ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ഏഴാം വാർഷിക വേളയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ്. എല്ലാരംഗത്തും പരാജയപ്പെടുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്ത ബിജെപി സർക്കാർ രാജ്യത്തിന് ദോഷമാണ് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഭരണത്തിൽ ഏഴുവർഷം പൂർത്തിയാക്കിയ മോദി സർക്കാർ കടുത്ത ദുരിതവും അളക്കാനാവാത്ത നാശനഷ്ടവും യാതനകളുമാണ് രാജ്യത്തിനും 140 കോടി ജനങ്ങൾക്കും സമ്മാനിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

മോദി സർക്കാർ ചെയ്തുകൂട്ടിയ തെറ്റുകൾ അക്കമിട്ട് നിരത്തുന്ന കുറ്റപത്രം ഇന്ന് കോൺഗ്രസ് പുറത്തിറക്കിയിരുന്നു. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രസർക്കാർ ഒളിച്ചോടിയെന്ന് അതിൽ കുറ്റപ്പെടുത്തിയിരുന്നു. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം, കോവിഡ് നേരിടുന്നതിലുണ്ടായ വീഴ്ച എന്നിവ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ പ്രധാനമന്ത്രിയുടെ 'മൻ കി ബാത്തി'നെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. കോവിഡ് മഹാമാരിയെ നേരിടാൻ അർഥശൂന്യമായ വാക്കുകൾ മാത്രം പോരെ ഇച്ഛാശക്തിയും ശരിയായ നയങ്ങളും നിശ്ചയദാർഢ്യവുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം നേരിടേണ്ടിവരുന്ന മഹാമാരിയെന്ന് പ്രധാനമന്ത്രിതന്നെ വിശേഷിപ്പിച്ച കാലഘട്ടത്തിലൂടെ ലോകം കടന്നുപോകുന്നതിനിടെയാണ് നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാർ കേന്ദ്ര ഭരണത്തിൽ ഏഴ് വർഷം പൂർത്തിയാക്കുന്നത്.

കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ സഖ്യത്തെ പരാജയപ്പെടുത്തി 2014 ലാണ് എൻഡിഎ സഖ്യം കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 282 സീറ്റുകളാണ് ബിജെപി നേടിയത്. 2019 ൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തി. ബിജെപി 303 സീറ്റുകളാണ് നേടിയത്.