- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോട്ടയത്ത് ഗ്രൂപ്പു യോഗം നയിച്ചത് ഉമ്മൻ ചാണ്ടി; തിരുവനന്തപുരത്തെ ഗ്രൂപ്പു യോഗം നടന്നത് സതീശന്റെ സാന്നിധ്യത്തിൽ കന്റോൺമെന്റ് ഹൗസിലും; വിവരം അറിഞ്ഞ് കലിപ്പിലായി കെപിസിസി പ്രസിഡന്റിന്റെ 'റെയ്ഡും'; വെറുതേ ഒന്ന് ഇരുന്നതാണെന്ന് പറഞ്ഞ് മുങ്ങി നേതാക്കൾ; ഗ്രൂപ്പു യോഗം വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിൽ കെ സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസിൽ പുനഃസംഘടന പ്രഖ്യാപിച്ചതോടെ ഗ്രൂപ്പു യോഗങ്ങൾ അങ്ങോളമിങ്ങോളം തകൃതിയായി നടക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോട്ടയത്ത് എ ഗ്രൂപ്പിന്റെ യോഗം ചേർന്നത് കഴിഞ്ഞ ദിവസമാണ്. ഇതിനെതിരെ കടുത്ത എതിർപ്പാണ് അണികൾക്കിടയിൽ ഉടലെടുത്തത്. ഇതിന് പിന്നാലെ ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലും ഗ്രൂപ്പു യോഗം നടന്നതിന്റെ കലിപ്പിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇന്നലെ രാത്രിയാണ് കന്റോൺമെന്റ് ഹൗസിൽ ഗ്രൂപ്പു യോഗം ചേർന്നത്. ഗ്രൂപ്പു യോഗം നടക്കുന്നുണ്ടെന്നറിഞ്ഞ കെ സുധാകരൻ റെയ്ഡിനും മുൻകൈയെടുത്തു രംഗത്തുവന്നു. ഗ്രൂപ്പു യോഗമാണ് നടന്നതെന്ന സംശയത്തിൽ ആളെ അയക്കുകയാണ് കെപിസിസി അധ്യക്ഷൻ ചെയ്തത്.
കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകൾ മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത നടപടി. സുധാകരൻ അയച്ച സംഘം സ്ഥലത്തെത്തുമ്പോൾ വി.ഡി.സതീശന്റെ സാന്നിധ്യത്തിൽ പത്തിലേറെ പ്രമുഖ നേതാക്കൾ ഉണ്ടായിരുന്നു. കെ സുധാകരന്റെ അനുയായികൾ എത്തിയതോടെ പല നേതാക്കളും പല വഴിക്കു മുങ്ങി. നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നും 'വെറുതെ ഒന്ന് ഇരുന്നതാണെ'ന്നുമാണു യോഗത്തിലുണ്ടായിരുന്നു ചില നേതാക്കൾ വിശദീകരിച്ചത്. അതേസമയം ഇത്തരം നടപടി അനുവദിക്കാൻ ആകില്ലെന്ന നിലപാടിലാണ് കെ സുധാകരൻ അതുകൊണ്ട് വിഷയത്തിൽ അദ്ദേഹം ഹൈക്കമാൻഡിന് പരാതി നൽകിയേക്കും. ഗ്രൂപ്പുയോഗം പാടില്ലെന്നാണ് കെ സി വേണുഗോപാലിന്റെയും നിലപാട്.
കന്റോൺമെന്റ് ഹൗസിൽ നേതാക്കൾ തമ്പടിച്ചിട്ടുണ്ടെന്നറിഞ്ഞ് ഇന്നലെ രാത്രി പത്തോടെയാണു കെ.സുധാകരൻ പരിശോധിക്കാൻ ആളെ വിട്ടത്. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്മോഹൻ എന്നിവരായിരുന്നു സംഘത്തിൽ. അകത്തുണ്ടായിരുന്ന നേതാക്കളിൽ മിക്കവരും ഇവർ എത്തിയതോടെ പല വാതിലുകൾ വഴി പുറത്തിറങ്ങുകയാണ് ഉണ്ടായത്.
ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, എം.എം.വാഹിദ്, വി എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, യൂജിൻ തോമസ് തുടങ്ങിയവരുമാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നത്. ചേർന്നതു ഗ്രൂപ്പ് യോഗമല്ലെന്നും പ്രതിപക്ഷ നേതാവിന്റെ സൗകര്യമനുസരിച്ച് അദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നുവെന്നാണ് നേതാക്കളുടെ അഭിപ്രായം. പ്രതിപക്ഷ നേതാവിനെ കാണുന്നതിന് ഗ്രൂപ്പു യോഗമെന്ന് വിളിക്കേണ്ടെന്നാണ് നിലപാട്.
എന്നാൽ കെപിസിസി നേതൃത്വം ഇക്കാര്യത്തിൽ കടുത്ത അമർഷത്തിലാണ്. അടുത്തിടെ കോഴിക്കോട്ടും കോട്ടയത്തും എ ഗ്രൂപ്പിന്റെ യോഗങ്ങൾ ചേർന്നിരുന്നു. ഡിസിസി പുനഃസംഘടനാ ചർച്ചകളുടെ അന്തിമഘട്ടത്തിൽ നിൽക്കേ ഇത്തരത്തിൽ യോഗം ചേരുന്നത് അച്ചടക്കലംഘനവും ഗൂഢാലോചനയുമായാണു കെപിസിസി നേതൃത്വം കാണുന്നത്. ഗ്രൂപ്പിന് അതീതർ എന്ന പ്രതിഛായയോടെ വന്നവർ ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നുവെന്ന വികാരമാണുള്ളത്. ഇക്കാര്യം ഇന്നു തിരുവനന്തപുരത്തുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയിൽപെടുത്തും.
ആറുമാസംകൊണ്ടു പൂർത്തിയാക്കാൻ ഉദ്ദേശിച്ച പുനഃസംഘടന വല്ലാതെ വൈകുന്നതിന്റെ നിരാശ കെപിസിസി പ്രസിഡന്റിനുണ്ട്. ചില നേതാക്കൾ പുനഃസംഘടന വച്ചുനീട്ടാൻ ചരടുവലിക്കുന്നത് എഐസിസി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനു മുൻപ് ജില്ലകളിൽ പുതിയ നേതൃത്വം വരുന്നതു തടയാനാണെന്നും കരുതുന്നു. ഇപ്പോൾ ചേരുന്ന സമാന്തര യോഗങ്ങളെ ഇതിനുള്ള ആസൂത്രണമായിക്കൂടിയാണു കെപിസിസി നേതൃത്വം കാണുന്നത്. മുഴുവൻ ജില്ലകളുടെയും പട്ടിക കെപിസിസിയുടെ മുൻപിലുണ്ട്. ഇതു ചുരുക്കുന്നതിനും അന്തിമമാക്കുന്നതിനും പ്രധാന നേതാക്കളുടെ പങ്കാളിത്തം ലഭിക്കുന്നില്ല.
ഡിസിസി പട്ടിക ഇന്നലെ പ്രഖ്യാപിക്കുമെന്നു കരുതിയതാണ്. എന്നാൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പ്രധാന നേതാക്കളുടെ അവസാന വട്ട ചർച്ച നടക്കാത്തതിനാൽ നീണ്ടുപോവുകയാണെന്നു കെപിസിസി നേതൃത്വം സൂചിപ്പിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി എഐസിസി നേതൃത്വം നിശ്ചയിച്ച ജി.പരമേശ്വര നാളെ തലസ്ഥാനത്തുണ്ട്. നേതാക്കളുടെ വിപുലമായ യോഗവും വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ഗ്രൂപ്പു യോഗം ചേർന്നത്. കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി സമർപ്പിച്ച പുനഃസംഘടനാ പട്ടികയിൽ എ ഗ്രൂപ്പ് നേതാക്കളെ ഉൾപ്പെടുത്തിയില്ലെന്ന പരാതി നേതാക്കൾക്കുണ്ട്. ഇത് പരിഹരിക്കാൻ വേണ്ടി പാർട്ടിയിൽ കരുത്താർജ്ജിക്കാൻ വേണ്ടിയായിരുന്നു നീക്കം. ഉമ്മൻ ചാണ്ടിയും ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പമായിരുന്നു ഈ യോഗത്തിൽ പങ്കെടുത്തത്. മാധ്യമങ്ങളെത്തിയ വിവരമറിഞ്ഞ് നേതാക്കൾ പുറത്തേക്കെത്തി. ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെ തടഞ്ഞു. തൊട്ടു പിന്നാലെ ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പിന്റെ കടന്ന് വരവ്.
മാധ്യമങ്ങളെ തടഞ്ഞ നേതാവിനെ തിരുത്തി പരിപാടി ആകെ മാറ്റിമറിച്ചു.എംഎൽഎ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ചർച്ചയാണ് നടക്കുന്നതെന്ന് ജോഷി ഫിലിപ്പ് പറഞ്ഞു. അത് വരെ മൈക്ക് ഉപയോഗിക്കാതിരുന്ന യോഗത്തിൽ പെട്ടെന്ന് മൈക്ക് പ്രത്യക്ഷപ്പെട്ടു. മാധ്യമങ്ങളെ കണ്ട് പ്രകോപിതരായ നേതാക്കളെ മൈക്കിലൂടെ ഉമ്മൻ ചാണ്ടി പിൻതിരിപ്പിച്ചു. ഗ്രൂപ്പ് യോഗങ്ങൾ പാടില്ലെന്ന് കെപിസിസിയുടെ നിർദ്ദേശം നിലനിൽക്കെയായിരുന്നു പുതുപ്പള്ളിയിലെ യോഗം.
ഫണ്ടനുവദിച്ചിട്ടും പണിതുടങ്ങാത്ത പദ്ധതികളെക്കുറിച്ചുള്ള അവലോകനത്തിനും തടസ്സങ്ങൾ നീക്കാനുമാണ് യോഗമെന്ന് ഉമ്മൻ ചാണ്ടിതന്നെ വിശദമാക്കി. ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കുകയും ചെയ്തതോടെ പ്രശ്നങ്ങൾക്ക് ശമനമായി. നിയോജക മണ്ഡലത്തിലെ എട്ട് മണ്ഡലം പ്രസിഡന്റുമാർ, റെജി എം.ഫിലിപ്പോസ്, നിബു ജോൺ, സുധാകുര്യൻ, രാധാ വി.നായർ എന്നീ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഓരോ സ്ഥലത്തെയും മുതിർന്ന പ്രവർത്തകർ തുടങ്ങിയ അറുപതോളം പേർ യോഗത്തിനെത്തി.
ഓരോ പഞ്ചായത്തിലും ഫണ്ട് അനുവദിച്ചിട്ടും മുടങ്ങി കിടക്കുന്ന പദ്ധതികൾ, ടെൻഡറായിട്ടും പണി തുടങ്ങാത്തവ, ടെൻഡറെടുക്കാൻ ആളില്ലാത്തവ തുടങ്ങിയവ ഒരോരുത്തരും വിശദീകരിച്ചു. ഫണ്ടനുവദിച്ച് ടെൻഡർ നടപടിയായിട്ടും പ്രവൃത്തിയേറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്തത് വലിയ പ്രശ്നമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഓരോ സ്ഥലത്തെയും പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാന പ്രവർത്തകർക്ക് ചുമതല നൽകി. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എ ഗ്രൂപ്പ് നടത്തുന്ന രഹസ്യ യോഗമാണിതെന്ന് തലേന്നുമുതലേ വ്യാപക പ്രചാരണമുണ്ടായി.
മാർച്ച് ഒന്ന് മുതൽ അംഗത്വവിതരണം ആരംഭിക്കാനിരിക്കെ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഗ്രൂപ്പുകൾ. പുതിയ നേതൃത്വം തെരഞ്ഞെടുപ്പിലൂടെ വരട്ടെ എന്ന നിലപാടാണ് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് നിരീക്ഷകനുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി. സമവായത്തിന് തയ്യാറല്ലെന്ന സന്ദേശമാണ് ഉമ്മൻ ചാണ്ടി നൽകിയത്. പാർട്ടി പ്രാദേശിക ഘടകങ്ങളിൽ കൃത്യമായ സ്വാധീനമുള്ള എ, ഐ ഗ്രൂപ്പുകൾ തെരഞ്ഞെടുപ്പിന് തയ്യാറെടുത്തു കഴിഞ്ഞു. അംഗത്വ വിതരണം പൂർത്തിയാകുന്നതോടെ മത്സരത്തിന് കളം ഒരുക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. തെരഞ്ഞെടുപ്പ് വേണ്ടെന്നും ചർച്ചയിലൂടെ പുതിയ നേതൃത്വ തെരഞ്ഞെടുക്കുമെന്ന സന്ദേശം ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസി നേതൃത്വത്തിന്റെ ആലോചന.ഈ കാര്യത്തിൽ മുതിർന്ന നേതാക്കളുടെ നിലപാട് നിർണായകമാകും.
മറുനാടന് മലയാളി ബ്യൂറോ