കോഴിക്കോട: തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയരുമുമ്പേതന്നെ എ.ഐ.സി.സി നേതൃത്വത്തിനും എ.കെ ആന്റണിക്കും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പരാതിപ്രവാഹം. ന്യൂനപക്ഷങ്ങൾക്ക് പരിഗണന നൽകുന്നില്ല, യുവജനങ്ങൾക്ക് പ്രാതിനിധ്യമില്ല, മണ്ഡലം കുത്തകയാക്കിയവരെ മാറ്റിനിർത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പരാതികൾ പ്രവഹിക്കുന്നത്. കഴിഞ്ഞയാഴ്ച കേരളത്തിലത്തെിയ എ.കെ. ആന്റണിയെ നേരിൽകണ്ട് പ്രമുഖ നേതാക്കൾ അടക്കമുള്ളവർ പരാതികൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

മണ്ഡലം കുത്തകയാക്കിയവരെ മാറ്റനിർത്തി കൂടുതൽ യുവാക്കളെ പരിഗണിക്കണമെന്നാണ് കെ.എസ്.യുവും യൂത്ത് കോൺഗ്രസും പരാതി അയച്ചിരിക്കുന്നത്. യുവജനങ്ങൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം നൽകിയില്‌ളെങ്കിൽ കോൺഗ്രസിന് തമിഴ്‌നാട്ടിലും ബിഹാറിലും യു.പിയിലും സംഭവിച്ച ഗതി താമസിയാതെ കേരളത്തിലും സംഭവിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകിയത്. ഇതേ ആവശ്യം രാഹുൽ ഗാന്ധി, മുകുൾ വാസ്‌നിക് തുടങ്ങിയവർക്ക് മുന്നിലും ഉന്നയിച്ചിട്ടുണ്ട്.

കോൺഗ്രസിൽ മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം കുറയുന്നത് സംബന്ധിച്ചാണ് ആന്റണിക്ക് മുന്നിൽ മുഖ്യമായി ഉയർന്ന പരാതി. മുസ്ലിം ലീഗിന് സീറ്റ് നൽകുന്നുവെന്ന പേരിൽ തങ്ങളെ തഴയുന്നുവെന്ന പരാതിയാണ് കാര്യമായി ഉയർന്നത്. അതുകൊണ്ടുതന്നെ കോൺഗ്രസിൽ തുടർന്നാൽ ഭാവിയുണ്ടാകില്‌ളെന്ന ചിന്താഗതിയിലേക്കുവരെ വളർന്നുവരുന്ന നേതാക്കൾ എത്തുന്നതായും ആന്റണിയുടെ മുന്നിൽ പലരും പരാതിയായി ഉന്നയിച്ചു. എറണാകുളം ജില്ലയിൽ നേരത്തേ കോൺഗ്രസിലെ മൂന്ന് മുസ്ലിം നേതാക്കൾക്ക് സീറ്റ് അനുവദിച്ചിരുന്നത് ഇപ്പോൾ ഒന്നായി കുറഞ്ഞുവെന്നാണ് ചില നേതാക്കൾ പരാതി ഉന്നയിച്ചത്.

കോഴിക്കോട് ജില്ലയിലും സമാനമായ അവസ്ഥയാണ്. ലീഗിന് സീറ്റ് അനുവദിക്കുന്നതുപോലെ കേരളാ കോൺഗ്രസിനും സീറ്റ് നൽകുന്നുണ്ടെങ്കിലും മുസ്ലിം നേതാക്കൾക്ക് മാത്രമാണ് ഈ അവഗണനയെന്നും അവർ പരാതിപ്പെട്ടു. തൊഴിലാളി യൂനിയൻ നേതാക്കളും മറ്റും ഇതേ ആവശ്യമുന്നയിച്ചിരുന്നു. ഇക്കുറി തങ്ങൾക്കും അർഹമായ പ്രാതിനിധ്യം കിട്ടണമെന്നാണ് ആവശ്യം.

സമുദായികം മാത്രമല്ല വിവിധ സഭകളുടെ താൽപര്യവും സംരക്ഷിച്ചുവേണം മുന്നോട്ടുപോകാനെന്നും ഈ പരിമിതികൾക്കുള്ളിൽനിന്ന് അർഹിക്കുന്ന പരിഗണന കിട്ടാൻ പരിശ്രമിക്കാമെന്ന് പറഞ്ഞാണ് ആന്റണി പരാതിക്കാരെ മടക്കിയത്. അതിനിടെ യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. ഇതിന് മുന്നോടിയായി ജില്ലാ കൺവെൻഷനുകൾ ഈമാസം 29ന് ആരംഭിക്കുമെന്ന് കൺവീനർ പി.പി. തങ്കച്ചൻ അറിയിച്ചു. കൺവെൻഷനുകൾ പൂർത്തിയായാലുടൻ ഓരോ ജില്ലയിലും രണ്ട് പ്രധാന സ്ഥലങ്ങളിൽ പൊതുയോഗങ്ങൾ നടത്തി സർക്കാറിന് എതിരായ ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് വിശദീകരിക്കും.

പ്രകടനപത്രിക രൂപവത്കരിക്കുന്നതിന് മുമ്പായി പൊതുജനങ്ങളിൽനിന്നും ബഹുജന സംഘടനകളിൽനിന്നും അഭിപ്രായം തേടും. ഫെബ്രുവരി 29ന് രാവിലെ കാസർകോട്, ഉച്ചക്ക് കണ്ണൂർ, മാർച്ച് രണ്ടിന് രാവിലെ തിരുവനന്തപുരം, ഉച്ചക്ക് കൊല്ലം, മൂന്നിന് രാവിലെ വയനാട്, ഉച്ചക്ക് കോഴിക്കോട്, നാലിന് രാവിലെ മലപ്പുറം, ഉച്ചക്ക് പാലക്കാട്, അഞ്ചിന് രാവിലെ പത്തനംതിട്ട, ഉച്ചക്ക് കോട്ടയം, ആറിന് രാവിലെ ആലപ്പുഴ, ഉച്ചക്ക് തൃശൂർ, എട്ടിന് രാവിലെ എറണാകുളം, ഉച്ചക്ക് ഇടുക്കി എന്നിങ്ങനെയാണ് കൺവെൻഷനുകൾ നടക്കുക.

പ്രകടനപത്രിക രൂപപ്പെടുത്തുന്നതിനുള്ള ബഹുജന അഭിപ്രായം ശേഖരിക്കുന്നത് മാർച്ച് ഒന്നിന് തിരുവനന്തപുരത്താണ് നടക്കുക. അന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരുമണിവരെ വിവിധ സംഘടനകളിൽനിന്നുള്ള അഭിപ്രായ ശേഖരണം നടക്കും. വിദ്യാർത്ഥി സംഘടനകൾ, അദ്ധ്യാപക സംഘടനകൾ, കർഷക സംഘടനകൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് രേഖാമൂലമോ വാക്കാലോ അഭിപ്രായം അറിയിക്കാമെന്നും തങ്കച്ചൻ പറഞ്ഞു.