കോഴിക്കോട്: കോൺഗ്രസിന്റെ പുതിയ സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടം പിടിച്ചവരും പുറത്തായവരും തമ്മിൽ പോര് ശക്തമാകുന്നു. മലപ്പുറം , കോഴിക്കോട് ഡിസിസികളിലാണ് ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തമായിരിക്കുന്നത്. സ്‌ക്രീനിംങ് കമ്മിറ്റിയുടെ മാരത്തോൺ ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ അന്തിമ പ്രഖ്യാപനമുണ്ടായെങ്കിലും കണക്കുകൂട്ടലുകൾ തെറ്റിച്ച അമ്പരപ്പിലാണ് മലബാറിലെ കോൺഗ്രസുകാർ. മലബാറിലെ മിക്ക സീറ്റുകളിലും അവസാന നിമിഷം വരെ പ്രതീക്ഷയർപ്പിച്ച പലർക്കും സീറ്റു ലഭിച്ചില്ലെന്നതാണ് അമ്പരപ്പിന് ഇടയാക്കിയിട്ടുള്ളത്.

മാത്രമല്ല, മുസ്ലിം ലീഗിന്റെ തന്ത്രവും സമ്മർദവും ഫലം കാണുന്നത് കൂടിയായിരുന്നു പുതിയ സ്ഥാനാർത്ഥി ലിസ്റ്റ്. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നിലപാട് കടുപ്പിച്ചതോടെ പലയിടത്തും ചിത്രം മാറിമറിഞ്ഞു. എന്നാൽ ഇതിനെതിരെ ചില ഇടങ്ങളിൽ കോൺഗ്രസിനുള്ളിൽ അമർഷവും ശക്തമായിട്ടുണ്ട്. കുന്ദമംഗലം, നിലമ്പൂർ, തവനൂർ, പൊന്നാനി സീറ്റുകളിലാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ തെറ്റിച്ച് സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കിയത്. എന്നാൽ നിലവിൽ ഉയർന്നു കേട്ട പേരുകളെ അട്ടിമറിച്ചായിരുന്നു നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും കുന്നമംഗലത്ത് ടി സിദ്ദീഖും അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. ഇതോടെ മത്സരിക്കാനിരുന്നവരും ഇപ്പോൾ മത്സര രംഗത്തുള്ളവരും തമ്മിൽ കൊമ്പുകോർക്കുകയാണ്.

കുന്ദമംഗലം സീറ്റ് സിദ്ദീഖിന് നൽകിയതോടെ എ ഗ്രൂപ്പ് തന്നെ രണ്ട് ചേരിയായി മാറിയിരിക്കുകയാണ്. സിദ്ദീഖ് അനുകൂലികൾ അബുവിനെതിരെ സോഷ്യൽ മീഡിയകളിലും മറ്റും പരിഹാസ്യ പോസ്റ്റുകൾ പ്രചരിപ്പിച്ചതാണ് പ്രശ്‌നതുടക്കം. അബുവിന് മത്സരിക്കാൻ ഉറപ്പ് ലഭിച്ചതോടെ മാദ്ധ്യമ പ്രവർത്തകരുടെ പിന്തുണ തേടി മദ്യ സൽകാരം നടത്തിയെന്നായിരുന്നു സിദ്ദീഖ് അനുകൂലികളുടെ ആക്ഷേപം. എന്നാൽ കെസി അബുവിനോടൊപ്പം നിൽക്കുന്നവർ സിദ്ദീഖ്- നസീമ പ്രശ്‌ന കുത്തിപൊക്കുകയാണ് ചെയ്യുന്നത്. ഇതോടെ മത്സര രംഗത്തേക്ക് കാലെടുത്ത് വെയ്ക്കും മുമ്പേ കുന്ദമംഗലത്ത് തമ്മിലടി രൂക്ഷമായിരിക്കുകയാണ്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു കുന്ദമംഗലത്ത് മത്സരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി വന്ന സാഹചര്യത്തിലായിരുന്നു ടി സിദ്ദീഖിനെ സ്‌ക്രീനിംങ് കമ്മിറ്റി സ്ഥാനാർത്ഥിയായി പരിഗണിച്ചത്.

കോഴിക്കോട് ജില്ലയിൽ വിജയ സാധ്യതയുള്ള സീറ്റിൽ മാത്രമെ താൻ മത്സരിക്കൂ എന്ന നിലപാടിലായിരുന്നു സിദ്ദീഖ്. തവനൂർ സീറ്റ് നൽകാമെന്ന് പാർട്ടി പറഞ്ഞെങ്കിലും ഇതു സ്വീകരിക്കാന് സിദ്ദീഖ് തയ്യാറല്ലായിരുന്നില്ല. കുന്നമംഗലം സീറ്റിലായിരുന്നു സിദ്ദീഖും കണ്ണു വച്ചത്. എന്നാൽ സ്വന്തം ഗ്രൂപ്പുകാരനായ കെ.സി അബു മത്സരിക്കാൻ കച്ചമുറുക്കിയതോടെ പരസ്യമായ ചരടുവലികൾ ഒഴിവാക്കി സിദ്ദീഖ് പിൻവലിയുകയായിരുന്നു. എന്നാൽ കെസി അബു കുന്ദമംഗലത്ത് മത്സരിക്കുമ്പോൾ ഒഴിവുവരുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് സിദ്ദീഖ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്‌ക്രീനിംങ് കമ്മിറ്റി എടുത്ത തീരുമാനം ചിത്രം ആകെ മാറ്റിമറിക്കുന്നതായിരുന്നു. എന്നാൽ ഈ തീരുമാനം അണികളിൽ ഇരു ചേരികളാക്കി മാറ്റിയിട്ടുണ്ട്.

കെ.സി അബുവിന് വിനയായത് ലീഗിന്റെ എതിർപ്പും സുധീരന്റെ നിലപാടുമായിരുന്നു. ലീഗ് മത്സരിച്ചിരുന്ന തിരുവമ്പാടി, കുന്ദമംഗലം സീറ്റുകൾ കോൺഗ്രസിനു വേണമെന്ന അവകാശവാദവുമായി ലീഗിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നതാണ് അബുവിനെതിരെ തിരിയാൻ ലീഗിനെ ചൊടിപ്പിച്ചത്. എന്നാൽ വി എം സുധീരൻ സ്‌ക്രീനിംങ് കമ്മിറ്റിയിൽ അബുവിനെതരെ നിലപാട് കടുപ്പിച്ചതോടെ ഉമ്മൺ ചാണ്ടി സിദ്ദീഖിനെ നിർദ്ദേശിക്കുകയായിരുന്നു. പൊതു സമൂഹത്തിന്റെ പിന്തുണയില്ലെന്നും അബു ജനകീയനല്ലെന്നുമായിരുന്നു സുധീരന്റെ വാദം. മാത്രമല്ല ഇടത് സ്ഥാനാർത്ഥി പിടിഎ റഹീമുമായി ഏറ്റുമുട്ടാൻ സിദ്ദീഖിനെ പോലുള്ളവർ മത്സര രംഗത്ത് ഉണ്ടാവണമെന്ന വിലയിരുത്തലും വന്നതോടെ സിദ്ദീഖിന് നറുക്ക് വീഴുകയായിരുന്നു.

അബ്ദുറഹിമാൻ ഇടക്കുനി, ധനീഷ്‌ലാൽ തുടങ്ങി കുന്ദമംഗലം മണ്ഡലത്തിൽ നിന്നും ഉയർന്ന് കേട്ടിരുന്ന മറ്റു പേരുകളെല്ലാം സ്‌ക്രീനിംങ് കമ്മിറ്റിയിലെത്തും മുമ്പേ വെട്ടിയിരുന്നു. ഐ ഗ്രൂപ്പുകാരുടെയും പൂർണ പിന്തുണ സിദ്ദിഖിനുണ്ട്. കോൺഗ്രസിനു സീറ്റു വച്ചമാറിയതിലുള്ള അമർഷമൊഴിച്ചാൽ സിദ്ദിഖിന് ലീഗിന്റെയും പിന്തുണയുണ്ട്. കൂടാതെ കാന്തപുരം സുന്നികളുടെ ആസ്ഥാന കേന്ദ്രമായ മർക്കസ് നിലകൊള്ളുന്ന മണ്ഡലമാണ് കുന്ദമംഗലം. ഇതിനാൽ എ.പി വിഭാഗത്തിന്റെ വോട്ടും സിദ്ദിഖിന് ലഭിക്കുമെന്ന പ്രതീക്ഷ കോൺഗ്രസുകാർ പുലർത്തുന്നുണ്ട്.

നിലമ്പൂർ മണ്ഡലത്തിൽ കെപിസിസി സെക്രട്ടറി വിവി പ്രകാശനെ തഴഞ്ഞതിലാണ് പാർട്ടിക്കുള്ളിൽ വ്യാപക പ്രതിഷേധമുള്ളത്. മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനാണ് ഹൈകമാന്റുമായുള്ള ചർച്ചയിൽ തീരുമാനമായത്. നിലമ്പൂരിൽ നിന്നും നേരത്തെ ഈ രണ്ടു പേരുകളായിരുന്നു മുകളിലേക്ക് പോയത്. പാർട്ടിയുടെ പിന്തുണ കൂടുതലും പ്രകാശനായിരുന്നു. ഷൗക്കത്തിന്റെ പേര് ഉമ്മൺചാണ്ടിയും വി എം സുധീരനും എതിർത്തിരുന്നു. എന്നാൽ സ്‌ക്രീനിംങ് കമ്മിറ്റി അംഗം കൂടിയായ ആര്യാടൻ മുഹമ്മദ് മകന് വേണ്ടി ശക്തമായി വാദിച്ചു.

തർക്കം മുറുകിയതോടെ നിലമ്പൂർ നിയോജക മണ്ഡലത്തിലെ എടക്കര, നിലമ്പൂർ ബ്ലോക്ക് കമ്മിറ്റികളുടെ അഭിപ്രായം ആരായുകയും ഇവർ ഷൗക്കത്തിന്റെ പേര് നിർദ്ദേശിക്കുകയുമായിരുന്നു. ആര്യാടന്റെ നോമിനികളായ രണ്ട് ബ്ലോക്ക് കമ്മിറ്റികളും കൂടാതെ രമേശ് ചെന്നിത്തല കൂടി ആര്യാടന് പിന്തുണ നൽകിയതോടെ ഷൗക്കത്തിന്റെ സീറ്റ് എളുപ്പമാവുകയായിരുന്നു. ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ലീഗിന്റെ പിന്തുണ ഉണ്ടാകുമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നു.

പൊന്നാനിയിൽ സുധീരന്റെ നോമിനിയായ സിദ്ദീഖ് പന്താവൂരിനെ അവസാന നിമിഷം വരെ പരിഗണിച്ചെങ്കിലും അജയ്‌മോഹന് വീണ്ടും നറുക്ക് വീണു. മലപ്പുറം ജില്ലയിൽ ലീഗിന് സ്വാധീനമുള്ള തവനൂരിൽ ഇത്തവണയും കോൺഗ്രസ് തന്നെ മത്സരിക്കുമെന്നായതോടെ ലീഗിന്റെ അഭിപ്രായം മാനിച്ചായിരുന്നു സ്ഥാനാർത്ഥി നിർണയം. ഇടതു മുന്നണിയിൽ നിന്നും കെ.ടി ജലീൽ രണ്ടാമതും ജനവിധി തേടുന്ന തവനൂരിൽ നിരവധി ആളുകളെ വെട്ടിവീഴ്‌ത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി ഇഫ്തിഖാറുദ്ധീന്റെ സ്ഥാനാർത്ഥിത്വം.

മുൻ എംപി സി ഹരിദാസൻ, മലപ്പുറം ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി എന്നിവരായിരുന്നു മത്സര രംഗത്തേക്ക് ഏറെക്കുറെ ഉറപ്പായത്. എന്നാൽ തവനൂരിൽ യുവ സ്ഥാനാർത്ഥികളെ വേണമെന്ന് ലീഗ് നേരത്തെ കെപിസിസിയെ അറിയിച്ചിരുന്നു. ഇതോടെ യുവ നേതാവ് ഇഫ്തിഖാറുദ്ദീനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട് ഡിസിസികൾക്കുണ്ടായ മുറിവ് ഉണക്കുക അത്ര സുഖകരമല്ല.