- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി മാത്രം നടത്തിയ കോൺഗ്രസ് ഇക്കുറി കേരളത്തിൽ അടക്കം ദയനീയമായി പരാജയപ്പെടുമെന്ന് നരേന്ദ്ര മോദി; പ്രകടനപത്രികയിൽ വ്യാജ വാഗ്ദാനങ്ങൾ മുൻപോട്ട് വയ്ക്കുന്ന കോൺഗ്രസിനെ ഒരു സംസ്ഥാനവും വിശ്വാസത്തിലെടുക്കുന്നില്ലെന്നും വിമർശനം; കോൺഗ്രസിന് അധികാരം ‘ശൂന്യമായ പണപ്പെട്ടി' നിറയ്ക്കാനെന്നും പ്രധാനമന്ത്രി
ഗോലഘട്ട്: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ഗോലഘട്ടിൽ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്. അധികാരത്തിൽ ഇരുന്നപ്പോഴെല്ലാം അഴിമതി മാത്രം നടത്തിയ കോൺഗ്രസ് ഇക്കുറി കേരളത്തിൽ അടക്കം ദയനീയമായി പരാജയപ്പെടുമെന്നും മോദി പറഞ്ഞു.
എന്തുവിലകൊടുത്തും അസമിൽ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്ന ‘കൊള്ള എൻജിൻ' ആണ് കോൺഗ്രസെന്ന് മോദി പരിഹസിച്ചു. ‘ശൂന്യമായ പണപ്പെട്ടി' നിറയ്ക്കാനാണ് കോൺഗ്രസിന് അധികാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് കോൺഗ്രസ് നൽകിയിട്ടുള്ളത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേസമയം അധികാരത്തിൽ ഇരുന്നപ്പോൾ പോലും കോൺഗ്രസ് വാക്കു പാലിച്ചിട്ടില്ല. മാത്രമല്ല, ഇരട്ട അവഗണന, ഇരട്ട അഴിമതി, ഇരട്ട നുഴഞ്ഞുകയറ്റം എന്നിവ മാത്രമാണ് ആ സമയത്തുണ്ടായതെന്നും മോദി പറഞ്ഞു.
അസമിൽ വീട്ടമ്മമാർക്ക് രണ്ടായിരം രൂപ വേതനം അടക്കം വാഗ്ദാനം ചെയ്തുള്ള പ്രകടന പത്രിക രാഹുൽ ഗാന്ധി പുറത്തിറക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിമർശനം. അധികാര കൊതി കാരണം തോന്നും പോലെ സഖ്യത്തിലേർപ്പെടുന്ന കോൺഗ്രസിന് കേരളത്തിലടക്കം ഈ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി കിട്ടുമെന്ന് മോദി പറഞ്ഞു. പ്രകടനപത്രികയിൽ വ്യാജ വാഗ്ദാനങ്ങൾ മുൻപോട്ട് വയ്ക്കുന്ന കോൺഗ്രസിനെ ഒരു സംസ്ഥാനവും വിശ്വാസത്തിലെടുക്കുന്നില്ലെന്നും അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസെന്നാൽ തട്ടിപ്പ്, കോൺഗ്രസെന്നാൽ അധികാരക്കൊതിയാണ്, മതങ്ങളെ തമ്മിലടുപ്പിക്കുന്ന ശക്തിയാണ് കോൺഗ്രസ് എന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.
അസമിൽ ഭരണതുടർച്ച അവകാശപ്പെട്ട മോദി തട്ടിപ്പുകാരുടെ കൈയിലേക്ക് അസം ജനതയെ വിട്ടുകൊടുക്കില്ലെന്നും പറഞ്ഞു. പശ്ചിമബംഗാളിലെയും, ബിഹാറിലെയും, മഹാരാഷ്ട്രയിലെയും കോൺഗ്രസിന്റെ സഖ്യങ്ങളെ പരിഹസിച്ച പ്രധാനമന്ത്രി ഒരു സംസ്ഥാനത്തും ഇനി കോൺഗ്രസിന് ഭാവിയില്ലെന്നും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ