ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി രാഹുൽഗാന്ധി ചുമതലയേറ്റതിന് പിന്നാലെ പ്രതിപക്ഷ പാർട്ടിക്കെതിരെ രൂക്ഷ വിമർശവുമായി ബിജെപി. നേതൃത്വം മാറിയാലും കോൺഗ്രസിലെ അഴിമതി മാറ്റമില്ലാതെ നിലനിൽക്കുമെന്ന് ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു. കോൺഗ്രസ് പിന്തുണച്ചിരുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയ്ക്ക് അഴിമതിക്കേസിൽ മൂന്നുവർഷം തടവുശിക്ഷ ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് ബിജെപി വക്താവ് കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്. നാല് വർഷമായി അധികാരത്തിൽനിന്ന് അകന്നുനിന്നിട്ടും അഴിമതിക്കേസുകൾ കോൺഗ്രസിനെ വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പഴയ അധ്യക്ഷനായാലും പുതിയ അധ്യക്ഷനായാലും കോൺഗ്രസിന്റെ പ്രവർത്തന രീതിയിൽ മാറ്റം വരില്ല. അഴിമതി നിറഞ്ഞ രീതികൾ അവർ തുടരുമെന്നും ബിജെപി വക്താവ് ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ബിജെപിക്കെതിരെ രാഹുൽ രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു.