ആലപ്പുഴ : കൈവിട്ട പതിനാറു കുത്തക സീറ്റുകൾ തിരിച്ചുപിടിക്കാൻ ഒരുങ്ങി കോൺഗ്രസ്. സിറ്റിങ് സീറ്റുകൾ നിലനിർത്താൻ എന്തുകൂട്ടുക്കെട്ടും ഉണ്ടാക്കാമെന്ന് താഴെ തട്ടിലേക്ക് നിർദ്ദേശം. ഭരണ തുടർച്ച തന്നെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. 2011 ൽ തെരഞ്ഞെടുപ്പിൽ നാമമാത്ര ഭൂരിപക്ഷത്തിന് ഭരണം ലഭിച്ച ആശ്വാസമായി കോൺഗ്രസ് ഒതുങ്ങിയെങ്കിലും നിലവിലെ സ്ഥിതി അത്രപന്തിയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈവിട്ട സീറ്റെല്ലാം കോൺഗ്രസിന്റെ കുത്തക സീറ്റുകളായിരുന്നു.

കാലങ്ങളായി കൈയടക്കി വച്ചിരുന്ന സീറ്റുകൾ നഷ്ടമായത് കൈയിലിരുപ്പ് കടുത്തതുക്കൊണ്ടുതന്നെയാണെന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്. ആലപ്പുഴയിൽ 7 ഉം കൊല്ലത്ത് 2 എറണാകുളത്ത് 2 കോട്ടയത്ത് 2 ഉം സീറ്റുകളാണ് കോൺഗ്രസിന് നേരിട്ട് നഷ്ടമായത്.ബാക്കിയുള്ളവ ഘടക കക്ഷികളിൽനിന്നുമാണ് നഷ്ടമായത്. നിലവിലെ 72 ൽനിന്നും ചിലതൊക്കെ നഷ്ടപ്പെട്ടാലും കഴിഞ്ഞതവണ കൈവിട്ട കുത്തക സീറ്റുകളിൽ 16 സീറ്റുകൾ നേടാനായാൽ 10 പേരുടെ ഭൂരിപക്ഷത്തിൽ ഭരണ തുടർച്ച ഉറപ്പാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് ക്യാമ്പുകൾ കുരുതുന്നത്.

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ നല്ല രീതിയിൽ ഉൾക്കൊണ്ടിട്ടുണ്ടെന്നും ബാർ കോഴയോ സോളാറോ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും നേതൃത്വം വിലയിരുത്തുന്നു. ആലപ്പുഴ ജില്ലയിലെ അരൂർ കെ ആർ ഗൗരിയമ്മ സ്ഥിരമായി കൈയിൽവച്ചിരുന്ന സീറ്റാണ്. ആന്റണിയും വയലാർ രവിയും മത്സരിച്ചിരുന്ന ചേർത്തലയും തങ്ങളുടേതാക്കാമായിരുന്ന മണ്ഡലമാണെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കെ സി വേണുഗോപാലിന് മൃഗീയ ഭൂരിപക്ഷം നൽകിയ ആലപ്പുഴയും അമ്പലപ്പുഴയും ഡിസിസി പ്രസിഡന്റിന്റെ കൈവിട്ട കളിയിൽ പൊലിഞ്ഞ മണ്ഡലങ്ങളാണ്. മാവേലിക്കര കോൺഗ്രസിലെ എം മുരളിയെ നാലുതവണ നിയമസഭയിൽ അയച്ച മണ്ഡലമാണ്. കായംകുളം എം എം ഹസൻ അടക്കമുള്ളവർ മൽസരിച്ച് മന്ത്രിയായ മണ്ഡലവും. ഈ മണ്ഡലങ്ങളും കഴിഞ്ഞ തവണ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും കളഞ്ഞുകുളിച്ചവയാണ്.

കൊല്ലം ജില്ലയിൽ ഗണേശ് കുമാറിനെ തറപറ്റിച്ച് തിരിച്ചുപിടിക്കാനായി ജഗദീഷിനെ തന്നെ ഇറക്കി കോൺഗ്രസ് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. അരൂരിൽ സിദ്ധീഖിനെ ഇറക്കി മൽസരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തി കോവൂറിനെ പാഠം പഠിപ്പിക്കാനും നീക്കം ആരംഭിച്ചു കഴിഞ്ഞു.

എറണാകുളത്തെ അങ്കമാലിയിൽ വിജയം മാത്രമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഒളികാമറ വിവാദത്തിൽ ജോസ് തെറ്റയിൽ കുരുങ്ങിയ സാഹചര്യം യു ഡി എഫ് ഇവിടെ പ്രചരണായുധമാക്കാനാണ് പദ്ധതി. മാത്രമല്ല വിവാദ നായിക അങ്കമാലിയിൽ പുരട്ച്ചി തലൈവിയുടെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. വൈപ്പിനിൽ അജയ് തറയിലിനെ വീണ്ടും സ്ഥാനാർത്ഥിയാക്കി സീറ്റു തിരിച്ചുപിടിക്കാനാണ് പരിപാടി. ബേപ്പൂരിൽ എളമരം കരീം പിൻവാങ്ങിയതും പാർട്ടി നിൽദേശിയ മഹബൂബിനെതിരെ മുന്നണിയിലുണ്ടായ കടുത്ത എതിർപ്പും കോൺഗ്രസ് അനുകൂല ഘടകങ്ങളായി കണക്കാക്കുന്നുണ്ട്. ഏതായാലും കണക്കിലെ കളികളുമായി കോൺഗ്രസ് രംഗത്തിറങ്ങി കഴിഞ്ഞു.