കൊച്ചി: പണം തട്ടിയ കേസിൽ കൊച്ചി കോർപറേഷൻ കൗൺസിലർ അറസ്റ്റിൽ. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കൗൺസിലർ ടിബിൻ ദേവസിയാണ് പിടിയിലായത്. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ ഫയാസ്, ഷെമീർ എന്നിവരേയും എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ് ടിബിൻ ദേവസി.

ടിബിന്റെ സുഹൃത്ത് ഫയാസും കൃഷ്ണമണിയും ബിസിനസ് പങ്കാളികളായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ടിബിൻ ദേവസി ഇടപെട്ട് കൃഷ്ണമണിയെ മർദ്ദിച്ചെന്നും പണം തട്ടിയെന്നുമാണ് കേസ്. കൃഷ്ണമണിയെ ടിബിനും സംഘവും കാറിൽ തട്ടിക്കൊണ്ടുപോയി 40 ലക്ഷം ആവശ്യപ്പെട്ടെന്നാണ് പരാതി. ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ കൃഷ്ണമണിയേക്കൊണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു.

കൃഷ്ണമണിയുടെ ഭാര്യാപിതാവ് ജോലി ചെയ്യുന്ന ആശുപത്രിയിൽ എത്തിച്ച ശേഷം അവിടെവെച്ചും മർദ്ദിച്ചു. 20 ലക്ഷം രൂപ നൽകണമെന്ന് ഭാര്യാ പിതാവിനേക്കൊണ്ട് മുദ്രപത്രത്തിൽ ഒപ്പിട്ടുവാങ്ങിയെന്നും കൃഷ്ണമണി ആരോപിക്കുന്നു.കൊച്ചി കോർപറേഷൻ വാത്തുരുത്തി ഡിവിഷനിലെ യുഡിഎഫ് കൗൺസിലറാണ് ടിബിൻ ദേവസി.

കോളേജ് വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചതിനടക്കം നിരവധി കേസുകൾ ടിബിൻ ദേവസിയുടെ പേരിലുണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ എസ്എഫ്ഐ കൊടിമരം നശിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു.