ബിഹാറിലെ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെയും തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെയെയും ഒപ്പം കൂട്ടിയതോടെ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് മുന്നേറുകയാണ് ബിജെപിയും എൻ.ഡി.എയും. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങളിൽ ബിജെപി അടിക്കടി വളർച്ച നേടുമ്പോൾ തളർച്ചയിലായത് കോൺഗ്രസാണ്. പ്രതിപക്ഷത്തെ മറ്റ് പാർട്ടികളെ ഒപ്പം കൂട്ടി അതിജീവനത്തിനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും അതെത്രത്തോളം വിജയിക്കുമെന്ന് ഉറപ്പിക്കാൻ സോണിയ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനും സാധിക്കുന്നില്ല.

അതിനിടെയാണ്, കോൺഗ്രസിന്റെ ദൗർബല്യം മനസ്സിലാക്കി കോർപറേറ്റുകൾ പാർട്ടിക്ക് സംഭാവന നൽകാൻ മടിക്കുന്നത്. അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കനുസരിച്ച് കോൺഗ്രസ്സിന് കഴിഞ്ഞ നാല് വർഷത്തിനിടെ ലഭിച്ചിട്ടുള്ള സംഭാവന 198.16 കോടി രൂപയാണ്. ഇതിൽ 167 കോടി രൂപയാണ് കോർപറേറ്റുകളുടേതായുള്ളത്.

ബിജെപിക്ക് ഇക്കാലയളവിൽ ലഭിച്ചത് 705.81 കോടി രൂപയാണെന്നറിയുമ്പോഴാണ് കോൺഗ്രസ്സിന്റെ ദൗർബല്യം പ്രകടമാകുന്നത്. അധികാരത്തിൽ ഉടനെങ്ങും തിരിച്ചെത്തിയേക്കില്ലെന്ന ആശങ്കയിൽ കോൺഗ്രസിന് സംഭാവന നൽകാൻ കോർപറേറ്റുകളും മറ്റും മടിക്കുകയാണെന്ന റിപ്പോർട്ടുകളെ ഈ കണക്കുകൾ സാധൂകരിക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കോൺഗ്രസ് നീങ്ങുന്നതായാണ് സൂചന. കർണാടകമടക്കമുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിയെ പുഷ്ടിപ്പെടുത്താൻ പുതിയ വഴികൾ തേടുകയാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി. ഇതിനുള്ള ആദ്യ ശ്രനമം പഞ്ചാബിൽ തുടങ്ങി. സംസ്ഥാനത്തെ എംഎൽഎമാരോട് പാർട്ടിയിലേക്ക് ഒറ്റത്തവണ സംഭാവന നൽകാൻ പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി ക്യാപ്റ്റൻ സന്ദീപ് സന്ധു ആവശ്യപ്പെട്ടു.

എ.ഐ.സി.സി. ട്രഷറർ മോത്തിലാൽ വോറ ആവശ്യപ്പെട്ട പ്രകാരമാണ് ക്യാപ്റ്റൻ സന്ധു എംഎൽഎമാരോട് സംഭാവന ആവശ്യപ്പെട്ട് കത്തെഴുതിയത്. സംഭാവന സമർപ്പിക്കേണ്ടതിന്റെ നിർദേശങ്ങളും കത്തിനൊപ്പമുണ്ട്. ചെക്കായോ ഡ്രാഫ്റ്റായോ സംഭാവന നൽകാനാണ് നിർദ്ദേശം. കുറഞ്ഞത് ഒരുലക്ഷമെങ്കിലും നൽകണമെന്ന് ജൂലൈ അഞ്ചിന് വോറ എഴുതിയ കത്തിൽ പറയുന്നു. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കണമെന്നും കത്തിലുണ്ട്.

എ.ഐ.സി.സി. പ്രസിഡന്റ് സോണിയാഗാന്ധിയുടെ പേരിലാവണം ചെക്കും ഡ്രാഫ്റ്റും അയക്കാനെന്നും ഇതിനൊപ്പമുള്ള കവറിങ് ലെറ്ററിൽ പാൻ നമ്പർ ചേർക്കണമെന്നും നിർദേശമുണ്ട്. സംഭാവന നൽകാത്ത എംഎൽഎമാരുടെ ലിസ്റ്റ് നൽകണമെന്ന് പഞ്ചാബ് കമ്മറ്റിയോട് വോറ ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടി ഫണ്ടിലേക്ക് എംഎൽഎമാർ സംഭാവന നൽകുന്നതിൽ പുതുമയൊന്നുമില്ലെന്നാണ് ക്യാപ്റ്റൻ സന്ധു പറയുന്നത്. മുമ്പും ഇങ്ങനെ സംഭാവന നൽകിയിട്ടുണ്ട്. പുതിയ നിയമസഭ വന്നതിന്റെ ഭാഗമായാണ് സംഭാവന ചോദിച്ചിട്ടുള്ളതെന്നും എംഎൽഎമാർ സംഭാവന നൽകി തുടങ്ങിയിട്ടില്ലെന്നും സന്ധു പറഞ്ഞു.