- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലക്കാട്ട് വി ടി ബൽറാം അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാക്കൾ; തിരുവനന്തപുരത്ത് കെ എസ് ശബരീനാഥൻ വരട്ടെയെന്നു ആവശ്യം; ദളിത്, വനിതാ പ്രാതിനിധ്യം ഇല്ലാത്തതും പ്രശ്നം; ഹൈക്കമാൻഡിന് ഡിസിസി അധ്യക്ഷ പാനൽ പട്ടിക കൈമാറിയിട്ടും പരാതികൾ തീരുന്നില്ല; അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേത്
ന്യൂഡൽഹി: കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടികയിലെ പ്രഖ്യാപനം നീണ്ടു പോകുകയാണ്. ഹൈക്കമാൻഡിന് മുന്നിൽ സമർപ്പിച്ച പട്ടികയിൽ ഇനിയും തിരുത്തു വന്നേക്കമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും തർക്കങ്ങൾ രൂപം കൊണ്ടിരിക്കുന്നത്. പാലക്കാട്ട് ഗ്രൂപ്പിന് അതീതമായി തന്നെ വി ടി ബൽറാമിന് മുതിൽന്ന നേതാക്കളുടെ പിന്തുണയുണ്ട്. എന്നാൽ, എ തങ്കപ്പനാണ് പുതിയ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കെ എസ് ശബരീനാഥിനെ അധ്യക്ഷനാക്കണം എന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്.
ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട അന്തിമ പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഗണനയിലിരിക്കെയാണ് പട്ടികയിൽ വീണ്ടും മാറ്റം വരണമെന്ന ആവശ്യം ശക്തമാകുന്നത്. വൻ പരാതി പ്രവാഹമാണ് ഇ-മെയിൽ വഴി ഹൈക്കമാന്റിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. കെ.സുധാകരനെയും വി.ഡി.സതീശനെയും കെ.സി.വേണുഗോപാലിനെയും ലക്ഷ്യം വെച്ചുകൊണ്ടാണ് പരാതികൾ. ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ വന്നവർ ഇപ്പാേൾ സ്വയം ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന വിധത്തിലാണ് പരാതികൾ. എന്നാൽ, ഇപ്പോഴത്തെ പട്ടികയിൽ ഏറ്റവും ക്ഷീണം സംഭവിച്ചിരിക്കുന്നത് രമേശ് ചെന്നിത്തലക്കാണ്. ചെന്നിത്തല അനുയായികളും ്പരാതികൾക്ക് പിന്നിലുണ്ട്.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പാലോട് രവിക്കെതിരെ രൂക്ഷ വിമർശനമാണ് കത്തുകളിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കൂട്ടുനിന്ന വ്യക്തിയാണ് പാലോട് രവി. ഇക്കാര്യം നേരത്തെ അന്വേഷണം നടത്തിയ സമിതിയുടെ റിപ്പോർട്ടിലുമുണ്ട്. അത്തരമൊരു വ്യക്തിയെയാണ് ഇപ്പോൾ തിരുവനന്തപുരത്ത് അധ്യക്ഷനായി പരിഗണിക്കുന്നത്. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് ഈ പരാതികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരത്ത് കെ.എസ്. ശബരീനാഥിനെയും പാലക്കാട് വി.ടി.ബൽറാമിനെയും പരിഗണിക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമപട്ടിക നിലവിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഗണനയിലാണ്. ഇതിൽ എന്തെങ്കിലും മാറ്റം വരുത്തുന്നെങ്കിൽ അതിൽ തീരുമാനം എടുക്കേണ്ടതും സോണിയ ഗാന്ധിയാണ്. അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയുടെ ഓഫീസിലാണ് നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്. എന്തായിരിക്കും പട്ടികയുടെ ഭാവി എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന ഭിന്നത സൂചിപ്പിക്കുന്നത്.
ദളിത്-വനിതാ പ്രാതിനിധ്യം ഇല്ലാത്തതുമായി ബന്ധപ്പെട്ടാണ് മറ്റോരു പരാതി. കോൺഗ്രസിന് നായർ, ഈഴവ, ക്രിസ്ത്യൻ, മുസ്ലിം വോട്ടുകൾ മാത്രം മതിയോ എന്നാണ് ദളിത് പ്രാതിനിധ്യവുമായി ബന്ധപ്പെട്ട പരാതികളിലുള്ളത്. ഒരു വനിതയെപ്പോലും കണ്ടെത്താൻ കഴിയാത്ത ഗതികേടിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തിയോ എന്നും ചില പരാതികളിൽ ചോദിക്കുന്നുണ്ട്. ചില ജില്ലകൾ വൃദ്ധസദനങ്ങളാക്കി മാറ്റാനാണ് നേതാക്കൾ ശ്രമിച്ചിരിക്കുന്നതെന്നും ഇവർ പരാതിയിൽ പറയുന്നു. പാലോട് രവി, രാജേന്ദ്ര പ്രസാദ്, എൻ.ഡി അപ്പച്ചനടക്കമുള്ള നേതാക്കൾക്ക് 70 വയസ്സിന് മുകളിലാണ് പ്രായം. യുവാക്കളെ തഴഞ്ഞ് വൃദ്ധർക്ക് അവസരം നൽകുന്നുവെന്നും പരാതികളിൽ ബോധിപ്പിക്കുന്നുണ്ട്.
ഇതിനിടെ തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ പാലോട് രവിക്കെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പാലോട് രവിയെ പരിഗണിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു പ്രതിഷേധം. പാലോട് രവിക്ക് ബിജെപി ബന്ധമുണ്ടെന്നും കോൺഗ്രസ്സിനെ കാലാകാലങ്ങളായി തോൽപ്പിക്കാൻ ശ്രമിക്കുന്നതാണോ ഡിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള യോഗ്യതയെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.
ഇപ്പോഴത്തെ പട്ടികയിൽ ഇനി മാറ്റം വരണമെങ്കിൽ സോണിയ ഗാന്ധിയോ എകെ ആന്റണിയോ വിചാരിക്കണം. ഏതായാലും അവസാന പട്ടികയിലും എ, ഐ ഗ്രൂപ്പുകൾ അമർഷത്തിലാണ്. ആവശ്യമായ കൂടിയാലോചകൾ നടത്താതെ രൂപം നൽകിയ പട്ടികയിൽ അർഹരായവർക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്നും ഗ്രൂപ്പുകൾ പരാതി ഉന്നയിക്കുന്നു. സുധാകരൻ ഇന്നലെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം ആദ്യ പട്ടികയിലെ ഒൻപതു പേരെയാണ് മാറ്റിയത്. കെസി വേണുഗോപാലും വിഡി സതീശനും മുമ്പോട്ട് വച്ച പല പേരുകളും വെട്ടി. എന്നാൽ പാലക്കാട് എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന സുധാകരന്റെ മോഹം നടന്നതുമില്ല.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിയാലോചകൾ നടത്തിയും സാമുദായിക സന്തുലനം ഉറപ്പാക്കിയുമാണു പട്ടികയ്ക്കു രൂപം നൽകിയതെന്നാണു ഔദ്യോഗിക നേതൃത്വം പറയുന്നു. സാമുദായിക സന്തുലനം ഉറപ്പാക്കാൻ വ്യാഴാഴ്ച രാത്രി നടന്ന അവസാനവട്ട ചർച്ചകളിൽ മുൻപ് നിശ്ചയിച്ചിരുന്ന പേരുകളിൽ മാറ്റം വന്നു. സുധാകരന്റെ ഇടപെടലായിരുന്നു ഇതിന് കാരണം. ഇപ്പോഴും വനിതകളും ദളിതരും പട്ടികയിൽ ഇല്ല.
തിരുവനന്തപുരത്ത് പാലോട് രവി ഇടം പിടിച്ചു. ആലപ്പുഴയിൽ രമേശ് ചെന്നിത്തല നിർദ്ദേശിച്ച ബാബുപ്രസാദ് നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചില്ലെന്ന പരാതിയുയർന്നതോടെ കെ.പി.ശ്രീകുമാറിനു നറുക്കുവീണു. ഫിൽസൺ മാത്യൂസിലൂടെ കോട്ടയത്ത് യാക്കോബായ പ്രാതിനിധ്യം ഉറപ്പാക്കി. ഇടുക്കിയിൽ എസ്.അശോകനും പാലക്കാട്ട് എ.തങ്കപ്പനും വയനാട്ടിൽ എൻ.ഡി.അപ്പച്ചനും കാസർകോട്ട് പി.കെ.ഫൈസലും കൊല്ലത്ത് പി.രാജേന്ദ്ര പ്രസാദും മലപ്പുറത്ത് വി എസ്. ജോയിയും പട്ടികയിലെത്തി.
പേരുറപ്പിച്ചിരുന്ന സതീഷ് കൊച്ചുപറമ്പിൽ (പത്തനംതിട്ട), മുഹമ്മദ് ഷിയാസ് (എറണാകുളം), ജോസ് വള്ളൂർ (തൃശൂർ), കെ.പ്രവീൺകുമാർ (കോഴിക്കോട്) മാർട്ടിൻ ജോർജ് (കണ്ണൂർ) എന്നിവരെ നിലനിർത്താനും തീരുമാനിച്ചു. സ്ത്രീകൾക്കും ദളിതർക്കും ഓർത്തഡോക്സ്, ലത്തീൻ കത്തോലിക്ക, മാർത്തോമ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ലഭിച്ചില്ലെന്നതടക്കമുള്ള പരാതികളാണ് ഉയരുന്നത്. പ്രാതിനിധ്യം ലഭിക്കാത്തവർക്കെല്ലാം കെപിസിസി. ഭാരവാഹിപ്പട്ടികയിൽ ഇടം നൽകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
കേരള കോൺഗ്രസ് എം അടക്കം വിട്ടുപോയ സാഹചര്യത്തിൽ കോട്ടയത്ത് ക്രിസ്ത്യാനി തന്നെ വേണമെന്ന് സമ്മർദം ഉയർന്നതോടെ ഉമ്മൻ ചാണ്ടിയുടെ പിന്തുണയുള്ള യാക്കോബായ വിഭാഗത്തിപ്പെട്ട ഫിൽസൺ മാത്യൂസിന് നറുക്ക് വീണു. വയനാട്ടിൽ രാഹുൽഗാന്ധി എൻ.ഡി. അപ്പച്ചനെ നിർദ്ദേശിച്ചതിനാൽ കെ.കെ. അബ്രഹാമിനെ മാറ്റി. ഇതു രണ്ടും സുധാകരന്റെ ഇടപെടൽ ഫലമായിരുന്നു. മുൻ അധ്യക്ഷന്മാർക്ക് അവസരം നൽകേണ്ട എന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട്ട് എ.വി. ഗോപിനാഥിനെ മാറ്റിയെങ്കിലും മുൻ അധ്യക്ഷനായ അപ്പച്ചനെ വയനാട്ടിൽ നിശ്ചയിക്കേണ്ടി വന്നത് രാഹുൽ ഗാന്ധിയുടെ പിന്തുണ കാരണമാണ്. നായർ-മൂന്ന്, ഈഴവ-നാല്, ക്രിസ്ത്യൻ-അഞ്ച്, മുസ്ലിം-രണ്ട് എന്നിങ്ങനെയാണ് സമുദായങ്ങൾക്ക് പട്ടികയിൽ ഇടം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ