ഗാന്ധിനഗർ: ചരക്ക് സേവന നികുതി (ജി.എസ്.ടി) യുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ കോൺഗ്രസിനും തുല്യ പങ്കാളിത്തമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി.എസ്.ടിയെപ്പറ്റി നുണപ്രചാരണം കോൺഗ്രസ് നടത്തരുതെന്നും ഗാന്ധിനഗറിൽ നടന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. വിവിധ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന സർക്കാരുകളും അടക്കമുള്ളവ ചേർന്നെടുത്തവയാണ് ജി.എസ്.ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ. കേന്ദ്രസർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ വളരെ ചെറിയ പങ്ക് മാത്രമാണ് വഹിച്ചത്. ജിഎസ്ടി നടപ്പാക്കിയതിലൂടെ വ്യാപാര സമൂഹത്തിനുണ്ടായ ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരമാകും. ജിഎസ്ടി നടപ്പാക്കാൻ തീരുമാനിച്ചതു പ്രധാനമന്ത്രി മോദി ഒറ്റയ്ക്കല്ല. മുപ്പതോളം പാർട്ടികളുമായി ആലോചനകൾ നടത്തിയ ശേഷമാണു ജിഎസ്ടി നടപ്പാക്കിയത്. കോൺഗ്രസിനും അതിൽ തുല്യ പങ്കാളിത്തമുണ്ട്. അതുകൊണ്ടു തന്നെ ജിഎസ്ടിയുടെ പേരിൽ കള്ളത്തരങ്ങൾ പ്രചരിക്കുന്നത് അവർ നിർത്തണം. വ്യാപാരികളും വ്യവസായികളും ജിഎസ്ടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയവയെക്കുറിച്ച് കോൺഗ്രസ് നടത്തിയ കള്ള പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു.
മൂന്നു മാസത്തിനുശേഷം ജിഎസ്ടി പുനഃപരിശോധിക്കുമെന്നും പ്രശ്‌നങ്ങൾ പരിഹാരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും താൻ പറഞ്ഞിരുന്നു. പ്രയാസങ്ങൾ തീർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അതു വ്യാപാരികൾക്കു മനസ്സിലാകുമെന്നും മോദി പറഞ്ഞു

നികുതി പരിഷ്‌കാരത്തെപ്പറ്റി വിലയിരുത്തൽ നടത്തുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയുമാണ്. നികുതി പരിഷ്‌കാരം പ്രശ്നങ്ങൾ ഇല്ലാത്തതാക്കുമെന്ന് വ്യാപാരി സമൂഹത്തിന് ഉറപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി.എസ്.ടി തിരക്കിട്ട് നടപ്പാക്കിയെന്ന ആരോപണം കേന്ദ്രസർക്കാരിനെതിരെ ഉയർന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന സമ്മേളനത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ് ഉണ്ടാകുമെന്ന കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് അങ്ങിനെ ഒരു പ്രഖ്യാപനവും ഉണ്ടായില്ല

ഗുജറാത്ത് തിരഞ്ഞെടുപ്പ് വികസനവും കുടുംബവാഴ്ചയും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. വികസനം തന്നെയാവും വിജയിക്കുക. വികസനം പ്രചാരണായുധമാക്കി കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി വിജയം നേടുമെന്നും ഭരണത്തിലുണ്ടാകുമെന്നും മോദി പറഞ്ഞു. മഹാറാലിയിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തതായി ബിജെപി അവകാശപ്പെട്ടു