കോഴിക്കോട്: കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ച കാലത്തെല്ലാം അവർക്ക് വൻ വിജയം നേടാൻ സാധിച്ചിട്ടുണ്ട്. മറിച്ച് തമ്മിലടിച്ചു നിന്ന കാലത്തെല്ലാം തോൽവിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. കോഴിക്കോട് സംഘടിച്ചിപ്പ കെപിസിസി ചിന്തൻ ശിബിരം വൻ വിജയമായിരുന്നു എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ഒരുമിച്ചുള്ള ഇടപെടലാണ് ചിന്തൻ ശിബിരം വിജയമാക്കിയത്.

കെപിസിസി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച് ചിന്തൻ ശിബിരത്തിനെത്തിയ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ക്രിയാത്മക നിർദേശങ്ങളുമായി മുന്നിൽ നിന്നപ്പോൾ ആശയരൂപീകരണത്തിലും ചർച്ചകളിലും നിർണായക പങ്കു വഹിച്ചത് പാർട്ടിയിലെ യുവനിര ആയിരുന്നില്ല. ഗ്രൂപ്പൊന്നും ആർക്കും വിഷയമായില്ല, എല്ലാവരും ഒരേ മനസ്സോടെ സമ്മേളനത്തിൽ പങ്കുചേർന്നു. കോൺഗ്രസിന്റെ കുടുംബം സംഗമം എന്നായിരുന്നു നേതാക്കളെല്ലാം പരിപാടിയെ വിശേഷിപ്പിച്ചത്. മതേതരത്വം ഉയർത്തിപിടിച്ചു മുന്നോട്ടു പോകാനാണ് സമ്മേളനത്തിലെ പൊതുതീരുമാനം.

കെ.സുധാകരനും വി.ഡി.സതീശനും ഉൾപ്പെടെയുള്ള നേതൃനിര ഇരുശ്രേണികൾക്കുമിടയിലെ പാലമായി ശിബിരത്തിനു നേതൃത്വം നൽകി. എഐസിസി ജനറൽ സെക്രട്ടറി കെ. സി.വേണുഗോപാലും മുഴുവൻ സമയവും ശിബിരത്തിന്റെ ഭാഗമായി. വിട്ടുനിന്ന വി എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും എതിരെ ഉയർന്നതു രൂക്ഷ വിമർശനമായിരുന്നു. ഇരുവരും പരിപാടിയിൽ നിന്നും മാറിനിന്നത് സങ്കുചിത മനസ്സായതിനാലാണെന്ന വിമർശനമാണ് ഉണയർന്നത്. ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ചാണു ഉമ്മൻ ചാണ്ടിയെത്തിയത്. എന്നിട്ടും രണ്ട് മുതിർന്ന നേതാക്കൾ മാറി നിന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പൊതു വികാരമായിരുന്നു കോൺഗ്രസിൽ.

എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതാണു യഥാർഥ നേതൃത്വത്തിന്റെ കരുത്തെന്ന് ആദ്യദിനം ഓർമിപ്പിച്ച ചെന്നിത്തല ചിന്തൻ ശിബിരത്തിലെ ചർച്ചകളിലും നയരൂപീകരണത്തിലും നേതൃത്വപരമായ പങ്കുവഹിച്ചു. മകന്റെ വിവാഹമായതിനാൽ ആദ്യദിനം വിട്ടുനിന്ന കെ.മുരളീധരനും രണ്ടാം ദിനം ശിബിരത്തിലെത്തി സജീവമായി.

കരടു റിപ്പോർട്ടുകളുടെ രൂപീകരണം മുതൽ ചിന്തൻ ശിബിര പ്രഖ്യാപനത്തിന്റെ സങ്കലനം വരെയുള്ള നടപടികളിൽ യുവനിരയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. എഐസിസി സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ജനറൽ സെക്രട്ടറി എം.ലിജു, കെ.എസ്.ശബരീനാഥൻ എന്നിവർ വിവിധ സമിതികളുടെ നയരൂപീകരണ ചർച്ചകളിലും ചിന്തൻ ശിബിരത്തിന്റെ പൊതുവായ പ്രഖ്യാപനം രൂപപ്പെടുത്തുന്ന ചർച്ചകളിലും പ്രധാന പങ്കുവഹിച്ചു.

കാലഹരണപ്പെട്ട സമരരീതികളും പദാവലിയും ഒഴിവാക്കുമെന്ന പ്രഖ്യാപനത്തിലും സ്ത്രീപക്ഷം, പരിസ്ഥിതി, സാമൂഹിക നീതി തുടങ്ങിയ മേഖലകളെ സ്പർശിക്കുന്ന നയങ്ങൾ രൂപപ്പെടുത്തുന്നതിലും യുവനിരയുടെ പങ്കുണ്ട്. ഗ്രൂപ്പ് തല ചർച്ചകളിൽ ഉയർന്ന നിർദേശങ്ങൾ പരിശോധിച്ച് അംഗീകാരം നൽകിയതും ചിന്തൻ ശിബിര പ്രഖ്യാപനം തയാറാക്കിയതും ടി.സിദ്ദിഖ് ചെയർമാനും പഴകുളം മധു കൺവീനറുമായ കണ്ടന്റ് കമ്മിറ്റിയാണ്.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുള്ള കണ്ടന്റ് കമ്മിറ്റിയാണ് ചിന്തൻ ശിബിർ പ്രഖ്യാപനമായ മിഷൻ 24ന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുക. 5 ഉപസമിതികൾ 2 മാസത്തോളമെടുത്തു തയാറാക്കിയ റിപ്പോർട്ടുകളാണ് 2 ദിവസത്തെ ശിബിരം ചർച്ച ചെയ്തത്.

പ്രതിനിധികളെ 5 ഗ്രൂപ്പുകളാക്കി തിരിച്ചു. ശിബിരവേദിയിലെ 5 ഇടങ്ങളിലായി ഒത്തുകൂടിയ പ്രതിനിധികൾ മണിക്കൂറുകളെടുത്ത് റിപ്പോർട്ടുകൾ ചർച്ച ചെയ്തു. ഭേദഗതികൾ നിർദേശിച്ചു. രാത്രി വൈകിട്ട് ഭേദഗതികൾ സഹിതം പരിഷ്‌കരിച്ച റിപ്പോർട്ട് കണ്ടന്റ് കമ്മിറ്റിക്കു സമർപ്പിച്ചു. ഈ റിപ്പോർട്ടുകൾ സമാഹരിച്ചാണു ചിന്തൻ ശിബിരത്തിന്റെ പ്രഖ്യാപനം തയാറാക്കിയത്.

പുനഃസംഘടന സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിനാവശ്യമാണെന്ന് കെപിസിസി ചിന്തൻ ശിബിരത്തിൽ മിഷൻ 24 സമിതി ചൂണ്ടിക്കാട്ടി. ഡിസിസി, ബ്ലോക്ക് പുനഃസംഘടന ഓഗസ്റ്റ് 31 ന് മുൻപും മണ്ഡലം, ബൂത്ത് പുനഃസംഘടന ഒക്ടോബർ 30നു മുൻപും പൂർത്തിയാക്കണം. വർഗീയ സംഘടനകളുടെ വോട്ട് വേണ്ട എന്ന നിലപാട് പരസ്യമായി പ്രഖ്യാപിക്കണം. അതേ സമയം സാമുദായിക സംഘടനകളുമായി സൗഹൃദം സ്ഥാപിക്കണമെന്നും നിർദേശങ്ങളിലുണ്ട്.

സിപിഎം മാതൃകയിൽ കോൺഗ്രസിലും സമയബന്ധിതമായി പാർട്ടി സമ്മേളനങ്ങൾ നടത്തണമെന്നും ചിന്തൻ ശിബിറിൽ നിർദ്ദേശം ഉയർന്നിരുന്നു. എല്ലാ വർഷവും ഡിസംബർ 28നു സംസ്ഥാന സമ്മേളനം നടക്കുന്ന രീതിയിൽ ബൂത്ത് തലം മുതൽ സമ്മേളനങ്ങൾക്കു സമയക്രമം നിശ്ചയിക്കണമെന്ന നിർദേശമാണ് ഇന്നലെ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലുള്ളത്. എന്നാൽ, എല്ലാ വർഷവും സമ്മേളനം നടത്തുന്നതു പ്രായോഗികമല്ലെന്നും രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മതിയെന്നും പ്രതിനിധികൾ ഭേദഗതി ഉന്നയിച്ചു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു 18 മാസത്തെ പ്രവർത്തന കലണ്ടറാണു തയാറാക്കിയത്. 3 മാസം വീതമുള്ള 6 പാദങ്ങളായാണു പ്രവർത്തനങ്ങൾ വിഭജിച്ചത്. ഒരു പഞ്ചായത്തിൽ ഒരു മണ്ഡലം കമ്മിറ്റി എന്ന നിലയിൽ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള സിപിഎംബിജെപി പോര് ചില വിഭാഗങ്ങളുടെ സ്വാധീനം നേടാനുള്ള തിരഞ്ഞെടുപ്പു തന്ത്രമാണെന്ന വസ്തുത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുറന്നു കാണിക്കണമെന്ന നിർദ്ദേശം രാഷ്ട്രീയകാര്യ റിപ്പോർട്ടിലുണ്ട്.

ആദിവാസി, ദലിത്, മത്സ്യത്തൊഴിലാളി, കൃഷി മേഖലകളിൽ സ്വാധീനം വർധിപ്പിക്കാൻ ഓരോ മേഖലയുടെയും ആവശ്യങ്ങൾ അടങ്ങിയ 'അവകാശ പത്രികകൾ' പ്രഖ്യാപിച്ചു സമരങ്ങൾ നടത്തണമെന്നും നിർദേശമുണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കർമപദ്ധതികളും രാഷ്ട്രീയം, സംഘടന, സാമ്പത്തികം, ഔട്ട് റീച്ച് കമ്മിറ്റികളുടെ റിപ്പോർട്ടുമാണ് ഇന്നലെ അവതരിപ്പിച്ചത്. പ്രതിനിധികൾ 5 ഗ്രൂപ്പുകളായി ഓരോ റിപ്പോർട്ടിനെക്കുറിച്ചും ചർച്ച ചെയ്തു. കണ്ടന്റ് കമ്മിറ്റി ചർച്ച നടത്തിയ ശേഷം ചിന്തൻ ശിബിരത്തിന്റെ തീരുമാനങ്ങൾ ഇന്നലത്തെ സമാപന യോഗത്തിൽ പ്രഖ്യാപിച്ചു.

184 പ്രതിനിധികളും 25 ക്ഷണിതാക്കളും ഉൾപ്പെടെ 209 പേരാണു ശിബിരത്തിൽ പങ്കെടുക്കേണ്ടത്. വിവിധ കാരണങ്ങളാൽ 22 പേർ പങ്കെടുക്കുന്നില്ല. 162 പ്രതിനിധികൾ ഉൾപ്പെടെ 187 പേരാണു പങ്കെടുക്കുന്നത്. എ.കെ.ആന്റണി, വയലാർ രവി, സി.വി.പത്മരാജൻ, തെന്നല ബാലകൃഷ്ണ പിള്ള, ആര്യാടൻ മുഹമ്മദ് തുടങ്ങി ഒട്ടേറെ മുതിർന്ന നേതാക്കൾ ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണു വിട്ടുനിൽക്കുന്നത്. സ്ഥലത്ത് ഇല്ലാത്തതിനാൽ എത്തില്ലെന്നു ശശി തരൂർ എംപി അറിയിച്ചിരുന്നു.