തയാറാകാത്ത സാഹചര്യത്തിലാണ് വേണുഗോപാൽ അപ്രതീക്ഷിത തീരുമാനം നേതാക്കളോട് പറഞ്ഞത്. ഉമ്മൻ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്ക്കോ വയ്യെങ്കിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന് എ ഐ സി സി സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിൽ കെ സി വേണുഗോപാൽ നാടകീയ പ്രഖ്യാപനം നടത്തുകയായിരുന്നു.
കെസി ജോസഫും കെ ബാബുവും സീറ്റ് ഉറപ്പിച്ചിട്ടില്ല. ഇതാണ് ഉമ്മൻ ചാണ്ടിയെ വെട്ടിലാക്കുന്നത്. ജോസഫ് വാഴക്കന് സീറ്റ് വേണമെന്ന് ചെന്നിത്തലയും പറയുന്നു. കെ മുരളീധരൻ നേമത്ത് മത്സരിക്കാൻ തയ്യാറാണ്. എന്നാൽ ഇതിനെ കെസി അംഗീകരിക്കുന്നില്ല. ഇതിനിടെയാണ് മറ്റ് സീറ്റുകളിൽ ധാരണയായത്. ഇനി തർക്കമുള്ളിടത്ത് കോൺഗ്രസ് ഹൈക്കമാണ്ട് സ്ഥാനാർത്ഥിയെ നിശ്ചയിക്കും. എകെ ആന്റണിയാകും ഇക്കാര്യത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കുക. അത് സോണിയാ ഗാന്ധിയും അംഗീകരിക്കാനാണ് സാധ്യത.
ഹൈക്കമാൻഡിന്റെ എതിർപ്പിനെത്തുടർന്ന് കെസി ജോസഫിനും കെ ബാബുവിനും ഇത്തവണ സീറ്റു ലഭിക്കാനിടയില്ലെന്നാണ് ഇന്നലെ രാത്രി വരെയുള്ള റിപ്പോർട്ടുകൾ. ചർച്ചകൾ ഈ നിലയിൽ മുന്നേറിയപ്പോൾ ഉമ്മൻ ചാണ്ടി കടുത്ത നിലപാടു മുന്നോട്ടുവയ്ക്കുകയിരുന്നുവെന്നാണ് അറിയുന്നത്. നേമത്ത് മത്സരിക്കാൻ തയാറാണെന്ന് ഇന്നലെ ഉമ്മൻ ചാണ്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ബാബുവിനും ജോസഫിനും സീറ്റ് ഇല്ലെങ്കിൽ ഇക്കാര്യത്തിൽ പുനരാലോചന വേണ്ടിവരുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇതോടെയാണ് കെസി വേണുഗോപാൽ താൻ മത്സരിക്കാമെന്ന നിലപാട് എടുത്തത്. നേമത്ത് ഉമ്മൻ ചാണ്ടിക്ക് തന്നെയാണ് ഇപ്പോഴും സാധ്യത. കെ ബാബുവിന് തൃപ്പുണ്ണിത്തുറ നൽകിയേക്കും.
ബിജെപിയെ നേരിട്ട് എതിർക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേമത്ത് മുതിർന്ന നേതാക്കളിൽ ഒരാൾ മത്സരിക്കുക എന്ന നിർദ്ദേശം ഹൈക്കമാൻഡ് മുന്നോട്ടുവച്ചത്. സംസ്ഥാനത്ത് ഉടനീളം ഇതു ഗുണം ചെയ്യുമെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താനാവുമെന്നും ഇതുവഴി ഹൈക്കമാൻഡ് കണക്കുകൂട്ടി. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. എന്നാൽ തനിക്കൊപ്പം ഉറച്ചുനിൽക്കുന്ന ബാബുവിനെയും കെസി ജോസഫിനെയും ഒഴിവാക്കിക്കൊണ്ട് ഇത്തരമൊരു നീക്കത്തിന് ഒപ്പം നിൽക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ഉമ്മൻ ചാണ്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഇരിക്കൂർ വിട്ടു വരുന്ന കെസി ജോസഫിനെ കാഞ്ഞിരപ്പള്ളിയിലോ ചങ്ങനാശ്ശേരിയിലോ സ്ഥാനാർത്ഥിയാക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കെ ബാബു തൃപ്പൂണിത്തുറയിൽ ഇക്കുറിയും മത്സരിക്കാമെന്ന പ്രതീക്ഷയിൽ ആയിരുന്നു. എന്നാൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഇരുവരും പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. കേരളത്തിൽനിന്നുള്ള പലരും ഇവരുടെ സ്ഥാനാർത്ഥിത്വത്തിൽ എതിർപ്പു പ്രകടിപ്പിച്ചപ്പോൾ ഹൈക്കമാൻഡും അതിനോടു യോജിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതോടെയാണ് ഉമ്മൻ ചാണ്ടി പിണങ്ങുന്നത്. അതിനിടെ സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പാർട്ടി നേതൃത്വം തള്ളി. അത്തരമൊരു ചർച്ച ഒരു ഘട്ടത്തിലും നടന്നിട്ടില്ലെന്ന് ഉന്നത നേതാക്കൾ പറഞ്ഞു.
നേമത്തും വട്ടിയൂർക്കാവിലും തനിക്ക് വിജയ സാദ്ധ്യതയുണ്ടെന്നും യോഗത്തിൽ കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. നേമത്ത് മത്സരിക്കുന്ന കോൺഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ഹൈക്കമാൻഡ് സൂചന നൽകിയിട്ടുണ്ട്. ഇക്കാര്യം ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് അറിയിച്ചു. ഇരുനേതാക്കളും സന്നദ്ധരല്ലെങ്കിൽ കെ സി വേണുഗോപാൽ ആയിരിക്കും സ്ഥാനാർത്ഥി. കെ മുരളീധരൻ, ശശി തരൂർ എന്നിവരെയും പരിഗണിക്കുമെന്ന് ഹൈക്കമാൻഡ് സൂചന നൽകി. എന്നാൽ ലോക്സഭാ എം പിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് വേണുഗോപാലിന് എതിർപ്പാണ്.
വേണുഗോപാലിന്റെ നീക്കം അതീവ ഗൗരവത്തോടെയാണ് എ,ഐ ഗ്രൂപ്പുകൾ നോക്കികാണുന്നത്. സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ അടക്കം വലിയ തോതിൽ ഇടപെട്ട വേണുഗോപാൽ കേരളത്തിൽ മത്സരിക്കുമെന്ന് കൂടി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നീക്കമായാണ് അത് വിലയിരുത്തപ്പെടുന്നത്. ഇതാണ് ഗ്രൂപ്പ് നേതാക്കളുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്.എ ഐ സി സി നടത്തിയ സർവേയിൽ ഇടതിനാണ് മുൻതൂക്കം.
നേരിയ മുൻതൂക്കമാണ് എൽ.ഡി.എഫിന് നിയമസഭയിൽ പ്രവചിക്കപ്പെടുന്നത്. സ്ഥാനാർത്ഥി നിർണയം മികച്ച രീതിയിൽ നടത്തിയാൽ മാത്രമേ ഇടത് മുൻതൂക്കത്തിന് തടയിടാനാകൂവെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ