തിരുവനന്തപുരം: സാധ്യതാ പട്ടികയിൽ ഉണ്ടെങ്കിലും മുഴുവൻ സിറ്റിങ് എംഎൽഎമാരും മത്സരിക്കേണ്ട കാര്യമില്ലെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. ഇതിനുള്ള മാനദണ്ഡം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സുധീരൻ വ്യക്തമാക്കി.

കോൺഗ്രസ് മത്സരിക്കുന്ന 82 മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ എല്ലാ സിറ്റിങ് എംഎൽഎമാരുടെ പേരുമുണ്ട്. എന്നാൽ, ഇവരെല്ലാം മത്സരിക്കില്ല-സുധീരൻ പറഞ്ഞു. അതിനിടെ, കോൺഗ്രസിനോടു കൂടുതൽ സീറ്റു ചോദിച്ചിരുന്ന ആർഎസ്‌പി മൂന്നിടത്തു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

നാലു സിറ്റിങ് സീറ്റുകളിൽ ഒഴികെ കോൺഗ്രസിന്റെ മറ്റെല്ലാ സീറ്റുകളിലും ഒന്നിലധികം പേരുകൾ സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്, ജി കാർത്തികേയന്റെ മകൻ കെ.എസ് ശബരീനാഥൻ മത്സരിക്കുന്ന അരുവിക്കര, പി കെ ജയലക്ഷ്മിയുടെ മാനന്തവാടി എന്നിവിടങ്ങളിലാണ് ഓരോ പേരുകൾ മാത്രം സാധ്യതാപട്ടികയിൽ നിർദേശിച്ചിട്ടുള്ളത്. ആകെ 82 സീറ്റുകളിലേക്കുള്ള പട്ടികയാണ് ഹൈക്കമാൻഡിന് സമർപ്പിക്കാനായി തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ അന്തിമതീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഇതിനെ പൂർണമായ പട്ടിക എന്നു പറയാനൊക്കില്ലെന്നും സുധീരൻ പറഞ്ഞു.

യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്ന പട്ടികയായിരിക്കും പുറത്തിറക്കുക. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും. 28ന് ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ എന്നിവർ ഡൽഹിയിലേക്ക് പോകും. ഇതിനു ശേഷമായിരിക്കും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുകയെന്നും സുധീരൻ തീരുവനന്തപുരത്ത് പറഞ്ഞു.

ജില്ലാഘടകം നിർദ്ദേശിച്ച ഭൂരിപക്ഷം പേരുകളും നിലനിർത്തിയുള്ള സാധ്യതാപട്ടികയാണ് കേന്ദ്ര നേത്യത്വത്തിന് കൈമാറാനായി തയ്യാറാക്കിയത്. ഡൽഹിയിൽ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി, തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിലെ ചർച്ചകൾക്കൊടുവിൽ മാർച്ച് 31ഓടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കാനാണ് ഇപ്പോൾ നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം 45 തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകണമോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മുഴുവൻ സിറ്റിങ് എംഎ‍ൽഎമാരും മത്സരിക്കണമെന്നില്ലെന്നും കെപിസിസി അധ്യക്ഷൻ വി എം.സുധീരൻ പറഞ്ഞു.

ഇതിനിടെയാണു യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്‌പി മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ സിറ്റിങ് സീറ്റായ ചവറയിൽ വീണ്ടും മത്സരിക്കും. മുതിർന്ന നേതാവ് എ.എ.അസീസ് ഇരവിപുരത്ത് നിന്ന് തന്നെ വീണ്ടും ജനവിധി തേടും. കുന്നത്തൂരിൽ ഉല്ലാസ് കോവൂരാവും പാർട്ടി സ്ഥാനാർത്ഥി.