തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ വ്യാപക പ്രതിഷേധം. സ്ഥാനാർത്ഥി പട്ടികയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവായ വി എം. സുധീരൻ രംഗത്തെത്തി ജയിക്കാൻ സാധ്യതയുള്ള പലരെയും അവഗണിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് കോൺഗ്രസ് വിട്ടു. സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചു.

ഇരിക്കൂറിൽ സജീവ് ജോസഫിന് സീറ്റ് നൽകിയതിനെ ചൊല്ലി യു.ഡി.എഫ് ജില്ലാ ചെയർമാൻ അടക്കം 13 മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു. 22 ഡി.സി.സി അംഗങ്ങളും രാജിക്കത്ത് നൽകി. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ എംപി.മുരളി, ചന്ദ്രൻ തില്ലങ്കേരി, കെ.വി.ഫിലോമിന, വി.എൻ.ജയരാജ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, കെപിസിസി അംഗങ്ങളായ തോമസ് വക്കത്താനം, എൻ.പി.ശ്രീധരൻ, ചാക്കോ പാലക്കലോടി എന്നിവർ രാജിവച്ചു.

21 ഡിസിസി ഭാരവാഹികളും 7 ബ്ലോക്ക് പ്രസിഡന്റുമാരും ഇരിക്കൂർ മണ്ഡലത്തിലെ എട്ടു മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. എ ഗ്രൂപ്പുകാരായ എം.പ്രദീപ്കുമാറിന്റെയും (പയ്യന്നൂർ) കെ.ബ്രിജേഷ്‌കുമാറിന്റെയും (കല്യാശ്ശേരി) പേരുകൾ സ്ഥാനാർത്ഥി പട്ടികയിലുണ്ടെങ്കിലും ഇതിൽ ഐഗ്രൂപ്പ് തൃപ്തരല്ല. ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന ഒരു മണ്ഡലത്തിലും പ്രചാരണ പ്രവർത്തനം നടത്തില്ലെന്നും നേതാക്കൾ പറഞ്ഞു.

കഴിവുള്ള യുവാക്കളുടെ വൻ നിരയാണ് കോൺഗ്രസ് പട്ടികയെന്നാണ് മുല്ലപ്പള്ളി സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തുവിട്ടു കൊണ്ട് പറഞ്ഞത്. അതിനൊപ്പം അനുഭവ സമ്പത്തുള്ളവരുമുണ്ട്. തലമുറ മാറ്റമാണ് പട്ടികയുടെ സവിശേഷത. സമഗ്രമായ ചർച്ചകളിലൂടെയാണ് പട്ടിക തയ്യാറാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. 25 വയസ് മുതൽ 50 വസയ് വരെയുള്ള 46 പേർ പട്ടികയിൽ ഇടംപിടിച്ചു. എഴുപത് വയസിന് മുകളിലുള്ള മൂന്ന് പേരാണ് പട്ടികയിലുള്ളത്.55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ് സ്ഥാനാർത്ഥികളായുള്ളത്. 86 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി തുടങ്ങി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം പിന്നീടായിരിക്കും.