ന്യൂഡൽഹി: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ സിപിഎമ്മും സിപിഐയുമടക്കം അഞ്ച് പാർട്ടികളുടെ സഖ്യം രൂപീകരിച്ച് കോൺഗ്രസ്. സിപിഎം,സിപിഐ, ആർഎസ്‌പി, ജനതാദൾ എസ്, ഫോർവേർഡ് ബ്ലോക്ക് എന്നിവയടക്കം അഞ്ച് പാർട്ടികളുടെ സഖ്യവുമായാണ് കോൺഗ്രസ് മണിപ്പൂരിൽ ബിജെപിയെ നേരിടുക. നിലവിൽ 40 സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ സിപിഐയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിലും കോൺഗ്രസ് ബന്ധത്തെ ചൊല്ലി കേരളം അടക്കം വിമർശനം ഉയർത്തിയ സാഹചര്യം നിലനിൽക്കേയാണ് മണിപ്പൂരിലെ സഖ്യ പ്രഖ്യാപനം. മതേതരശക്തികളെ ഒന്നിച്ച് നിർത്തി ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യം പ്രഖ്യാപിച്ചത്.

അറുപതിൽ 28 സീറ്റ് കോൺഗ്രസും 21 സീറ്റ് ബിജെപിയും നേടിയ കഴിഞ്ഞ തവണ ഇരു പാർട്ടികളും തമ്മിൽ ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളുവെങ്കിലും കൂടുമാറ്റം ഏറെ നടന്ന സംസ്ഥാനത്ത് 39 എംഎൽഎമാരുടെ പിന്തുണയോടെ ബിജെപിയാണ് സർക്കാർ രൂപീകരിച്ചത്. ഭരണവിരുദ്ധ വികാരവും , വോട്ട് ശതമാനവുമെല്ലാം ചൂണ്ടിക്കാട്ടി സഖ്യത്തിന് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാകുമെന്ന് കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ചില സീറ്റുകളിൽ ഇടത്പാർട്ടികളും കോൺഗ്രസും തമ്മിൽ സൗഹൃദ മത്സരമുണ്ടാകുമെങ്കിലും നിർണായക സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം കരുതലോടെയാകും. സഖ്യത്തിന്റെ പേര് നിശ്ചയിക്കുന്നതിലും പൊതു മിനിമം പരിപാടി രൂപീകരിക്കുന്നതിലും ഉടനെ തീരുമാനമെടുക്കും.