- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിൽ നടന്നത് ഇ.വി എം അട്ടിമറി; ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ വോട്ടിങ് മെഷീനേയും പറ്റും; തുടക്കത്തിലെ മുന്നേറ്റം മാഞ്ഞ് തോൽവി ഭയന്നതോടെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ്; എക്സിറ്റ് പോളികൾക്ക് കൈയടിച്ച ആർജെഡി ക്യാമ്പിൽ മന്ദത; പ്രതീക്ഷ കൈവിടേണ്ടെന്ന് ചില നേതാക്കൾ
പാട്ന: ബിഹാർ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ കാര്യങ്ങളെല്ലാം കൈവിട്ടുപോയ അവസ്ഥയിലാണ് കോൺഗ്രസ് പക്ഷത്ത്. ഏറ്റവും വലിയ തോൽവിയാണ കോൺഗ്രസ് നേരിടാൻ പോകുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ തോൽവിയുടെ ഘട്ടത്തിൽ നേതാക്കൾ പുറത്തെടക്കുന്ന പതിവു ശൈലി തന്നെ ഇവിടെയും കോൺഗ്രസ് പുറത്തെടുത്തു. വോട്ടിങ് മെഷീനിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമാണ് കോൺഗ്രസ് നേതാവ് രംഗത്തെത്തിയത്.
ഉപഗ്രങ്ങളെ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് ഇ.വി എം നിയന്ത്രിച്ചുകൂടാ എന്നായിരുന്നു കോൺഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചത്. 'ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകുന്ന ഉപഗ്രഹം ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇ.വി എം ഹാക്ക് ചെയ്യാൻ കഴിയില്ലെന്നായിരുന്നു' ഉദിത് രാജ് ട്വീറ്റ് ചെയ്തത്.
ബീഹാറിൽ കോൺഗ്രസിന് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. നിലവിൽ 19 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നേറുന്നത്. സഖ്യകക്ഷിയായ ആർ.ജെ.ഡി 62 സീറ്റുകളിൽ മുന്നേറുമ്പോൾ ബിജെപി 75 സീറ്റുകളിൽ മുന്നിലാണ്. അതേസമയം നിതീഷ് കുമാറിന്റെ ജെ.ഡി.യു 51 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
എട്ട് മണിക്ക് തുടങ്ങിയ ബിഹാർ വോട്ടെണ്ണൽ മന്ദഗതിയിൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ നേതൃത്വത്തിൽ എൻ.ഡി.എ ആണ് മുന്നേറുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കാവുന്ന സ്ഥിതി ബിഹാറിലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. 74 മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെ മാത്രമാണ് ലീഡെന്നതിനാൽ അന്തിമ ഫലം എന്താകുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ഇതിൽ തന്നെ 42 മണ്ഡലങ്ങളിൽ വോട്ട് വ്യത്യാസം അഞ്ഞൂറിൽ താഴെ മാത്രമാണ്. ഏഴ് മണ്ഡലങ്ങളിൽ വോട്ട് വ്യത്യാസം ഇരുന്നൂറിൽ താഴെ മാത്രമാണ്.
ബീഹാർ വോട്ടെണ്ണൽ മന്ദഗതിയിൽ നടക്കുന്നതിനാൽ ഫലം രാത്രി വൈകിയോടെ മാത്രമേ പുറത്തുവരികയുള്ളു. നാലിൽ ഒന്ന് വോട്ടുകൾ മാത്രമേ എണ്ണിതീർന്നിട്ടുള്ളു എന്ന് ബീഹാർ ചീഫ് ഇലക്ട്റൽ ഓഫീസർ ശ്രീനിവാസ് അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു വോട്ടെണ്ണൽ നടക്കുന്നതിനാലാണ് വോട്ടെണ്ണൽ പൂർത്തിയാകാൻ വൈകുന്നതെന്നും ബീഹാർ സിഇഒ വ്യക്തമാക്കി. വോട്ടെണ്ണൽ തുടങ്ങി അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 15 ശതമാനം വോട്ടുകൾ മാത്രമാണ് എണ്ണിക്കഴിഞ്ഞതെന്നാണ് വ്യക്തമാകുന്നത്.
മറുനാടന് ഡെസ്ക്