തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടി പിടിക്കാൻ കോൺഗ്രസിൽ കരുനീക്കം സജീവം. എല്ലാ ജില്ലാകളിലും അധിപത്യം നേടാനാണ് കെ സുധാകരനും വിഡി സതീശനും കെസി വേണുഗോപാലും അടങ്ങുന്ന പുതിയ ഗ്രൂപ്പിന്റെ നീക്കം. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തിയത്. തന്റെ അതിവിശ്വസ്തരെ വെട്ടിവീഴ്‌ത്താനാണ് സുധാകരന്റെ ശ്രമമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. തിരുവനന്തപുരത്ത് എംഎ ലത്തീഫിനെ പുറത്താക്കിയത് ഇതിന്റെ ആദ്യ പടിയാണ് എന്ന് ഉമ്മൻ ചാണ്ടി കരുതുന്നു. അതിനിടെ ലത്തീഫിനെതിരെ കൂടുതൽ ശക്തമായ നടപടികൾക്ക് ഔദ്യോഗിക പക്ഷം കടക്കുകയാണ്.

കെപിസിസി. മുൻ ഭാരവാഹി എം.എ. ലത്തീഫിന്റെ പേരിൽ സ്വീകരിച്ച അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ കെപിസിസി. രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി വിഭാഗത്തിന്റെ തിരുവനന്തപുരത്തെ വിശ്വസ്തനായ നേതാവാണ് ലത്തീഫ്. ഒരു നോട്ടീസ് പോലും നൽകാതെ അദ്ദേഹത്തിനെതിരേ നടപടിയെടുത്തത് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾക്കു വഴിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് സമിതിയെ നിയോഗിച്ചത്. കെപിസിസി. ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, അഡ്വ. പി.എം. നിയാസ് എന്നിവരാണ് സമിതിയംഗങ്ങൾ. ഇതിനിടെ കോഴിക്കോട്ടെ ഗ്രൂപ്പ് മീറ്റിംഗിൽ നടപടിയുമില്ല. ടി സിദ്ദിഖ് വർക്കിങ് പ്രസിഡന്റായതു കൊണ്ടാണ് ഇത്.

സിദ്ദിഖിനെ അനുകൂലിക്കുന്നവരാണ് കോഴിക്കോട് യോഗം ചേർന്നത്. ചിത്രമെടുക്കാൻ എത്തിയ മാധ്യമ പ്രവർത്തകരെ രഹസ്യ യോഗത്തിന്റെ സംഘാടകർ തല്ലി. എന്നാൽ ഇത് ഗ്രൂപ്പ് യോഗമല്ലെന്ന് ഡിസിസി അറിയിച്ചു. സിദ്ദിഖിനെതിരെ നടപടി എടുക്കാതിരിക്കാനുള്ള തന്ത്രമാണ് ഇത്. അംഗത്വ വിതരണത്തിലും ഔദ്യോഗിക പക്ഷം കരുതലോടെ കളിക്കുന്നുണ്ട്. അംഗത്വം ഓൺലൈനായി നൽകുമെന്ന 'ഓഫർ' ഇതിനകം ചിലർ പ്രഖ്യാപിച്ചു കഴിഞ്ഞു. അത്തരമൊരു അംഗത്വരീതി കോൺഗ്രസ് തുടങ്ങിയിട്ടില്ലെന്നാണ് കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചത്. ഓൺലൈൻ അംഗത്വം നൽകുന്നുണ്ടെന്ന പരാതി കെപിസിസി.ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഓൺലൈൻ അംഗത്വരീതി തുടങ്ങുമ്പോൾ കെപിസിസി. ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഗ്രൂപ്പുരഹിത കൂട്ടായ്മയ്‌ക്കൊരുങ്ങാനാണ് ശ്രമിക്കുന്നത്. ഈ കൂട്ടായ്മ ഒരു ഗ്രൂപ്പായി മാറി. കെസി വേണുഗോപാലും തൽകാലം ഈ ഗ്രുപ്പിനെ പിന്തുണയ്ക്കും. എയും ഐയും ചേരുന്ന സംയുക്ത കൂട്ടുകെട്ടിനെ തകർക്കാനാണ് ഇത്. അതിനിടെ ചില നേതാക്കൾക്കെതിരേയുള്ള അച്ചടക്ക നടപടി ഗൂഢാലോചനയാണെന്ന വാദം ശക്തമാണ്. ലത്തീഫിനെ സസ്‌പെന്റ് ചെയത്ത തിരുവനന്തപുരത്ത് മുൻതൂക്കം നേടാനുള്ള ശ്രമമാണെന്നാണ് ആരോപണം.

സർവീസ് സംഘടനകളിലടക്കം നേതൃത്വം പിടിക്കാനുള്ള ശ്രമം ഇതൊക്കെയാണ് സുധാകരന്റെയും സതീശന്റെയും നടപടികളെ സംശയത്തിൽ നിർത്താൻ എ, ഐ ഗ്രൂപ്പുകൾ ഉയർത്തിക്കാണിക്കുന്നത്. പാർട്ടി അധികാരത്തിന്റെ സ്വാധീനം സുധാകരൻ പ്രകടിപ്പിക്കുന്നുവെന്നതാണ് ആക്ഷേപം. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നുവെങ്കിൽ പുനഃസംഘടന വേണ്ടെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെടുന്നതിന്റെ കാരണവും ഇതാണ്. പരമാവധി അംഗങ്ങളെ ചേർത്തുനിർത്താനുള്ള ശ്രമം ഗ്രൂപ്പ് നേതാക്കളും ഗ്രൂപ്പ് ഇതര നേതാക്കളും തുടങ്ങിയിട്ടുണ്ട്.

തലസ്ഥാന ജില്ലയിലെ എ ഗ്രൂപ്പിന്റെ പ്രധാന സംഘാടകനും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ മുൻ കെപിസിസി സെക്രട്ടറി എം.എ. ലത്തീഫിനെ സസ്‌പെൻഡ് ചെയ്തതിനെതിരെ എ, ഐ ഗ്രൂപ്പുകളിൽ അമർഷം പുകയുകയാണ്. കഴിഞ്ഞ ദിവസം ജില്ലയിൽ മൂന്നിടങ്ങളിലായി ലത്തീഫിന്റെ അനുയായികൾ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെ ഹൈക്കമാൻഡിനും ഇ-മെയിലിൽ പരാതികൾ പോയിക്കഴിഞ്ഞു. ലത്തീഫിനെതിരായ നടപടി ഒരു പ്രകോപനവുമില്ലാതെയാണെന്ന ആക്ഷേപമാണ് ഗ്രൂപ്പ് പ്രമുഖർ ഉന്നയിക്കുന്നത്.

പാർട്ടിക്കകത്ത് അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ തന്നെ സസ്‌പെൻഡ് ചെയ്ത് കെ.സുധാകരൻ. സസ്‌പെൻഷൻ തീരുമാനം അറിയിച്ചുള്ള ഉത്തരവിനൊപ്പം പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസും ലത്തീഫിന് നൽകിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം തൃപ്തികരമായ മറുപടിയുണ്ടായില്ലെങ്കിൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്.

എ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന പി.എസ്.പ്രശാന്തിനെതിരെ നടപടിയെടുത്തപ്പോൾ അദ്ദേഹം പാർട്ടി വിട്ട് സിപിഎമ്മിൽ പോയി. മറ്റൊരു എ ഗ്രൂപ്പ് പ്രമുഖനായ മുൻ എംഎ‍ൽഎ കെ.ശിവദാസൻ നായരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുത്തു. പക്ഷേ അച്ചടക്കലംഘനം നടത്തിയെന്ന കാരണത്താൽ പിന്നീടുണ്ടായ പുനഃസംഘടനയിൽ അദ്ദേഹത്തെ പരിഗണിച്ചില്ല.