- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസമിലും കോൺഗ്രസും ഇടതുപക്ഷവും സഖാക്കളായി; പ്രതിപക്ഷ മഹാസഖ്യത്തിൽ കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ അഞ്ച് പാർട്ടികൾ
ദിസ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലും പ്രതിപക്ഷ മഹാസഖ്യം നിലവിൽ വന്നു. കോൺഗ്രസും ഇടതുപക്ഷവും അടക്കം അഞ്ച് കക്ഷികൾ ചേർന്നാണ് 'മഹാസഖ്യ'ത്തിന് രൂപം നൽകിയിരിക്കുന്നത്. സിപിഐ, സിപിഎം, സിപിഐ(എംഎൽ), എഐയുഡിഎഫ്, അഞ്ചാലിക് ഗണ മോർച്ച എന്നീ കക്ഷികളാണ് കോൺഗ്രസിനൊപ്പം സഖ്യത്തിലുള്ളത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എന്നാൽ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരമായിട്ടില്ല.
രാജ്യപുരോഗതിക്കായി വർഗീയ കക്ഷികളെ പുറത്താക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ് സമാന ചിന്താഗതിയുള്ള രാഷ്ട്രീയപാർട്ടികളെ ഒപ്പം നിർത്താൻ തീരുമാനിച്ചതായി അസം കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ ഗുവഹാത്തിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനാണ് ലക്ഷ്യമിടുന്നതെന്നും മറ്റു പ്രാദേശിക പാർട്ടികൾക്കും ബിജെപി വിരുദ്ധകക്ഷികൾക്കുമായി സഖ്യത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നിടുമെന്നും ബോറ അറിയിച്ചു. അസമിനെ രക്ഷിക്കാനും അസമിലെ യുവജനതയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കാനും അസമിന്റെ പുരോഗതിക്കായും ഒരുമിച്ച് പോരാടാമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വൻ പ്രക്ഷോഭം സംഘടിപ്പിച്ച അസം ജാട്ടിയ പരിഷത്, റായ്ജോർ ദാൽ എന്നീ പ്രാദേശിക പാർട്ടികളുമായും കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. സഖ്യം രൂപീകരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് കക്ഷികൾ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് സൂചന. എല്ലാ ചോദ്യങ്ങൾക്കും ഒരൊറ്റ ദിവസം തന്നെ ഉത്തരം നൽകാനാകില്ലെന്ന് മുകുൾ വാസ്നിക് പറഞ്ഞു.
"നിങ്ങൾക്ക് അസമിനെ രക്ഷിക്കണമെങ്കിൽ, അസമിലെ യുവാക്കളെ അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാൻ സഹായിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അസമിന്റെ വികസനം ആഗ്രഹിക്കുന്നെങ്കിൽ, നാം ഒന്നിച്ചു നിന്ന് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഞങ്ങൾ ആറുപാർട്ടികളും നിങ്ങളോട് അഭ്യർഥിക്കുകയാണ്," കോൺഗ്രസ് ജനറൽ സെക്രട്ടറി സിങ് പറഞ്ഞു.
മറുനാടന് ഡെസ്ക്