- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരന് കെപിസിസി; വിഡി സതീശന് പ്രതിപക്ഷം; ചെന്നിത്തലയ്ക്ക് പഞ്ചാബും? ഹൈക്കമാണ്ട് പരിഗണന വിശാല ഐ ഗ്രൂപ്പിന് മാത്രം; ഉമ്മൻ ചാണ്ടി കട്ടക്കലിപ്പിൽ; എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം മുൻ മുഖ്യമന്ത്രി രാജിവച്ചേക്കും; എ ഗ്രൂപ്പിനെ തകർക്കാനുള്ള ഗൂഢാലോചനയിൽ പുകഞ്ഞ് കോൺഗ്രസ് രാഷ്ട്രീയം
തിരുവനന്തപുരം: രമേശ് ചെന്നിത്തല എഐസിസി ജനറൽ സെക്രട്ടറിയാകും. പ്രവർത്തക സമിതിയിലും അംഗമാക്കും. പഞ്ചാബിന്റെ ചുമതലയാകും നൽകുക. ഗുജറാത്ത് എടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് തോൽക്കാൻ ഏറെ സാധ്യതയുള്ള ഗുജറാത്തിൽ ചെന്നിത്തല താൽപ്പര്യമില്ല. ഈ സാഹചര്യത്തിൽ പഞ്ചാബിന്റെ ചുമതല നൽകിയേക്കും.
സംസ്ഥാന കോൺഗ്രസിലെ അനുനയശ്രമങ്ങളുടെ ഭാഗമായി രാഹുൽഗാന്ധിയുമായി ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് രമേശ് ചെന്നിത്തല നടത്തിയിരുന്നു. പ്രതിപക്ഷനേതാവ്, കെപിസിസി. പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലേക്ക് നടന്ന നിയമനങ്ങളിൽ എ, ഐ ഗ്രൂപ്പുകൾ അതൃപ്തിയിലാണ്. ഈ സാഹചര്യത്തിലാണ് ക്ഷണിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിയോട് ഈ പരിഗണന ഹൈക്കമാണ്ട് കാട്ടിയുമില്ല. ഇതിൽ ഉമ്മൻ ചാണ്ടി വേദനയിലാണ്. അതുകൊണ്ട് എഐസിസിയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഉമ്മൻ ചാണ്ടി രാജിവയ്ക്കുമെന്നും സൂചനയുണ്ട്.
കേരളത്തിലെ നേതൃമാറ്റത്തിനു ശേഷം ആദ്യമായാണ് സംസ്ഥാനത്തുനിന്നുള്ള നേതാവിനെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിക്കുന്നത്. പദവിക്കായി അവകാശവാദമുന്നയിച്ച് മുതിർന്ന നേതാവ് കെ.വി. തോമസും ഏതാനും ദിവസങ്ങളായി ഡൽഹിയിലുണ്ട്. ചില മുതിർന്ന നേതാക്കളുമായി അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തി. എന്നാൽ ഫലമൊന്നും ഉണ്ടായില്ല. സംസ്ഥാനത്തെ തീരുമാനങ്ങൾ രാഹുൽ ഗാന്ധിക്കു വിട്ടിരിക്കുകയാണു സോണിയ ഗാന്ധി തോമസിനെ അറിയിച്ചെന്നും സൂചനയുണ്ട്. ഇതെല്ലാം ഐ ഗ്രൂപ്പിന് മാത്രം ഹൈക്കമാണ്ട് നൽകുന്ന പരിഗണനയ്ക്ക് തെളിവാണ്.
പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതിലും സംഘടനാ പുനഃസംഘടനയിലും ഉമ്മൻ ചാണ്ടിയുടെ വാദമൊന്നും ആരും കേട്ടില്ല. കെപിസിസി അധ്യക്ഷനായ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഐ ഗ്രൂപ്പുകാരാണ്. മൂന്ന് കെപിസിസി വർക്കിങ് പ്രസിഡന്റുമാർ ഐ ഗ്രൂപ്പിന് പുറത്തുള്ളവരും. പിടി തോമസും ടി സിദ്ദിഖും എ ഗ്രൂപ്പുകാരാണ്. ഇതിൽ പിടി തോമസിന് എ ഗ്രൂപ്പുമായി അടുത്ത ബന്ധമൊന്നുമില്ല. ആന്റണിയോടാണ് താൽപ്പര്യം. സിദ്ദിഖും കളമാറിയാണ് സ്ഥാനം നേടിയത്. മൂന്നാമത്തെ വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും ആന്റണിയുടെ നോമിനിയാണ്. അങ്ങനെ എല്ലാ അർത്ഥത്തിലും ഉമ്മൻ ചാണ്ടി അവഗണിക്കപ്പെട്ടു.
വിഷ്ണുനാഥിനെ വർക്കിങ് പ്രസിഡന്റാക്കാനായിരുന്നു ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. അതും നടന്നില്ല. ഇത്തരത്തിൽ തഴയപ്പെട്ടിട്ടും ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കാൻ ഹൈക്കമാണ്ട് ഒന്നും ചെയ്തില്ല. വിശാല ഐ ഗ്രൂപ്പിന്റെ കെട്ടുറപ്പ് തകരാതിരിക്കാൻ ഹൈക്കമാണ്ട് ചെന്നിത്തലയേയും പരിഗണിക്കുന്നു. ഇതിന് പിന്നിൽ കെസി വേണുഗോപാലാണെന്ന് ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി കടുത്ത നിലപാടുകളെ കുറിച്ച് ആലോചിക്കുന്നത്. പുതുപ്പള്ളിയിലെ എംഎൽഎയായി മാറാനാണ് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം.
പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്നതിന് ഹൈക്കമാൻഡ് അഭിപ്രായം തേടിയപ്പോൾ എ, ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ മറികടന്ന് യുവ എംഎൽഎ.മാർ അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. ഒപ്പമുണ്ടായിരുന്നവർ തന്നെ അവസാനനിമിഷം തള്ളിപ്പറഞ്ഞുവെന്ന് കഴിഞ്ഞദിവസം ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. ഇതൊക്കെ രാഷ്ട്രീയത്തിൽ സംഭവിക്കാവുന്നതാണെന്നും വിശ്വസിച്ചവർ എപ്പോഴും ഒപ്പമുണ്ടാകണമെന്നില്ലെന്നും അവർക്കും അഭിപ്രായം ഉണ്ടാകാമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇതിന് മറുപടി നൽകിയിരുന്നു. ഇങ്ങനെ പറയുമ്പോഴും ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും ഹൈക്കമാണ്ട് പരിഗണന നൽകുന്നുണ്ട്.
ഇതിനിടെ എ ഗ്രൂപ്പ് ടി. സിദ്ദിഖ്, ഷാഫി പറമ്പിൽ എന്നിവരെ പരിപാടികളിൽനിന്ന് ഒഴിവാക്കാൻ നിർദ്ദേശിച്ചുവെന്നതരത്തിൽ പ്രചാരണമുണ്ടായി. കെ.സി. ജോസഫ് ഇതിനെതിരേ രംഗത്തുവന്നു. സിദ്ദിഖും ഷാഫിയും സമുന്നതരായ നേതാക്കന്മാരാണ്. കോൺഗ്രസിൽനിന്ന് അത്തരമൊരു നിർദ്ദേശം ഒരു തട്ടിലുമുണ്ടായിട്ടില്ല. ഇത് നേതാക്കന്മാരെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കെ.സി. ജോസഫ് പറഞ്ഞു. പ്രതിപക്ഷനേതാവിനെ സംബന്ധിച്ച ചർച്ചയിൽ ഇരുവരും ഗ്രൂപ്പ് നിർദ്ദേശം ലംഘിച്ചുവെന്ന വാർത്തകളും ഉമ്മൻ ചാണ്ടിയെ അലോസരപ്പെടുത്തുന്നുണ്ട്.
ഇതിനിടെ സ്ഥാനമൊഴിഞ്ഞ കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അർഹമായ സ്ഥാനം നൽകേണ്ടതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാൽ ചെന്നിത്തലയെ മാത്രമേ ഈ ഘട്ടത്തിൽ ഹൈക്കമാണ്ട് പരിഗണിക്കുന്നുള്ളൂ.
ഐ ഗ്രൂപ്പ് എന്നാൽ ഇന്ദിര
സംസ്ഥാന നേതൃത്വത്തെ വെട്ടി പ്രതിപക്ഷ നേതാവിനെ ഹൈക്കമാൻഡ് ഏകപക്ഷീയമായി തീരുമാനിച്ച രീതിയിൽ പരിഭവമുള്ള രമേശ് ചെന്നിത്തല തനിക്ക് ഇന്ദിരാ കുടുംബവുമായുള്ള ആത്മബന്ധം വിശദീകരിച്ച് ട്വീറ്റുകൾ നടത്തിയിരുന്നു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ദേശീയ നേതൃത്വത്തിലേക്കു ചെന്നിത്തലയെ കൊണ്ടു വരുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ ട്വീറ്റുകൾ എത്തിയത്.
അടിയന്തിരമായി ഡൽഹിയിൽ എത്തിച്ചേരാൻ 39 വർഷം മുൻപ് രാജീവ് ഗാന്ധി നിർദ്ദേശിച്ചത് ട്വിറ്ററിൽ ഓർമിപ്പിച്ചാണ് മുൻ പ്രതിപക്ഷ നേതാവ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടത്.. തിരക്കിട്ട് ഡൽഹിയിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നിർദ്ദേശിച്ച പശ്ചാത്തലത്തിലാണ് പഴയ സംഭവം ചെന്നിത്തല ട്വീറ്റ് ചെയ്തത്. 'തൊട്ടടുത്ത ദിവസം ഡൽഹിയിൽ എത്തണമെന്നു ആവശ്യപ്പെട്ട് 39 വർഷം മുൻപ് രാജീവ് ഗാന്ധിയുടെ ഫോൺ എനിക്കു വന്നു. സുഹൃത്തുക്കൾ പണം സമാഹരിച്ചാണ് അന്നു വിമാന ടിക്കറ്റ് എടുത്തു തന്നത്. എന്നെ കണ്ട രാജീവ് ഗാന്ധിയുടെ വാക്കുകൾ ഇതായിരുന്നു. 'താങ്കൾ എൻഎസ്‌യു പ്രസിഡന്റായി ചുമതലയേൽക്കാൻ പോകുന്നു. '
'ഓർമവഴിയേ' എന്ന ഹാഷ്ടാഗിൽ ഇന്ദിരഗാന്ധി , രാജീവ് , കെ. കരുണാകരൻ എന്നിവർക്കൊപ്പമുള്ള പഴയ ചിത്രങ്ങളും സംഭവങ്ങളും ചെന്നിത്തല കുറച്ചു ദിവസങ്ങളായി ട്വീറ്റ് ചെയ്യുന്നുണ്ട്. ഐ ഗ്രൂപ്പ് എന്നാൽ ഇന്ദിരാ ഗാന്ധിയെ അനുകൂലിക്കുന്നവർ എന്ന ചർച്ചകൾ സജീവമാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ