തിരുവനന്തപുരം: നിലവിലെ എംഎൽഎമാർക്കും ഡിസിസി പ്രസിഡന്റുമാർക്കും പ്രാതിനിധ്യം നൽകി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടികയായി. സിനിമാതാരങ്ങളായ ജഗദീഷ്, സിദ്ദിഖ് എന്നിവരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

കെപിസിസി.പ്രസിഡന്റ് വി എം സുധീരൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രാഥമിക പട്ടിക തയാറായത്. 15 ൽ താഴെ സീറ്റുകളിൽ മാത്രമാണ് ഓരോ സ്ഥാനാർത്ഥികളുടെ പേരുള്ളത്.

ഭൂരിപക്ഷം മണ്ഡലങ്ങളിലും രണ്ടും മൂന്നും പേരുകൾ വീതം ഉൾപ്പെടുത്തിയാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയത്. പത്തനാപുരത്തു പരിഗണിക്കുന്ന സ്ഥാനാർത്ഥി നടൻ ജഗദീഷാണ്. സിദ്ദിഖിന്റ പേര് അരൂരിലും പരിഗണിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെ.സുധാകരന്റ പേര് കണ്ണൂരിലാണുള്ളത്.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ടി.പി ശ്രീനിവാസൻ, എൻ.എസ്.യു ദേശീയ പ്രസിഡന്റ് റോജി എം.ജോൺ എന്നിവരുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റ പേരും പട്ടികയിലില്ല. ഇവരുടെ കാര്യം ഹൈക്കമാൻഡാകും തീരുമാനിക്കുക. ശ്രീനിവാസനെ നേമത്തും റോജിയെ അങ്കമാലിയിലും മത്സരിപ്പിക്കുമെന്ന ധാരണയാണു നേതാക്കൾ നൽകുന്നത്.

സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടവരുടെ പേരുകൾ യൂത്ത് കോൺഗ്രസ് നേരിട്ട് ഹൈക്കമാൻഡിന് നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്തായിരിക്കും ഹൈക്കമാൻഡ് മാറ്റങ്ങൾ നിർദേശിക്കുക.ഇതിന്റ അടിസ്ഥാനത്തിൽ 23ന് ചേരുന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമ പട്ടിക തയാറാക്കും.

അതിനിടെ, കോൺഗ്രസ് ഹൈക്കമാന്റിന് കൈമാറിയിട്ടുള്ള സ്ഥാനാർത്ഥി പട്ടികയിൽ മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടതിലും കൂടുതൽ പ്രാതിനിധ്യമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. തഴമ്പിച്ച പ്രവർത്തകർ നിൽക്കവേ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നേക്കാമെന്നും എന്നാൽ, പുതുമുഖങ്ങൾക്കും വനിതകൾക്കും കൂടുതൽ അവസരം കൊടുക്കുക എന്നത് പാർട്ടിയുടെ നയമാണെന്നും സുധീരൻ പറഞ്ഞു.