തിരുവനന്തപരും: നിയമസഭാ തെരഞ്ഞെടുപ്പിന് നൽകിയ 30 കോടി കൈപ്പറ്റിയ ഉന്നതൻ അത് താഴേയ്ക്ക് കൈമാറിയില്ലെന്ന പരാതിയിൽ ദേശീയ നേതൃത്വത്തിന് വിശദീകരണം നൽകേണ്ടിവരുമെന്നാണ് സൂചന പുറത്തു വന്നതോടെ കോൺഗ്രസിൽ പുതിയ ചർച്ചകൾ. മെട്രോ വാർത്തയിൽ എംബി സന്തോഷാണ് കഴിഞ്ഞ ദിവസം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. മുതിർന്ന മാധ്യമപ്രവർത്തകന്റെ ഈ റിപ്പോർട്ട് കോൺഗ്രസ് ഗ്രൂപ്പുകളിലും വലിയ ചർച്ചയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് നൽകിയ 30 കോടി കൈപ്പറ്റിയ ഉന്നതൻ അത് താഴേയ്ക്ക് കൈമാറിയില്ലെന്ന പരാതി ഹൈക്കമാണ്ടിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അന്ന് ഗ്രൂപ്പിലെ രണ്ടാമന് സ്വന്തം ഗ്രൂപ്പിലെ സ്ഥാനാർത്ഥികൾക്ക് നൽകാനായി ഈ തുക കൈമാറിയെന്നാണ് ഉന്നതന്റെ വിശദീകരണം. പണം കൈമാറിയതിൽ വീഴ്ച പറ്റി എന്ന വിലയിരുത്തലിൽ ഉന്നതനെ ദേശീയ നേതൃത്വം പദവിയിൽനിന്ന് മാറ്റിയിരുന്നു. അത് ഈ 30 കോടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിച്ചില്ലെന്ന പരാതിയെ തുടർന്നായിരുന്നുവെന്നും സന്തോഷ് റിപ്പോർ്ട്ട് ചെയ്തിരുന്നു. ഇതിന്റെ ചർച്ചകൾ പുറത്തു വന്നതിന് പിന്നാലെ ഇന്നും മെട്രോ വാർത്തയിൽ പുതിയ വെളിപ്പെടുത്തലുകളുണ്ട്.

കോൺഗ്രസിന് തെരഞ്ഞെടുപ്പ് കാലത്ത് പണമെത്തിച്ചത് ആംബുലൻസിലാണെന്നാണ് എംബി സന്തോഷ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് രോഗികളെ കൊണ്ടുവരുന്നെന്ന പ്രതീതിയിൽ പണം കൊണ്ടുവരികയായിരുന്നെന്നാണ് വിവരം. രാജസ്ഥാനിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ഒരാളുമായ അശോക് ഗെലോട്ട് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉടൻ കേന്ദ്ര ഏജൻസികൾ അദ്ദേഹം എത്തിയ പ്രത്യേക വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കൾ ഇത് പ്രതീക്ഷിച്ചിരുന്നതിനാൽ ആ വിമാനത്തിൽനിന്ന് പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനുശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം എത്തിക്കാൻ പുതിയ മാർഗങ്ങൾ ആവിഷ്‌കരിച്ചതെന്നാണ് വിവരമെന്നാണ് വാർത്തയിൽ പറയുന്നത്.

അയൽ സംസ്ഥാനത്തെ ബിസിനസുകാരനായ പിസിസി പ്രസിഡന്റ് തലസ്ഥാനത്ത് നേരിട്ടെത്തിയാണ് 30 കോടി രൂപ കോൺഗ്രസിലെ ഉന്നതന് കൈമാറിയത് എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ എക്‌സ്‌ക്ലൂസീവ്. ഇത്തവണ അധികാരം ഉറപ്പാണെന്നും പണമില്ലായ്മ തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനോട് പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന്, അധികാരത്തിലെത്തുമെന്ന് ഉറപ്പാണോ എന്ന് എഐസിസി നേതൃത്വം ആരാഞ്ഞു. അതിൽ ആർക്കും സംശയം പോലുമില്ലെന്നായിരുന്നു ഗ്രൂപ്പുനേതാക്കൾ ഉൾപ്പെടെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ നൽകിയ മറുപടി. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിവിധ പ്രാദേശിക കോൺഗ്രസ് നേതൃത്വങ്ങളോട് സഹായമെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഉന്നതന്റെ കൈയിൽ കിട്ടിയ പണം സാധാരണഗതിയിൽ അദ്ദേഹത്തിന്റെ പെഴ്‌സണൽ സ്റ്റാഫ് പോലെ പ്രവർത്തിക്കുന്ന വ്യക്തിയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, ആ വ്യക്തി ഉന്നതൻ മത്സരിക്കുന്ന മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കാര്യങ്ങളുടെ ചുമതല ഏറ്റെടുത്ത് അവിടെയായിരുന്നു. അതിനാൽ തന്റെ 'അടുത്ത' ആളും ഗ്രൂപ്പിലെ രണ്ടാമനുമായ ആളിന് ഈ തുക കൈമാറി സ്വന്തം ഗ്രൂപ്പുകാരായ സ്ഥാനാർത്ഥികൾക്ക് നിശ്ചിത തുക വീതം കൈമാറാൻ ഉന്നതൻ ചുമതലപ്പെടുത്തുകയായിരുന്നുവത്രേ. സംശുദ്ധ പ്രതിച്ഛായയുള്ള ഈ രണ്ടാമൻ അതുവരെ ഒരു സംശയത്തിനും ഇടനൽകുകയോ, സാമ്പത്തികകാര്യങ്ങളിൽ മോശപ്പെട്ട രീതിയിൽ ഇടപെടുകയോ ചെയ്തിരുന്നില്ല.

തെരഞ്ഞെടുപ്പിനുശേഷമാണ് ഈ 30 കോടിരൂപ കിട്ടേണ്ടവർക്ക് കിട്ടിയില്ലെന്ന വിവരം ഹൈക്കമാൻഡിന് മുന്നിലെത്തിയത്. അതേ തുടർന്നുള്ള ഹൈക്കമാൻഡിന്റെ അതൃപ്തിയാണ് ഉന്നതന്റെ സ്ഥാനനഷ്ടത്തിന് കാരണമെന്നാണ് കരുതുന്നത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവരിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഉന്നതനെ മാറ്റാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ച് ഉടൻ എഐസിസി നേതൃത്വം ഉന്നതന്റെ വിശദീകരണം തേടുമെന്നാണ് വിവരം. അതേസമയം, ഉന്നതൻ വസ്തുതകൾ അടുത്ത ആളുകളോട് പങ്കുവച്ചതോടെ കോൺഗ്രസിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നും വാർത്തയിൽ പറഞ്ഞിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ഇന്ന് ആംബുലൻസിലാണ് പണം എത്തിയത് എന്നും റിപ്പോർട്ട് ചെയ്യുന്നത്. ഗ്രൂപ്പുനേതാക്കൾക്ക് പണം നൽകിയതിന് പുറമെ കോൺഗ്രസ് ദേശീയ നേതൃത്വം കെപിസിസി മുഖേനയും പണം നൽകിയിട്ടുണ്ട്. അപ്രകാരം നൽകിയ പണത്തിൽ ഒരു നിശ്ചിത തുക കെപിസിസിയിൽനിന്ന് ഈ പണം നൽകാൻ ചുമതലപ്പെടുത്തിയവർ കൈപ്പറ്റിയതായും ആരോപണമുയർന്നുവെന്നും വാർത്തയിൽ വിശദീകരിക്കുന്നു.