- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തിന് ഇന്ന് ഒരു ദുഃഖനാൾ; ഓരോ കോൺഗ്രസ് പ്രവർത്തകനും മാത്രമല്ല, ഓരോ ഭാരതീയനും ദുഃഖവും രോഷവും; രാജീവ് ഗാന്ധി ജീവൻ ബലി കഴിച്ചത് കോൺഗ്രസിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി; പേരറിവാളന്റെ മോചനത്തിന് എതിരെ ശക്തമായ ഭാഷയിൽ കോൺഗ്രസ്
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന പേരറിവാളന്റെ മോചനത്തിൽ വേദനയും, നിരാശയും പ്രകടിപ്പിച്ച് കോൺഗ്രസ്. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ഒരുമുൻപ്രധാനമന്ത്രിയുടെ ഘാതകനെ വിട്ടയയ്ക്കാൻ പോന്ന സാഹചര്യം കോടതിയിൽ സൃഷ്ടിച്ചതിന് കേന്ദ്ര സർക്കാരിനെയും കോൺഗ്രസ് പഴിച്ചു.
ജയിലിൽ നിന്ന് പേരറിവാളനെ മോചിപ്പിച്ചത് ഓരോ കോൺഗ്രസ് പ്രവർത്തകനിലും മാത്രമല്ല, ഒരോ ഭാരതീയനിലും ദുഃഖവും അമർഷവും ഉണ്ടാക്കുന്നതാണെന്നും മുഖ്യവക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ഒരുഭീകരവാദി ഭീകരവാദിയാണ്. അയാളെ അതുപോലെ പരിഗണിക്കണം. ഇന്ന് ഈ ദിവസം ഞങ്ങൾ സുപ്രീം കോടതി തീരുമാനത്തിൽ, അതീവദുഃഖിതരും, നിരാശരുമാണ്, അദ്ദേഹം പറഞ്ഞു. ഒരു മുൻ പ്രധാനമന്ത്രിയുടെ ഘാതകനെ വിട്ടയച്ചുവെന്നത് നിർഭാഗ്യകരവും, അപലപനീയവുമാണ്.
ഇന്ന് രാജ്യത്തിന് ഒരു ദുഃഖ ദിവസമാണ്. ഓരോ കോൺഗ്രസ് പ്രവർത്തകനും മാത്രമല്ല, ഭാരതത്തിലും, ഭാരതീയതയിലും വിശ്വസിക്കുന്ന, രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന എല്ലാ ശക്തികൾക്കും തീവ്രവാദത്തിനും എതിരെ പോരാടുന്നതിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും ദുഃഖവും രോഷവുമാണ് അനുഭവപ്പെടുന്നത്.
ജീവപര്യന്തം തടവിൽ കഴിയുന്ന ലക്ഷക്കണക്കിന് തടവുകാരെയും ഇതുപോലെ വിട്ടയ്ക്കുമോ എന്നും സുർജേവാല അദ്ഭുതം കൂറി. ഇതുരാജീവ് ഗാന്ധിയുടെ മാത്രം കാര്യമല്ല. രാജ്യത്തിന് വേണ്ടി കൊല്ലപ്പെട്ട പ്രധാനമന്ത്രിയുടെ കാര്യമാണ്, അദ്ദേഹം പറഞ്ഞു. രാജീവ് ജി രാജ്യത്തിന് വേണ്ടിയാണ് ജീവൻ ബലി കഴിച്ചത്, കോൺഗ്രസിന് വേണ്ടിയല്ല. ഇത് തീർത്തും ദൗർഭാഗ്യകരവും, അപലപനീയവുമാണ്. ഏതുതരത്തിലുള്ള സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നതെന്നും, എന്താണ് ഭീകരവാദത്തോട് അവർക്കുള്ള സമീപനമെന്നും മനസ്സിലാക്കണം, സുർജേവാല പറഞ്ഞു.
ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി പേരറിവാളനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 'സത്യവും നീതിയും ഞങ്ങളുടെ ഭാഗത്തായിരുന്നു. ജനങ്ങളുടെ സ്നേഹവും പിന്തുണയും ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. എന്റെ അമ്മ അർപ്പുതമ്മാളുടെ 31 വർഷത്തെ പോരാട്ടങ്ങൾ ഫലം കണ്ടു-പേരറിവാളന്റെ പ്രതികരണം ഇങ്ങനെ.
സുപ്രീംകോടതിയുടെ വിധി കേസിലെ നളിനി ശ്രീഹരൻ, ഭർത്താവ് മുരുകൻ എന്നിവരടക്കം മറ്റി ആറ് പ്രതികളുടെ മോചനത്തിനും വഴിവച്ചേക്കാം. കോടതി വിധി സംസ്ഥാനത്തിന്റെ വലിയ വിജയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പുതുശ്വാസം ശ്വസിക്കുന്ന പേരറിവാളന് ആശംസകൾ നേരുന്നതായി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. പേരറിവാളന് ആശംസകളർപ്പിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ജയിൽ മോചനത്തിന് വേണ്ടി വർഷങ്ങളായി പോരാടി കൊണ്ടിരിക്കുന്ന അമ്മ അർപ്പുതമ്മാളിനെയും സ്റ്റാലിൻ അഭിനന്ദിച്ചു.
മകന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറായവരാണ് അർപ്പുതമ്മാൾ. മനുഷ്യാവകാശങ്ങൾ മാത്രമല്ല സംസ്ഥാനത്തിന്റെ അവകാശങ്ങളെ കൂടി ഉയർത്തിപ്പിടിക്കുന്ന വിധിയാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്- സ്റ്റാലിൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ