തിരുവനന്തപുരം: ഭരണതുടർച്ച ഉറപ്പിക്കുകയാണ് കോൺഗ്രസ്. ഇതിന് കാരണം ആലപ്പുഴയിലേയും കൊല്ലത്തേയും തിരുവനന്തപുരത്തേയും മത്സര മികവാണ്. തിരുവനന്തപുരത്ത് ഭൂരിപക്ഷം കിട്ടുന്നവർ നിയമസഭയിൽ പിടിമുറുക്കുമെന്നതാണ് എക്കാലത്തേയും കാഴ്ച. ഇത്തവണും തിരുവനന്തപുരം ജയിക്കുമെന്നാണ് കണക്കുകൂട്ടൽ. ബിജെപി കടന്നു കയറ്റം നഗരപ്രദേശത്തിൽ കോൺഗ്രസിന് വെല്ലുവിളിയാണ്. നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെൻട്രലും വട്ടിയൂർക്കാവിലും പ്രതീക്ഷകൾ കുറവാണ്. എന്നാൽ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ സംഘടനാ മികവ് തുണയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

80 സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. മുസ്ലിം ലീഗ് മലബാറിൽ കരുത്തു കാട്ടും. കൊല്ലത്ത് ആർ എസ് പിയും നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം തെക്കൻ കേരളത്തിലെ കോൺഗ്രസ് മുന്നേറ്റവും ഭരണത്തിലെത്താൻ യുഡിഎഫിന് തുണയാകും. ബിജെപിയുടെ വെല്ലുവിളിയെ ഈ മേഖലയിൽ തടയാൻ കോൺഗ്രസിന് കഴിഞ്ഞു. ക്രൈസ്തവ വോട്ടുകളെല്ലാം അനുകൂലമായി മാറി. എൻ എസ് എസിന്റെ ശബരിമല അനുകൂല പ്രസ്താവനയും നിർണ്ണയകമായെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഏഴ് സീറ്റുകൾ ആണുള്ളത്. ഇതിൽ ആറിലും ജയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. വാമനപുരത്ത് വമ്പൻ അട്ടിമറിയാണ് പ്രതീക്ഷിക്കുന്നത്. ചിറയിൻകീഴിലും കോൺഗ്രസിലെ യുവരക്തം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ പരിധിയിൽ കുറഞ്ഞത് അഞ്ച് സീറ്റാണ് കണക്കു കൂട്ടൽ. വർക്കലയിൽ ബിആർഎം ഷെറീഫും നെടുമങ്ങാട്ട് പ്രശാന്തും ജയിക്കുമെന്നാണ് കണക്കുകൂട്ടൽ. ആറ്റിങ്ങലിൽ കോൺഗ്രസിന് സംഘടനാ സംവിധാനം ദുർബലമായിരുന്നു. എന്നാൽ അടൂർ പ്രകാശ് തട്ടകം ആറ്റിങ്ങലിലേക്ക് മാറ്റിയപ്പോൾ കഥമാറി. എല്ലായിടത്തും പാർട്ടി സംവിധാനമായി. ഇതിന്റെ ഗുണം കോൺഗ്രസിന് കിട്ടുമെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി മൊത്തം 39 സീറ്റാണുള്ളത്. പതിനാലാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന സമയത്ത് ഇതിൽ 35 സീറ്റ് ഇടതുമുന്നണിയുടെ പക്കലാണ്. നാലു സീറ്റ് മാത്രമാണ് യു.ഡി.എഫിനുള്ളത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടൻ ഇത് 34-05 എന്ന നിലയിലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെപക്കലുണ്ടായിരുന്ന വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ ഇടതുമുന്നണിയും ഇടതുമുന്നണിയുടെ െകെവശമിരുന്ന അരൂർ യു.ഡി.എഫും പിടിച്ചെടുത്തു. ഇതാണ് തെക്കൻ കേരളത്തിലെ രാഷ്ട്രീയ ചിത്രം. ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇരുപതിലേറെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ആലപ്പുഴയിലും കൊല്ലത്തും വമ്പൻ അട്ടിമറികൾ സംഭവിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ഒഴികെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും യു.ഡി.എഫ്. വൻ മാർജിനിലാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മറിച്ചും. ആലപ്പുഴ ജില്ലയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും 2019ൽ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ച അരൂരും മാത്രമാണ് യു.ഡി.എഫിനു സ്വന്തമായുള്ളത്. തിരുവനന്തപുരത്തു വട്ടിയൂർക്കാവ്, കോവളം, അരുവിക്കര മണ്ഡലങ്ങൾ കയ്യിലുണ്ടായിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നഷ്ടപ്പെട്ടു. ഈ ചിത്രം മാറുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇതിനൊപ്പം തൃശൂരിലും മികവ് കാട്ടും. പത്തനംതിട്ടയിലും കുറഞ്ഞത് മൂന്ന് സീറ്റ ജയിക്കുമെന്നാണ് പ്രതീക്ഷ.

ഇടതുമുന്നണിക്കു തുടർഭരണം ഉറപ്പാക്കണമെങ്കിൽ തെക്കൻ കേരളത്തിലെ പകുതിയിലേറെ സീറ്റുകൾ നിലനിർത്തണം. യു.ഡി.എഫിനു തിരിച്ചു ഭരണത്തിലെത്താൻ കുറഞ്ഞപക്ഷം 20 സീറ്റെങ്കിലും ഇവിടെനിന്നു ലഭിക്കണം. ബിജെപി. പ്രതീക്ഷവയ്ക്കുന്ന കോന്നി, നേമം, തിരുവനന്തപുരം സെൻട്രൽ, കഴക്കൂട്ടം എന്നിവയും ഈ ജില്ലകളിലാണ്. ആഴക്കടലും ശബരിമലയും ഈ മണ്ഡലങ്ങളെ സ്വാധീനിക്കും. വടക്കൻ കേരളത്തിൽ ഇടതുമുന്നണിക്കു മേൽകൈ കിട്ടും. മധ്യ കേരളത്തിൽ കോൺഗ്രസിനും. മലപ്പുറം ലീഗിനൊപ്പാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ആ രീതിയല്ല പിന്തുടരുന്നത്. അതു കൊണ്ട് ഭരണമാറ്റം പലപ്പോഴും തീരുമാനിക്കുന്നത് ഈ ജില്ലകളാണ്.

ആലപ്പുഴയിൽ കായംകുളവും അമ്പലപ്പുഴയും ചേർത്തലയും പിടിക്കാമെന്ന വിശ്വാസം കോൺഗ്രസിനുണ്ട്. കൊല്ലത്ത് കുണ്ടറയും ചവറയും കരുനാഗപ്പള്ളിയും കൊല്ലവും കൊട്ടാരക്കരയും കോൺഗ്രസ് നോട്ടമിടുന്നു. തിരുവനന്തപുരത്ത് എല്ലായിടത്തും പൊരിഞ്ഞ ത്രികോണ പോരാട്ടമാണ്. എന്നാൽ അറ്റിങ്ങൽ മേഖലയിലെ സീറ്റിൽ ത്രികോണ ചൂട് കുറവും. ഇതാണ് കോൺഗ്രസിന് ആശ്വാസമാകുന്നത്. 42 കൊല്ലമായി ഇടതിനോട് ചേർന്ന് നിൽക്കുന്ന മണ്ഡലമാണ് വാമനപുരം. ഇത് പോലും പിടിക്കുമെന്ന് ആത്മവിശ്വാസത്തോടെ കോൺഗ്രസ് പറയുന്നതിന് കാരണം ശബരിമലയിലെ ഇഫ്കട് കൂടി പ്രതീക്ഷിച്ചാണ്.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ കോവളവും പാറശ്ശാലയും ജയിക്കാമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. എത്ര വലിയ പോരാട്ടം നടന്നാലും തിരുവനന്തപുരം സെൻട്രലും വി എസ് ശിവകുമാർ ജയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. കാട്ടക്കടയിലും നെയ്യാറ്റിൻകരയിലും നേമത്തും കടുത്ത പോരാട്ടവും.