തിരുവനന്തപുരം : എയും ഐയും ഒന്നിച്ചിട്ടും പ്രതിപക്ഷനേതൃസ്ഥാനം കൈവിട്ടുപോയതോടെ കേരളത്തിലെ ഗ്രൂപ്പുകൾക്കുള്ളിൽ പൊട്ടിത്തെറി ആരംഭിച്ചുകഴിഞ്ഞു. രമേശ് ചെന്നിത്തല തുടരുന്നതിൽ എതിർപ്പുള്ള നിരവധിപേർ ഇരുഗ്രൂപ്പുകളിലും ഉണ്ടായിരുന്നു. ഇത് ഗ്രൂപ്പുകളുടെ പ്രഖ്യാപിത ലക്ഷ്യത്തിനെതിരായതിനാൽ ഇവരെല്ലാം നിലവിൽ ഗ്രൂപ്പുകളുടെ നോട്ടപ്പുള്ളികളായിമാറി. പ്രതിപക്ഷനേതൃസ്ഥാനം ഗ്രൂപ്പ് താൽപര്യങ്ങളെ പൂർണമായും ഹനിച്ചതിനാൽ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അങ്കത്തട്ടാകുകയാണ്. കെപിസിസി. അധ്യക്ഷനു പിന്നാലെ പാർട്ടിക്കുള്ളിൽ സമ്പൂർണ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തീരുമാനിച്ചതോടെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുമെന്ന് ഏറെക്കുറെ ഉറപ്പായി.

 

നേരത്തേ എ,ഐ ഗ്രൂപ്പുകളാണ് ഭാരവാഹികളെ നിശ്ചയിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഹൈക്കമാൻഡ് ഗ്രൂപ്പും ഗ്രൂപ്പുകൾക്കുള്ളിലെ ഗ്രൂപ്പുകളുമായി നിരവധി കൂട്ടായ്മകൾ കോൺഗ്രസിൽ സജീവമാണ്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുന്നതിനായി കൈകോർത്ത എ, ഐ ഗ്രൂപ്പുകൾ ചെന്നിത്തലയുടെ കത്ത് പുറത്തുവന്നതോടെ വീണ്ടും രണ്ടു വഴിക്കായി. ഉമ്മൻ ചാണ്ടിക്ക് ശേഷം എ ഗ്രൂപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. എ ഗ്രൂപ്പിൽ കെ.സി. ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിലും ചേർച്ചക്കുറവുണ്ട്. പ്രതിപക്ഷ നേതാവാകാൻ ആഗ്രഹിച്ച തിരുവഞ്ചൂരിനെ പിന്തുണയ്ക്കാതെ ചെന്നിത്തലയുമായി കൈകോർത്തതിനു പിന്നിൽ എ ഗ്രൂപ്പിലെ ചിലരുടെ നീക്കമായിരുന്നു.

ഇത് എ ഗ്രൂപ്പിൽ അഭിപ്രായഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി കെസി ജോസഫിനെ അമിതമായി ആശ്രയിക്കുന്നതിലും മറ്റുള്ളവർക്ക് താൽപര്യമില്ല. ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുക്കാൻ കെസി ജോസഫ് മുതൽ ഷാഫി പറമ്പിൽ വരെ രംഗത്തുണ്ട്. മുമ്പ് തമ്പാനൂർ രവി, ബെന്നി ബഹ്നാൻ, ആര്യാടൻ എന്നിങ്ങനെയുള്ള മുതിർന്ന നേതാക്കളെ മേഖലകളായി ചുമതലയേൽപ്പിച്ചും അവർക്ക് പുറമെ പിടി തോമസ്, കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ കൂടി മേൽനോട്ടത്തിലുമായിരുന്നു എ ഗ്രൂപ്പിന്റെ കേഡർ സംവിധാനത്തിലെ പ്രവർത്തനങ്ങൾ നടന്നിരുന്നത്.

എന്നാൽ ഇന്ന് ഗ്രൂപ്പ് നേതൃത്വത്തിനുള്ളിൽ ഭിന്നസ്വരങ്ങൾ ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഗ്രൂപ്പിന്റെ നേതാവാകാൻ ഈ നേതാക്കൾ തമ്മിൽ അടി തുടങ്ങിയിരിക്കുകയാണ്.
 ഇന്ന് ഗ്രൂപ്പിന്റെ ഓരോ കഷ്ണങ്ങൾ ഇവരുടെ കൈകളിലാണ്. അവർക്ക് പുറമെ ടി. സിദ്ദിഖ്, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവരും ഗ്രൂപ്പിനുള്ളിൽ അവരുടെതായ സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. ഈ അവസരത്തിലാണ് എ ഗ്രൂപ്പിന്റെ ഭാവി എന്തെന്ന് ചോദ്യമുയരുന്നത്.

വി.ഡി. സതീശന്റെ വരവ് തടയാൻ എയുമായി കൈകോർത്തതോടെ ഐ ഗ്രൂപ്പിനുള്ളിൽ വിള്ളൽ വീണിട്ടുണ്ട്. ഇപ്പോൾ ചെന്നിത്തലയ്‌ക്കൊപ്പം നിൽക്കണമോ കെസി വേണുഗോപാലിന്റെ പുതിയ സംവിധാനത്തിനൊപ്പം പോകണമോ എന്ന ആശങ്കയിലാണ് ഐ ഗ്രൂപ്പ് നേതാക്കൾ. നിലവിലെ സ്ഥിതിയിൽ ഓരോ വിഭാഗത്തിലും ഓരോ കാല് വച്ചാണ് ഐ ഗ്രൂപ്പ് നേതാക്കൾ നിൽക്കുന്നത്.

ചെന്നിത്തലയുടെ ഭാവിയെന്താകും, ഉചിതമായ സ്ഥാനം നൽകി ഹൈക്കമാൻഡ് ചെന്നിത്തലയെ ഒപ്പം നിർത്തുമോ അതോ കൈവിട്ടുകളയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഐ ഗ്രൂപ്പിൽ ചെന്നിത്തലയുടെ ഭാവിയും. ഈ അപകടങ്ങൾ തിരിച്ചറിഞ്ഞാണ് നിലവിലെ ഗ്രൂപ്പ് ശാക്തികചേരികൾ മാറാതെ നോക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കൈകൊടുത്തത്. എന്നാൽ ചെന്നിത്തല സോണിയാ ഗാന്ധിക്കയച്ച കത്തിന്റെ പേരിൽ ആ കൂട്ടായ്മ പൊളിഞ്ഞുകഴിഞ്ഞു. കത്ത് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തത് കെസി ആണെന്ന വിശ്വാസത്തിലാണ് ചെന്നിത്തലയും സംഘവും.

ഗ്രൂപ്പുകളെ തള്ളി കെപിസിസി. അധ്യക്ഷ സ്ഥാനത്തേക്ക് കൂടി പുതിയ ആൾ വന്നാൽ നിലനിൽപ്പ് അപകടത്തിലാകുമെന്ന ഭയവും ഗ്രൂപ്പ് നേതാക്കൾക്കുണ്ട്. കെ സുധാകരൻ കെപിസിസി അധ്യക്ഷനായി എത്തിയാൽ രണ്ട് ഗ്രൂപ്പുകളിൽ നിന്നും കൊഴിഞ്ഞു പോകൽ ഉണ്ടാകുമെന്നും ഉറപ്പാണ്.