- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങൾ വീണ്ടും മാറിമറിയുന്നു; മൂന്ന് വർഷത്തിന് ശേഷം കൊടിക്കുന്നിൽ സുരേഷ് വീണ്ടും എ ഗ്രൂപ്പിൽ എത്തി; ഐ ഗ്രൂപ്പിലേക്ക് എത്തിക്കാൻ ചെന്നിത്തല ചരടുവലിക്കുന്നതിനിടെ ഉമ്മൻ ചാണ്ടി കളത്തിലിറങ്ങി കൈകൊടുത്തു; കൊല്ലം ജില്ലയിൽ കൂടുതൽ കരുത്തു നേടി എ വിഭാഗം
കൊല്ലം: കോൺഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങൾ തെഞ്ഞെടുപ്പു അടുക്കും തോറും മാറിമറിയുന്നു. എയും ഐയും കരുത്താർജ്ജിക്കാനുള്ള മാർഗ്ഗങ്ങളാണ് തേടുന്നത്. ഉമ്മൻ ചാണ്ടി സജീവമായി കളത്തിൽ ഇറങ്ങിയതോടെ എ ഗ്രൂപ്പു കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. മൂന്നുവർഷം വിട്ടുനിന്നശേഷം കെപിസിസി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. വീണ്ടും കോൺഗ്രസ് 'എ' ഗ്രൂപ്പിലെത്തിച്ചാണ് ഉമ്മൻ ചാണ്ടി കരുത്തുകാട്ടിയത്.
ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ നേരിട്ട് ചർച്ചനടത്തിയതോടെയാണ് കൊടിക്കുന്നിൽ സുരേഷ് തന്റെ പഴയ ലാവണത്തിലേക്ക് മടങ്ങിയത്. സ്വതന്ത്രനിലപാടിൽ കഴിഞ്ഞ കൊടിക്കുന്നിൽ 'ഐ' ഗ്രൂപ്പിൽ ചേരുന്നതിന് കളമൊരുങ്ങിയിരുന്നു. രമേശ് ചെന്നിത്തലയടക്കമുള്ള 'ഐ' ഗ്രൂപ്പ് നേതാക്കൾ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ഉമ്മൻ ചാണ്ടിതന്നെ ഇടപെട്ടത്. ബെന്നി ബഹനാൻ എംപി.യാണ് ആദ്യം കൊടിക്കുന്നിലിനെ ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.
ഒത്തുതീർപ്പിനെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങളിലെ സ്ഥാനാർത്ഥിനിർണയമടക്കമുള്ള കാര്യങ്ങളിൽ 'എ' ഗ്രൂപ്പ് കൊടിക്കുന്നിലിന്റെ അഭിപ്രായം തേടുന്നുണ്ട്. കൊല്ലം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള സമിതിയിൽ കൊടിക്കുന്നിലിന്റെ പ്രതിനിധിയും കെപിസിസി.ജനറൽ സെക്രട്ടറിയുമായ രാജേന്ദ്രപ്രസാദിനെ ഉൾപ്പെടുത്തി. കെപിസിസി. സെക്രട്ടറി കെ.ശശിധരനടക്കം ഒപ്പം നിലയുറപ്പിച്ചിരുന്ന മുതിർന്ന നേതാക്കളും 'എ' ഗ്രൂപ്പിലേക്ക് മടങ്ങിയിട്ടുണ്ട്. കെപിസിസി. സെക്രട്ടറി സൂരജ് രവി രണ്ടുമാസംമുൻപേ ഗ്രൂപ്പിൽ തിരിച്ചെത്തിയിരുന്നു.
'എ' ഗ്രൂപ്പിൽനിന്നുള്ള അവഗണനമൂലമാണ് സ്വതന്ത്രനിലപാട് എടുക്കേണ്ടിവന്നതെന്നാണ് കൊടിക്കുന്നിലിന്റെ പക്ഷം. മൂന്നുവർഷംമുൻപ് കൊല്ലം ഡി.സി.സി. പ്രസിഡന്റായിരിക്കെയാണ് 'എ' ഗ്രൂപ്പുമായി അകന്നത്. അന്ന് കെപിസിസി.പ്രസിഡന്റായിരുന്ന വി എം.സുധീരനുമായി പുലർത്തിയ അടുപ്പമാണ് 'എ' ഗ്രൂപ്പിന് അദ്ദേഹത്തെ അനഭിമതനാക്കിയത്. തുടർന്ന് ഗ്രൂപ്പ് യോഗങ്ങളിൽ വിളിക്കാതായി. യോഗങ്ങളിൽ വിമർശനവുമുയർന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിൽ ഗ്രൂപ്പുകളിലെ അനൈക്യം ഒഴിവാക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പെട്ടെന്ന് ഒത്തുതീർപ്പുണ്ടാക്കിയത്. മുതിർന്ന ദളിത് ദേശീയ നേതാവായ കൊടിക്കുന്നിലിനെ അവഗണിക്കുന്നത് ശരിയല്ലെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി. നേരത്തെ എ ഗ്രൂപ്പുമായി ഉടക്കി യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച ബെന്നി ബെഹനാൻ ഐ ഗ്രൂപ്പുമായി കൂടുതൽ അടുത്തിരുന്നു. എന്നാൽ, ഇവിടെയും ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ കാര്യങ്ങൾ കൈവിട്ടു പോകാതെ നിർത്തി.
ഉമ്മൻ ചാണ്ടിയുടെ വലംകൈയായിരുന്ന ബെന്നി ബെഹനാന്റെ കൺവീനർ സ്ഥാനത്തെ രാജിയെ തുടർന്നാണ് കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകിയിരുന്ന്. കൺവീനർ സ്ഥാനത്തിരിക്കെ തന്നെ ബെന്നി ഐ ഗ്രൂപ്പുമായി സമവായപാതയിലായിരുന്നു. ചെന്നിത്തലയോട് ബെന്നി കൂടുതൽ അടുക്കും മുമ്പ് തന്നെ ഉമ്മൻ ചാണ്ടി ഇടപെടുകയായിരുന്നു. അതിനിടെ ഐ ഗ്രൂപ്പും പരസ്പ്പരം പ്രശ്നങ്ങൾ പറഞ്ഞു തീർത്തു കൂടുതൽ കരുത്തരായിട്ടുണ്ട്. അടുത്തിടെ കെ സുധാകരനും കെ സി വേണുഗോപാലും ചെന്നിത്തലയും തമ്മിൽ ചർച്ച നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടായിരുന്നു നേതാക്കൾ ചർച്ച നടത്തിയത്.
ഇതിനിടെ കെ വി തോമസിനെ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട തോമസിന് അർഹമായ പരിഗണന നൽകണമെന്ന് ഗ്രൂപ്പിനതീതമായി അഭിപ്രായമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ