ന്യൂഡൽഹി: രാജ്യം ചരിത്രനേട്ടങ്ങൾ സ്വന്തമാക്കുമ്പോഴെല്ലാം ഇന്ത്യയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. പ്രതിദിന വാക്സിനേഷൻ കണക്കിൽ റെക്കോർഡ് നേട്ടം സൃഷ്ടിച്ചെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് നഡ്ഡയുടെ പ്രതികരണം.

'ഇന്ത്യ മുടന്തിനീങ്ങുകയല്ല, പൗരന്മാരുടെ കരുത്തിൽ കുതിക്കുകയാണ്. തിങ്കളാഴ്ചത്തെ റെക്കോർഡ് നേട്ടത്തിനു ശേഷമുള്ള അടുത്ത രണ്ട് ദിവസങ്ങളിലും രാജ്യത്ത് 50 ലക്ഷം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.' എന്നാൽ ഇത് കോൺഗ്രസിന് ഇഷ്ടമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച വാക്‌സിനേഷനിൽ റെക്കോർഡ് സ്ഥാപിക്കുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിന് മുമ്പുള്ള ദിവസങ്ങളിൽ വാക്‌സിനേഷൻ കാര്യമായി നടത്താതെ പൂഴ്‌ത്തിവെച്ചെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പി ചിദംബരം കേന്ദ്രത്തിനെതിരെ പരിഹാസമുന്നയിച്ചത്.

ഞായറാഴ്ച പൂഴ്‌ത്തിവെക്കും. തിങ്കളാഴ്ച വാക്‌സിനേഷൻ നടത്തും. ചൊവ്വാഴ്ച വീണ്ടും പിന്നോട്ട് പോകും. അതാണ് പ്രതിരോധ കുത്തിവെപ്പിന്റെ ലോക റെക്കോർഡിന് പിന്നിലെ രഹസ്യം' എന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്. ഇതിനെതിരെയാണ് ബിജെപി ദേശീയ നേതാവ് രംഗത്തെത്തിയത്.

രാജ്യത്ത് വാക്‌സിൻ വിതരണത്തിൽ തിങ്കളാഴ്ച റെക്കോഡിടുകയും ചൊവ്വാഴ്ച ഗണ്യമായി കുറയുകയും ചെയ്തിരുന്നു. തിങ്കളാഴ്ച 88 ലക്ഷം ഡോസുകൾ വിതരണം ചെയ്തപ്പോൾ ചൊവ്വാഴ്ച വിതരണം ചെയ്യാനായത് 54.22 ലക്ഷം ഡോസ് വാക്‌സിനായിരുന്നു.