കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനിയെ കോൺഗ്രസിനുള്ളിൽ നിന്നു തന്നെ കാലുവാരിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. സതീശൻ ന്യുനപക്ഷ വിരുദ്ധനാണെന്നും കെ.സുധാകരനെ ചതിച്ചയാളാണെന്നും മറ്റുമുള്ള വിവരങ്ങൾ അടങ്ങിയ ലഘുലേഖകളും പോസ്റ്ററുകളും തെരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ മിക്ക സ്ഥലങ്ങളിലും പ്രചരിപ്പിച്ചതായാണ് വിവരം.

ഇതിന് കണ്ണുരിലെ സുധാകരവിഭാഗത്തിലെ പ്രമുഖ നേതാക്കൾ തന്നെയാണ് ചുക്കാൻ പിടിച്ചതെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് നേതാവ് മാത്രമല്ല സുധാകരന്റെ മന:സാക്ഷി സുക്ഷിപ്പുകാരുൾപ്പെടെയുള്ള നേതാക്കൾ കൈയ് മെയ് മറന്ന് സഹായിച്ചതോടെയാണ് സതീശൻ പാച്ചേനിയുടെ അത്ഭുതകരമായ തോൽവി കോൺഗ്രസ് സാധിച്ചെടുത്തത് എന്നാണ് സൂചന.

ഈ യാഥാർത്ഥ്യം മനസിലാക്കിയതിനെ തുടർന്നാണ് ഡി.സി സി പ്രസിഡന്റ് സ്ഥാനം താൻ ഒഴിയാമെന്നും ഫലപ്രഖ്യാപനത്തിന്റെ തൊട്ടു പിറ്റേന്ന് പാച്ചേനി താൻ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞ് കൊണ്ട് വാർത്താ സമ്മേളനം നടത്തിയത്.
ന്യുനപക്ഷ വഞ്ചകനായ ന്യൂനപക്ഷ വഞ്ചകനായ സതീശനെ തിരിച്ചറിയുകയെന്ന തലക്കെട്ടോടെയാണ് നോട്ടീസ് കണ്ണൂർ മണ്ഡലത്തിൽ പ്രചരിച്ചത്. രക്ഷകനായ കെ.സുധാകരനെ ചതിച്ചവന് മാപ്പില്ലെന്നും ലഘുലേഖയിൽ പറയുന്നുണ്ട്.

കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലിറങ്ങിയ ലഘുലേഖയൊടൊപ്പം പോസ്റ്ററുകളും പതിച്ചതായി ഡി.സി.സി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോൺഗ്രസിലെ എ ഗ്രൂപ്പു കാരനായ പാച്ചേനി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തെ ഒഴിവാക്കി കണ്ണുരിൽ സുധാകരവിഭാഗത്തിലേക്ക് ചേരി മാറുകയായിരുന്നു.

കണ്ണുർസിറ്റ് മത്സരിക്കാൻ ലഭിക്കുന്നതിന് വേണ്ടിയാണ് സതീശൻ പാച്ചേനി കാലുമാറിയതെന്നാണ് ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നത്. എല്ലാ മാനദണ്ഡങ്ങളും അട്ടിമറിച്ചാണ് സിറ്റിങ്ങ് എം.എൽഎയായ അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി സതീശൻ പാച്ചേനി മത്സരിച്ച തെന്നും ലഘുലേഖയിൽ കുറ്റപെടുത്തുന്നു സിറ്റിങ് എംഎ‍ൽഎയായ അബ്ദുള്ളക്കുട്ടിയെ മാറ്റിയത് ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത അതൃപ്തി സൃഷ്ടിച്ചിരുന്നുവെന്നും അവരുടെ വോട്ടു ലഭിക്കാതെ സതീശൻ പാച്ചേനി പരാജയം ഏറ്റുവാങ്ങിയെന്നും ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഐ.എൻ ടി.യു.സി നേതാവായ കെ.സുരേന്ദ്രന് മാറ്റി വെച്ച സീറ്റാണ് സതീശൻ പാച്ചേനി കൈക്കലാക്കിയത്.

പിന്നീട് ഇതേ സുരേന്ദ്രനിൽ നിന്നും ഡി.സി.സി പ്രസിഡന്റ് സ്ഥാനവും തട്ടിപ്പറിച്ചെടുത്തെന്നും ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നു. സഹപ്രവർത്തകരോടും പാർട്ടി പ്രവർത്തകരോടും അനുഭാവപൂർവ്വം പെരുമാറനറിയാത്ത നേതാവാണ് പാച്ചേനി .ഇയാൾഡി.സി.സി പ്രസിഡന്റായ വേളയിലാണ് ഏറ്റവും കൂടുതൽ നേതാക്കൾ പാർട്ടി വിട്ടു പോന്നത്. ഒക്കച്ചങ്ങാതിയായി കൂടി കെ.സുധാകരനെ വഞ്ചിച്ച നേതാവാണ് സതീശൻ പാച്ചേനിയെന്ന ആരോപണവും ലഘുലേഖയിൽ ഉയർത്തുന്നുണ്ട്.

ആദ്യം കണ്ണുർ മണ്ഡലത്തിൽ മത്സരിക്കാൻ സീറ്റും ഡി.സി.സി അധ്യക്ഷ പദവിയും വാങ്ങിയെടുത്ത പാച്ചേനി പിന്നീട് കെ.സി വേണുഗോപാലിനൊപ്പം കളം മാറിയത് കോൺഗ്രസിലെ ഫയർബ്രാൻഡായ കെ.സുധാകരനെ വഞ്ചിച്ചു കൊണ്ടാണെന്ന് ഇതിനോടൊപ്പം പതിച്ച പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഇത്തരം പോസ്റ്ററുകളും ലഘുലേഖകളും ദൃശ്യമായ കോൺഗ്രസ് സ്വാധീന പ്രദേശങ്ങളിൽ വരെ സതീശൻ പാച്ചേനിക്ക് വോട്ടു ഗണ്യമായ രീതിയിൽ കുറഞ്ഞിട്ടുണ്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി പോലും പ്രതീക്ഷിക്കാത്ത വിജയം ഇതോടെയാണ് ലഭിച്ചതെന്നാണ് വിലയിരുത്തൽ.