- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടവർ പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെ; വിമർശകരുടെ ലക്ഷ്യം കോൺഗ്രസിന് പുത്തൻ ഉണർവ്വ് നൽകുക എന്നതു തന്നെ; അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു രാഹുൽ ഗാന്ധി നേതാക്കളോടും പ്രവർത്തകരോടും കൂടുതൽ സംവദിക്കാൻ തയ്യാറകണമെന്നും ആവശ്യം; തരൂർ അടക്കമുള്ളവർ അയച്ചത് ഒന്നല്ല, മൂന്ന് കത്തുകൾ; ഫെബ്രുവരിയിൽ എഐസിസി സമ്മേളനം വിളിച്ചു പ്രവർത്തക സമിതിയിലും പൊളിച്ചുപണി വന്നേക്കും; ഗാന്ധി കടുംബം നയിക്കാൻ ഇല്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് ശശി തരൂരും ഗുലാം നബി ആസാദും അടക്കമുള്ള നേതാക്കൾ ഉയർത്തിയ ആവശ്യങ്ങളിൽ നിന്നും തൽക്കാലം പിന്നോട്ടില്ലെന്ന് സൂചന. തങ്ങൾ വിമതർ അല്ലെന്നും പാർട്ടിക്ക് പുത്തൻ ഉണർവ്വ് നൽകുക എന്നതു മാത്രമാണ് ലക്ഷ്യമെന്നുമാണ് ഇവർ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി നയിക്കണം എന്നു തന്നെയാണ് നേതാക്കൾ ആഗ്രഹിക്കുന്നത്. എന്നാൽ, അദ്ദേഹം കൂടുതൽ സജീവമായി ഇടപെടണം എന്നതാണ് ആവശ്യം. കോൺഗ്രസിലെ കത്തെഴുത്തു വിവാദത്തിൽ ഉൾപ്പെട്ട നേതാക്കൾ. കത്തെഴുതിയ 23 നേതാക്കളും ഒരുമിച്ച് പ്രസ്താവന ഇറക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും പലരും സമൂഹമാധ്യമങ്ങളിലും മറ്റുമായി പ്രത്യേകം പ്രത്യേകം പ്രതികരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രവർത്തക സമിതി യോഗത്തിലുണ്ടായ വിമർശനത്തിൽ വികാരഭരിതനായി ട്വീറ്റ് ചെയ്യുകയും പിന്നീട് അതു പിൻവലിക്കുകയും ചെയ്ത കപിൽ സിബൽ ഒന്നും വ്യക്തമായി പറയാതെ പുതിയ ട്വീറ്റിട്ടു: ഇത് ഏതെങ്കിലും സ്ഥാനങ്ങൾക്കല്ല. രാജ്യത്തിന്റെ താൽപര്യങ്ങളാണു പ്രധാനം. കത്ത് ഒരു പാതകമായി എന്നു കരുതിയവരൊക്കെ അതിലെ വിഷയങ്ങൾ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണെന്നു വൈകാതെ മനസിലാക്കുമെന്ന് മുകുൾ വാസ്നിക് പറഞ്ഞു. കത്ത് നേതൃത്വത്തിനെതിരായ വെല്ലുവിളിയായിരുന്നില്ല, നടപടികൾക്കു വേണ്ടിയുള്ള അഭ്യർത്ഥനയായിരുന്നുവെന്ന് വിവേക് തൻഖ എംപിയും പറഞ്ഞു. വിമതരല്ല, മാറ്റത്തിന്റെ വക്താക്കളാണ് എന്നു തൻഖ ട്വീറ്റിൽ പറഞ്ഞു.
കത്തിൽ തെറ്റൊന്നുമില്ലെന്നും അത് സോണിയാജിയെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു വീരപ്പമൊയ്ലിയുടെ പ്രതികരണം. സോണിയ പാർട്ടിക്ക് അമ്മയെപ്പോലെയാണ്. കത്തിൽ പറഞ്ഞത് സോണിയ മാറണമെന്നല്ല. പാർട്ടി കൂടുതൽ ഊർജ്വസ്വരമാകണമെന്നും അതിനു വേണ്ട പൊളിച്ചെഴുത്തു വേണമെന്നുമാണ്. ആ നിലപാടിൽ മാറ്റമില്ല. കത്തെഴുതിയവർ പാർട്ടി വിടുമെന്നു കരുതേണ്ടെന്നും മൊയ്ലി പറഞ്ഞു.
പ്രവർത്തക സമിതി യോഗത്തിനു ശേഷം സോണിയക്കു കത്തെഴുതിയ 23 പേരിലുൾപ്പെട്ട ശശി തരൂർ, കപിൽ സിബൽ, ആനന്ദ് ശർമ എന്നിവർ ഗുലാംനബി ആസാദിന്റെ വീട്ടിൽ യോഗം ചേർന്നിരുന്നു. പ്രത്യേകിച്ചൊന്നുമില്ലെന്നും പ്രവർത്തക സമിതി യോഗത്തിലെ ചർച്ചകൾ വിലയിരുത്താനായിരുന്നു ഇതെന്നും ആനന്ദ് ശർമ വ്യക്തമാക്കി. എല്ലാവരും തൃപ്തരാണെന്നു പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത മറ്റൊരു നേതാവും പറഞ്ഞു. കത്തിനെ പാർട്ടിയെ സജീവമാക്കാനുള്ള നീക്കമായി മാത്രം കണ്ടാൽ മതിയെന്നു നേതാക്കളിലൊരാൾ പറഞ്ഞു. സോണിയ ഗാന്ധിക്കോ ഗാന്ധി കുടുംബത്തിനോ എതിരായുള്ള നീക്കമായി വ്യാഖ്യാനിക്കരുത്. കത്തെഴുതിയവർ പലരും അരനൂറ്റാണ്ടോളമായി ഈ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
അതസമയം കോൺഗ്രസ് നേതൃത്വത്തിന് മുതിർന്ന നേതാക്കൾ അയച്ചത് മൂന്ന് കത്തുകളായിരുന്നു. ഓഗസ്റ്റ് 7, 9, 17 തീയതികളിൽ അയച്ച കത്തുകൾ ഒരു പോലെയല്ലെങ്കിലും അവയിലെല്ലാം ഒരു കാര്യം ആവർത്തിച്ചത് ഗാന്ധി കുടുംബത്തിനു പുറത്തുള്ള വ്യക്തി പാർട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം. എന്നാൽ പ്രവർത്തക സമിതി യോഗത്തിലെ ചർച്ച തങ്ങൾക്ക് അനുകൂലമല്ല എന്ന് മനസ്സിലായതോടെ ഇപ്പോൾ വിമതർ ആരും ഇത് ഊന്നിപ്പറയുന്നില്ല. രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം എന്നു പ്രവർത്തക സമിതിയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതോടെ വിമതരിൽ പലരും അതിനോട് യോജിച്ചു.
5 മാസം മുൻപു ശശി തരൂർ വീട്ടിൽ നടത്തിയ അത്താഴവിരുന്നിലാണ് ഈ കത്തിനെക്കുറിച്ച് ആദ്യം ചർച്ച നടന്നതെന്ന് അതിൽ പങ്കെടുത്ത പി ചിദംബരം, മണിശങ്കർ അയ്യർ, അഭിഷേക് മനു സിങ്വി എന്നിവർ വെളിപ്പെടുത്തി. എന്നാൽ ഈ 3 പേരും കത്തിൽ ഒപ്പുവച്ചില്ല. ഇതേക്കുറിച്ച് ഡൽഹി പത്രത്തിൽ വന്ന വാർത്ത ശശി തരൂർ നിഷേധിച്ചതുമില്ല. അസ്വാസ്ഥ്യകരമായ ശാന്തതയാണ് നിലവിൽ പാർട്ടിയിൽ. തീയണഞ്ഞുവെങ്കിലും എന്തൊക്കെയോ പുകയുന്നുണ്ട്. വിമതരെ നിശ്ശബ്ദരാക്കി എന്ന് ഔദ്യോഗികപക്ഷം ആശ്വസിക്കുന്നു. എന്നാൽ ഈ കത്ത് ഒരവസാനമല്ല, തുടക്കം മാത്രമാണ് എന്നു വിമതർ പറയുന്നു. തിങ്കളാഴ്ച പ്രവർത്തക സമിതി യോഗത്തിനു ശേഷം, രാത്രി കത്തെഴുതിയവരിലെ പ്രമുഖർ യോഗം ചേർന്നിരുന്നു. കൂട്ടായ ഒരു പ്രസ്താവന പുറപ്പെടുവിച്ച് തങ്ങളുടെ നിലപാട് പരസ്യപ്പെടുത്തണം എന്ന് ഈ യോഗത്തിൽ അഭിപ്രായമുയർന്നു. എന്നാൽ അത് വീണ്ടും ഏറ്റുമുട്ടലിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നതിനാൽ ഒറ്റയ്ക്കൊറ്റയ്ക്കു തങ്ങളുടെ നിലപാട് പരസ്യപ്പെടുത്താൻ തീരുമാനമായി. അതു പ്രകാരം ചൊവ്വാഴ്ച കപിൽ സിബലും വീരപ്പ മൊയ്ലിയും പ്രസ്താവന നടത്തി.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള എഐസിസി പ്ലീനറി എന്നു ചേരാൻ കഴിയുമെന്നതാണ് ഇപ്പോഴത്തെ ആലോചന. കോവിഡ് സ്ഥിതി അനുസരിച്ചു മാത്രമേ യോഗം വിളിക്കാനാകൂ. പിസിസി അംഗങ്ങളും ഇതിൽ പങ്കെടുക്കണം. ഫെബ്രുവരിയോടെയെങ്കിലും സാധിക്കുമോ എന്നു പരിശോധിക്കുന്നു. അതുവരെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെ സഹായിക്കാൻ 4 അംഗ സമിതിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റു നേതാക്കളോടു സംസാരിക്കാൻ സമയം കണ്ടെത്തിയാൽത്തന്നെ കോൺഗ്രസിലെ 50% അസ്വസ്ഥതയും തീരുമെന്നു മുതിർന്ന കോൺഗ്രസ് നേതാവും ലാൽബഹാദൂർ ശാസ്ത്രിയുടെ മകനുമായ അനിൽ ശാസ്ത്രി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. രാഹുൽ സ്ഥാനമേറ്റെടുക്കില്ലെന്നതിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പ്രിയങ്ക ഗാന്ധിയെ പ്രസിഡന്റാക്കുന്നതാവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കയ്ക്ക് നല്ല ജനപ്രീതിയുണ്ട്. കോൺഗ്രസിന്റെ നേതൃത്വം ഗാന്ധികുടുംബത്തിൽ നിന്നു തന്നെയാകുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലതെന്നും അനിൽ ശാസ്ത്രി പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത വെല്ലുവിളിയുയർത്താൻ പ്രിയങ്കയ്ക്കു കഴിയും.
രാഹുൽഗാന്ധി സ്ഥാനൊഴിഞ്ഞതിനു ശേഷവും രാഹുലിന്റെ ടീമിൽപ്പെട്ടവർ തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും പല നേതാക്കൾക്കും രാഹുലിനെ കാണാൻ സമയം കിട്ടുന്നില്ലെന്നും ചില നേതാക്കൾ പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി വിട്ട പല നേതാക്കളും രാഹുലിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്ത കാലത്ത് സച്ചിൻ പൈലറ്റിനു മാത്രമാണ് അവസരം ലഭിച്ചത്. അദ്ദേഹം ഇപ്പോഴും പാർട്ടിയിൽ തുടരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്നു സോണിയ ഗാന്ധിയും പദവിയിലേക്ക് ഇനിയില്ല എന്ന് രാഹുൽ ഗാന്ധിയും പറയുന്നതു കാരണമാണ് ഗാന്ധി കുടുംബത്തിന് പുറത്തുള്ള പ്രസിഡന്റ് വരണം എന്നു കത്തിൽ ഏഴുതിയതെന്നാണ് ഇപ്പോൾ പല വിമത നേതാക്കളും പറയുന്നത്. ഗാന്ധി കുടുംബത്തിനു പുറത്തുള്ള വ്യക്തിയെ പ്രസിഡന്റ് സ്ഥാനത്തേക്കു കണ്ടെത്താൻ രാഹുൽ ഗാന്ധി രാജിവച്ച സമയത്ത് ശ്രമം നടത്തിയതാണ്. അങ്ങനെ ഒരാളെ കണ്ടെത്താനാകാതെ വന്നപ്പോഴാണ് സോണിയയുടെ പേരിൽ എത്തിയത്.
രാജ്യസഭയിലെ പാർട്ടി നേതാവായ ഗുലാം നബി ആസാദ് തന്നെ കത്തെഴുതുന്നതിന് നേതൃത്വം നൽകിയതാണ് ഗാന്ധി കുടുംബത്തിന് അദ്ഭുതമായത്. ഗുലാം നബിയുടെ രാജ്യസഭാംഗത്വം 2021 ഫെബ്രുവരി 15ന് തീരുകയാണ്. അഞ്ചാം തവണയാണ് രാജ്യസഭാഗമാകുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ആസാദ്. വിമതർ കത്തിൽ ഉന്നയിച്ച മറ്റൊരു ആവശ്യം കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടത്തി അംഗങ്ങളെ നിശ്ചയിക്കണം എന്നാണ്. ഇപ്പോഴുള്ള 52 പേരെയും രാഹുൽ ഗാന്ധി നാമനിർദ്ദേശം ചെയ്തതാണ്. അതു പോലെ തന്നെ 10 അംഗ പാർലമെന്ററി ബോർഡ് രൂപീകരിക്കമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടൻ മലയാളിയുടെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
മറുനാടന് മലയാളി ബ്യൂറോ