ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉമ്മൻ ചാണ്ടിക്ക് നേരിടേണ്ടി വന്നത് കടുത്ത തിരിച്ചടി. ഈ സാഹചര്യത്തിലാണ് നേമത്ത് മത്സരിക്കാൻ പോലും ഉമ്മൻ ചാണ്ടി തയ്യാറാകാത്തത് എന്നാണ് സൂചന. ഈ സാഹചര്യത്തിൽ അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ, നേമത്ത് കെ. മുരളീധരൻ എംപി കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നു സൂചന. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തതായാണു വിവരം.

മുരളീധരനെ ഡൽഹിയിലേക്കു വിളിപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മൽസരിക്കും. തൃപ്പൂണിത്തുറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും മൽസരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പട്ടാമ്പി, നിലമ്പൂർ സീറ്റുകളിൽ ശനിയാഴ്ച രാത്രി വൈകിയും തീരുമാനമായില്ല. ഈ സീറ്റുകളിൽ ഒഴികെയുള്ള മണ്ഡലങ്ങളിൽ പ്രഖ്യാപനം ഇന്നുണ്ടാകും.

ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ എംഎം ഹസനും കെസി ജോസഫിനും മത്സരിക്കാൻ സീറ്റില്ല. എംഎം ഹസനെ ആദ്യ റൗണ്ടിൽ തന്നെ വെട്ടി. കെസി ജോസഫിനെ അവസാന റൗണ്ടിൽ. സിറ്റിങ് എംഎൽഎമാരിൽ കെസി ജോസഫിന് മാത്രമാണ് സീറ്റ് നൽകാത്തത്. ഇതിൽ ഉമ്മൻ ചാണ്ടി ദുഃഖിതനാണ്. വിശ്വസ്തനായ വിഷ്ണുനാഥിന് ഉറച്ച സീറ്റ് നൽകാനുള്ള നീക്കവും പൊളിഞ്ഞു. കൊല്ലത്ത് മത്സരിക്കാനായിരുന്നു വിഷ്ണുനാഥിന് താൽപ്പര്യം. എന്നാൽ ബിന്ദു കൃഷ്ണയുടെ ഇടപെടലിൽ അതും പൊളിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബെന്നി ബെഹന്നാന് സീറ്റ് നിഷേധിച്ചതിന് സമാനമായിരുന്നു ഇത്തവണ കെസി ജോസഫിനെ വെട്ടിമാറ്റിയത്.

ഈ സാഹചര്യത്തിലാണ് നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാണ്ട് നിർദ്ദേശം ഉമ്മൻ ചാണ്ടി തള്ളികളഞ്ഞത്. തന്റെ വിശ്വസ്തർക്ക് സീറ്റ് നൽകിയാൽ നേമത്ത് മത്സരം എന്നതായിരുന്നു നിലപാട്. എന്നാൽ ജയസാധ്യതയ്ക്കാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാന പരിഗണനയെന്ന് ഹൈക്കമാണ്ട് വിശദീകരിച്ചു. യുവാക്കൾക്കും സ്ത്രീകൾക്കും മതിയായ പ്രാതനിധ്യം നൽകേണ്ടതുണ്ടെന്നും അറിയിച്ചു. ഇതോടെ ഹസനും കെസി ജോസഫും സീറ്റില്ലാത്തവരായി. കുണ്ടറയിൽ പിസി വിഷ്ണുനാഥിന് ജയസാധ്യത തീരെ കുറവാണ്. അതുകൊണ്ട് തന്നെ ഈ സീറ്റ് വിഷ്ണുനാഥ് ഏറ്റെടുക്കുമോ എന്ന് ഇനിയും വ്യക്തമല്ല. ഇതും ഉമ്മൻ ചാണ്ടിക്ക് വേദനയായി. ഇതോടെ നേമത്ത് കെ മുരളീധരന് സാധ്യത കൂടി.

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കണമെങ്കിൽ ഹൈക്കമാൻഡിന്റെ പ്രത്യേക അനുമതി വേണമെന്ന് നേരത്തെ നിർദ്ദേശം ഉയർന്നിരുന്നു. അഭിമാനപ്പോരാട്ടത്തിലൂടെ ബിജെപിയിൽ നിന്ന് നേമം പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലം അടുത്തിടെ മികച്ച പോരാട്ടത്തിലൂടെ കൈക്കലാക്കിയ കെ.മുരളീധരനെ രംഗത്തിറക്കുന്നതിലൂടെ ബിജെപിക്കെതിരെ നേമത്തും ശക്തമായ പോരാട്ടത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

നേമത്തു മൽസരിക്കാൻ സന്നദ്ധനാണെന്നും എവിടെ മൽസരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലും അനുസരിക്കുമെന്നും മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയെ നേമത്തു മൽസരിപ്പിക്കുമെന്ന വാർത്തകളെത്തുടർന്ന് ശനിയാഴ്ച പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ, ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദമാണെന്ന വിലയിരുത്തൽ എത്തി.

തുടർന്ന്, പ്രവർത്തകരുടെ വികാരം മാനിച്ച് പുതുപ്പള്ളിയിൽത്തന്നെ മൽസരിക്കുമെന്നും ഹൈക്കമാൻഡിനു തീരുമാനമെടുക്കാമെന്നും ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു. രണ്ടിടത്തു മൽസരിക്കാനില്ലെന്നു പറഞ്ഞ ഉമ്മൻ ചാണ്ടി, ഞായറാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും അറിയിച്ചിരുന്നു. നേമത്ത് കരുത്തനായ ഒരു നേതാവിനെ മൽസരത്തിനിറക്കി കേരളത്തിലാകെ കോൺഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ പേരുകൾ ഉയർന്നത്. ഉമ്മൻ ചാണ്ടി പിന്മാറിയതിനെ തുടർന്നാണ് ഹൈക്കമാൻഡ് മുരളീധരനോട് മൽസരിക്കാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.

എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി സിപിഎമ്മിലെ വി.ശിവൻകുട്ടി നേമത്ത് ഇതിനകം പ്രചാരണരംഗത്ത് സജീവമാണ്. ബിജെപി സ്ഥാനാർത്ഥിയായി നിലവിലെ നിയമസഭാംഗം ഒ.രാജഗോപാലിനു പകരം മുൻ സംസ്ഥാന പ്രസിഡന്റു കൂടിയായ കുമ്മനം രാജശേഖരൻ തന്നെയാകും നേമത്ത് രംഗത്തിറങ്ങുക.

തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിർദ്ദേശം ലഭിച്ചതായി കെ.ബാബു സ്ഥിരീകരിച്ചു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.ബാബു അറിയിച്ചു. ബാബുവിനെ തന്നെ ഇവിടെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന വികാരം പ്രാദേശിക നേതാക്കൾ ശനിയാഴ്ച സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു.

കൊല്ലത്ത് മൽസരിക്കാൻ അനുമതി ലഭിച്ചതായി ബിന്ദു കൃഷ്ണയും അറിയിച്ചു ഞായറാഴ്ച മുതൽ പ്രചാരണം തുടങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മൂന്നു മുന്നണികൾക്കും സ്വാധീനമുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ.പി.അനിൽകുമാറാകും കോൺഗ്രസ് സ്ഥാനാർത്ഥിയെന്നും സൂചനയുണ്ട്.