- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാഷ്ട്രീയത്തിൽ രോഷപ്രകടനത്തിന് സ്ഥാനമില്ല'; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ വിമർശനത്തിൽ അമരീന്ദറിന് കോൺഗ്രസിന്റെ മറുപടി; അവഹേളനത്തിനും അധിക്ഷേപത്തിനും സ്ഥാനമുണ്ടോയെന്ന് അമരീന്ദർ
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിന്നാലെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ അമരീന്ദർ സിങ് ഉന്നയിച്ച വിമർശനത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതൃത്വം. രാഷ്ട്രീയത്തിൽ രോഷപ്രകടനത്തിന് സ്ഥാനമില്ലെന്നും തന്റെ ഔന്നത്യത്തിനു ചേരാത്ത വിധത്തിൽ അമരീന്ദറിൽനിന്നുണ്ടായ പ്രതികരണം അദ്ദേഹം പുനഃപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനാഥെ പറഞ്ഞു.
കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് അദ്ദേഹം. മുതിർന്നവർ പെട്ടെന്ന് രോഷാകുലരാകുന്നതും പലതും പറയുന്നതും പതിവാണ്. അദ്ദേഹത്തിന്റെ പ്രായത്തെയും പരിചയത്തെയും രോഷത്തെയും ബഹുമാനിക്കുന്നു. രാഷ്ട്രീയത്തിൽ രോഷത്തിനും അസൂയക്കും ശത്രുതയ്ക്കും പ്രതികാരത്തിനും വ്യക്തിപരമായ ആക്രമണത്തിനും സ്ഥാനമില്ല. അദ്ദേഹം തന്റെ വാക്കുകൾ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ, സുപ്രിയ ശ്രിനാഥെ വ്യക്തമാക്കി.
കോൺഗ്രസ് വക്താവിന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി പിന്നീട് അമരീന്ദർ രംഗത്തെത്തി. 'അതെ, രാഷ്ട്രീയത്തിൽ രോഷത്തിന് സ്ഥാനമില്ല. എന്നാൽ കോൺഗ്രസ് പോലൊരു പാർട്ടിയിൽ അവഹേളനത്തിനും അധിക്ഷേപത്തിനും സ്ഥാനമുണ്ടോ? എന്നെപ്പോലുള്ള ഒരു മുതിർന്ന നേതാവിനോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ സാധാരണ പ്രവർത്തകരോട് ഏതുവിധത്തിലായിരിക്കും', അദ്ദേഹം ചോദിച്ചു.
നേരത്തെ, രാഹുലിനും പ്രിയങ്കയ്ക്കും അനുഭവസമ്പത്തില്ലെന്നും ഉപദേശകർ ഇരുവരെയും വഴിതെറ്റിക്കുകയാണെന്ന് വ്യക്തമാണെന്നും അമരീന്ദർ ആരോപിച്ചിരുന്നു. പ്രിയങ്കയും രാഹുലും എനിക്ക് മക്കളെപ്പോലെയാണ്. ഇത് ഇങ്ങനെ അല്ല അവസാനിക്കേണ്ടിയിരുന്നത്. ഞാൻ ദുഃഖിതനാണ്, അമരീന്ദർ പറഞ്ഞു.
രാജിവെച്ചൊഴിയുന്നതിന് മൂന്നാഴ്ച മുൻപേ രാജിക്കത്ത് സോണിയാ ഗാന്ധിക്ക് നൽകിയിരുന്നു. എന്നാൽ തന്നോട് തുടരാൻ സോണിയ ആവശ്യപ്പെടുകയായിരുന്നെന്നും അമരീന്ദർ പറഞ്ഞു. സോണിയ തന്നെ വിളിച്ച് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഞാൻ ചെയ്യുമായിരുന്നു. കർത്തവ്യം എങ്ങനെ നിറവേറ്റണമെന്നും തിരികെ വിളിച്ചാൽ മടങ്ങിപ്പോകണമെന്നും ഒരു സൈനികനായ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്