- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയുടെ പിന്തുണ ഉറപ്പിച്ചതോടെ നിയമസഭാ കക്ഷിയിൽ ഇപ്പോൾ ചെന്നിത്തലയ്ക്ക് മഹാഭൂരിപക്ഷം; സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കെസി വേണുഗോപാൽ ചരടു വലിക്കുന്നത് നേതൃമാറ്റമെന്ന പ്രവർത്തകരുടെ വികാരം മുതലെടുത്ത്; പിടി തോമസിനെ യുഡിഎഫ് കൺവീനറും സുധാകരനെ കെപിസിസി പ്രസിഡന്റുമാക്കി വൻ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ട്
തിരുവനന്തപുരം: കെ സുധാകരനിലാണ് കോൺഗ്രസ് അണികളുടെ പ്രതീക്ഷ. തിരിച്ചു വരവിന് സംഘടന അടിമുടി മാറണം. ഇതിന് സുധാകരനേ കഴിയൂവെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. നെഞ്ചു വിരിച്ച് സിപിഎമ്മിനെ നേരിടാൻ പിടി തോമസും വേണം. ഈ വികാരം മുതലെടുത്ത് രമേശ് ചെന്നിത്തലയെ വെട്ടാനാണ് കെസി വേണുഗോപാലിന്റെ ശ്രമം. വിഡി സതീശനെ പ്രതിപക്ഷ നേതാവക്കണമെന്നതാണ് ആവശ്യം. എന്നാൽ സുധാകരൻ കെപിസിസി അധ്യക്ഷനാകുന്നത് അംഗീകരിക്കാനും പറ്റുന്നില്ല ഏതായാലും വൻ പ്രഖ്യാപനങ്ങൾ കോൺഗ്രസ് ഹൈക്കമാണ്ട് നടത്തുമെന്നാണ് സൂചന.
ഒന്നാം പിണറായി സർക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് യുഡിഎഫിന്റെ പടനയിച്ച രമേശിനെ മാറ്റുന്നത് അനീതിയാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. ഇതിൽ ശരിയുമുണ്ട്. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്നത്. എ ഗ്രൂപ്പിന്റെ പിന്തുണ കൂടിയുള്ളതിനാൽ എംഎൽഎമാരിൽ ബഹുഭൂരിഭാഗവും ചെന്നിത്തലയെയാണ് പിന്തുണയ്ക്കുന്നത്. എന്നാൽ നേതൃമാറ്റമെന്ന പ്രവർത്തകരുടെ വികാരം ഉയർത്തി ചെന്നിത്തലയെ പുറത്താക്കാനാണ് നീക്കം. ഇതോടെ ഐ ഗ്രൂപ്പിൽ ചെന്നിത്തലയുടെ പ്രസക്തി കുറയും. ഗ്രൂപ്പ് നേതാവായി കെസി വേണുഗോപാൽ മാറുകയും ചെയ്യും.
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയോടെ വി.ഡി. സതീശൻ നേതാവായേക്കുമെന്ന സൂചനകൾ ശക്തമായെങ്കിലും ഹൈക്കമാൻഡ് സ്ഥിരീകരിച്ചില്ല. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നു; മാറ്റില്ലെന്ന് അവർ പ്രതീക്ഷിക്കുന്നു.പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് എംഎൽഎമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ഖർഗെ നടത്തിയ കൂടിക്കാഴ്ചയിൽ, ഭൂരിഭാഗം പേരും തങ്ങളെയാണ് അനുകൂലിച്ചതെന്ന പ്രതീക്ഷ രമേശും സതീശനും ഒരുപോലെ പങ്കുവയ്ക്കുന്നു.
എന്നാൽ കൂടുതൽ പേരും പിന്തുണച്ചത് ചെന്നിത്തലയെ ആയിരുന്നു. ഐ ഗ്രൂപ്പിലെ വിള്ളലിനെ എ ഗ്രൂപ്പിന്റെ പിന്തുണയിൽ ചെന്നിത്തല തകർത്തു. അതിനിടെ കെപിസിസി പ്രസിഡന്റായി കെ. സുധാകരനെയും യുഡിഎഫ് കൺവീനറായി പി.ടി. തോമസിനെയും നിയോഗിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു. എന്നാൽ, ഈ പദവികളിലെ തീരുമാനങ്ങൾ വൈകാനാണു സാധ്യത. പ്രതിപക്ഷനേതൃപദവിയിൽ നിന്നു മാറുന്നതു സംബന്ധിച്ച് ഹൈക്കമാൻഡിൽ നിന്ന് ഒരു സന്ദേശവും ചെന്നിത്തലയ്ക്കു ലഭിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ പിന്തുണയും രമേശിനുണ്ട്.
ഇരുവരെയും മറികടന്നുള്ള തീരുമാനത്തിന് ഹൈക്കമാൻഡ് മുതിർന്നാൽ, സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ചലനമുണ്ടാകും. രമേശിനു പിന്തുണ നൽകുന്നതിനു പകരം കെപിസിസി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനും അതിലേക്ക് മുതിർന്ന നേതാവ് കെ.സി. ജോസഫിന്റെ പേര് മുന്നോട്ടു വയ്ക്കാനും എ ഗ്രൂപ്പ് ആലോചിക്കുന്നു. ഇതു നടക്കാൻ ഇടയില്ല. കെപിസിസി അധ്യക്ഷനായി സുധാകരന് തന്നെയാണ് കൂടുതൽ സാധ്യത.
പ്രതിപക്ഷ നേതൃതലത്തിൽ മാറ്റം അനിവാര്യമാണെന്നു വാദിക്കുന്ന യുവ എംഎൽഎമാരിൽ ചിലരാണു സതീശനു പിന്നിലുള്ളത്. കെ. സുധാകരൻ അടക്കമുള്ള ഏതാനും എംപിമാരും നേതൃമാറ്റത്തെ അനുകൂലിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ