തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് ബിജെപി സഖ്യം. ജില്ലാ ആസൂത്രണ സമിതിയിലേക്കു കോർപ്പറേഷനിൽ നിന്നുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണു കോൺഗ്രസും ബിജെപിയും കൈകോർത്തത്.

ഇരുമുന്നണിയും സഖ്യമായാണു മത്സരിച്ചത്. ഇതോടെ നഗരസഭയിലെ ബിജെപി -കോൺഗ്രസ് സഖ്യം മറനീക്കി പുറത്തുവന്നെന്നു മേയർ വി കെ പ്രശാന്ത് പറഞ്ഞു.

ഒരു ജനറൽ സീറ്റിലേക്കും രണ്ടു വനിതാ അംഗങ്ങൾക്കുമായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപി കൗൺസിലർമാർ കോൺഗ്രസ് സ്ഥാനാർത്ഥി വി ആർ സിനിക്കും, രണ്ട് വനിതാ അംഗങ്ങൾക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഷീജാ മധുവിന് കോൺഗ്രസ് കൗൺസിലർമാരും വോട്ട് ചെയ്തു. എൽഡിഎഫിന് ഒരു സീറ്റ് ലഭിച്ചു.

കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പല വാർഡുകളിലും കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടായിരുന്നതായി ആരോപണം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിൽ 100 അംഗ കോർപറേഷനിൽ 42 സീറ്റിൽ എൽഡിഎഫാണു ജയിച്ചത്. 34 സീറ്റു ബിജെപി നേടിയപ്പോൾ യുഡിഎഫിന് 21 സീറ്റു ലഭിച്ചു. കോർപറേഷനിൽ ബിജെപിയും യുഡിഎഫും കൈകോർത്താൽ ഇടതുപക്ഷത്തേക്കാൾ അംഗബലമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്ലാനിങ് സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ടു കക്ഷികളും ഒന്നിച്ചു വോട്ട് ചെയ്തതെന്നാണു വിവരം.

ജനറൽ സീറ്റിലാണു യുഡിഎഫ് അംഗം വി ആർ സിനിയെ ബിജെപി കൗൺസിലർ പിന്തുണച്ചത്. വനിതാ സംവരണ സീറ്റിൽ ബിജെപിയിലെ ഷീജ മധുവിനെ കോൺഗ്രസ് അംഗങ്ങളും പിന്തുണച്ചു. ഒരു മുസ്ലിം ലീഗ് അംഗം തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നപ്പോൾ മറ്റൊരംഗം ബിജെപി, കോൺഗ്രസ് കൗൺസിലർമാർക്ക് വോട്ട് ചെയ്തു. കൗൺസിലർ ജയലക്ഷ്മിയാണു വനിതാ സംവരണ സീറ്റിലേക്ക് വിജയിച്ച എൽഡിഎഫ് അംഗം.