- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബീഹാറും പുതുച്ചേരിയും പാഠം; കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാകില്ലെന്ന് ഡിഎംകെ; പരമാവധി 21 സീറ്റുകൾ നൽകാൻ സന്നദ്ധത അറിയിച്ച് സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാൻ കഴിയില്ലെന്ന ഡി.എം.കെ നേതാവ് സ്റ്റാലിന്റെ നിലപാടിന് കാരണം ബീഹാറിലെയും പുതുച്ചേരിയിലേയും അനുഭവങ്ങൾ. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ കോൺഗ്രസിന് പരമാവധി 21 സീറ്റുകൾ മാത്രമേ നൽകാനാകൂ എന്ന നിലപാടിലാണ് സ്റ്റാലിൻ. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതാകട്ടെ, ബീഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസിന്റെ മോശം പ്രകടനവും പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎമാരുടെ കാലുമാറ്റവുമാണ്. മുന്നണിയായി മത്സരിച്ചാലും തനിച്ച് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനാകൂ എന്ന നിലപാടിലാണ് ഡിഎംകെ.
സീറ്റ് നിർണയ ചർച്ചയ്ക്കായി തമിഴ്നാട്ടിലെത്തിയ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവർത്തക സമിതിയോടും സ്റ്റാലിൻ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകളേക്കാൾ കൂടുതൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അനുവദിക്കാനാകില്ലെന്നാണ് ഡി.എം.കെ നേതാവ് സ്റ്റാലിൻ വ്യക്തമാക്കിയത്. തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം ദിനേശ് ഗുണ്ടുറാവു, പുതുച്ചേരി മുന്മുഖ്യമന്ത്രി നാരായണസാമി, എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. പുതുച്ചേരിയിൽ സഖ്യമായി മത്സരിക്കാനില്ലെന്ന് ഡി.എം.കെ അറിയിച്ചിരുന്നു. എന്നാൽ സഖ്യ സാധ്യതകളുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തമിഴ്നാട്ടിൽ 41 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ഡി.എം.കെ കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകില്ലെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ തവണ 41 സീറ്റുകൾ ലഭിച്ചെങ്കിലും കോൺഗ്രസ് എട്ടു സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. ഈ സാഹചര്യം പരിഗണിച്ച് അധിക സീറ്റുകൾ അനുവദിക്കുന്നത് മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ഡി.എം.കെ വിലയിരുത്തുന്നത്.
കോൺഗ്രസിന് അധിക സീറ്റുകൾ നൽകിയാൽ അധികാരം നഷ്ടമാകുമെന്ന വിമർശനം ഡി.എം.കെ നേതൃത്വത്തിനുള്ളിൽ നിന്നും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ഡി.എം.കെയുമായി ചർച്ച നടത്തിയത്. എന്നാൽ ചർച്ചയിൽ സമവായത്തിലെത്താൻ സാധിക്കാത്തതിനാൽ ഇനിയും യോഗം ചേരേണ്ടിവരുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി പറഞ്ഞു. ഹൈക്കമാന്റിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന വിമർശനവും സ്റ്റാലിനുണ്ട്. ഇതോടെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലും ഡി.എം.കെയിലും ഭിന്നത രൂക്ഷമാകുകയാണ്.
മറുനാടന് മലയാളി ബ്യൂറോ