- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടിയൊതുക്കി, ഇനി ലക്ഷ്യം കെ സുധാകരൻ; ഗ്രൂപ്പുകളുടെ ചിറകരിഞ്ഞ് കേരള എൻട്രിക്ക് തക്കംപാർത്ത് കെ സി വേണുഗോപാൽ; കെ സുധാകരൻ കെപിസിസി അധ്യക്ഷൻ ആകാതിരിക്കാൻ കരുനീക്കം; തീവ്രനിലപാട് ദോഷം ചെയ്യുമെന്ന വാദം
തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുമോ? അധ്യക്ഷനാകാൻ തനിക്ക് അതീവ താൽപ്പര്യമുണ്ടെന്ന് കെ സുധാകരൻ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ, കോൺഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങൾ എപ്പോഴും സുധാകരന് മുന്നിൽ തടസ്സമായി നിന്നിരുന്നു. അതേസമയം കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്താതിരിക്കാനുള്ള കരുനീക്കം ഡൽഹി കേന്ദ്രീകരിച്ചു തുടങ്ങി കഴിഞ്ഞു. വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ മാതൃകയിൽ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുകൊണ്ടുവരാനുള്ള സാധ്യതകൾ ശക്തമായിരിക്കുന്ന ഘട്ടത്തിലാണ് ഈ നീക്കം പൊളിക്കാൻ ഒരു വിഭാഗം രംഗത്തുവന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെയാണ് സുധാകരനെതിരെ ചരടവലിക്കുന്നത്. എ കെ ആന്റണി സുധാകരന് അനുകൂല നിലപാടിൽ ആണെങ്കിലും തെരഞ്ഞെടുപ്പു സ്ഥാനാർത്ഥി നിർണയവേളയിൽ തനിക്കെതിരെ തുറന്നടിച്ച സുധാകരനെ അധ്യക്ഷനാക്കാൻ സാധിക്കില്ലെന്ന വാശിയിലാണ് കെ സി വേണുഗോപാൽ. അതുകൊണ്ട് തന്നെ എ, ഐ ഗ്രൂപ്പുകളെ മുൻനിർത്തി സുധാകരനെ വെട്ടിവീഴ്ത്താനുള്ള ശ്രമമാണ് ശക്തമായിരിക്കുന്നത്.
കോൺഗ്രസ് അണികൾക്ക് പുത്തൻ ഊർജ്ജം പകരാൻ കെ സുധാകരനെ അധ്യക്ഷനാക്കണം എന്നതാണ് അണികൾക്കിടയിലെ പൊതുവികാരം. ഈ വികാരമായിരുന്നു വി ഡി സതീശന്റെ കാര്യത്തിലും ഉണ്ടായിരുന്നത്. എന്നാൽ, സുധാകരനെ വെട്ടാൻ അണികളുടെ താൽപ്പര്യത്തിൽ അപ്പുറത്തേക്ക് സ്വന്തം താൽപ്പര്യമാണ് കെ സി വേണുഗോപാലിന് ഉള്ളത്. സുധാകരനെ വിഷയത്തിൽ ഗ്രൂപ്പുകളെ മുൻനിർത്തിയാകും അദ്ദേഹത്തെ വീഴ്ത്തുക. എ ഗ്രൂപ്പിന് ഇപ്പോൾ യാതൊരു സ്ഥാനവും ഇല്ലാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് എ ഗ്രൂപ്പിൽ നിന്നുള്ള പ്രതിനിധിയെ അധ്യക്ഷനാക്കാനാണ് നീക്കം. ഒരുപക്ഷെ കെ സി വേണുഗോപാൽ നേരിട്ടും അധ്യക്ഷ പദവിയിൽ എത്തിയേക്കാം.
സുധാകരന്റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്ന മുതിർന്ന നേതാക്കളുടെ നിലപാട് ചൂണ്ടിക്കാട്ടിയാണ് കെ സി കരുനീക്കുന്നത്. പാർട്ടി പുനഃസംഘടനയുടെ ഭാഗമായി അശോക് ചവാൻ അദ്ധ്യക്ഷനായ സമിതി അടുത്തയാഴ്ച കേരളത്തിലെത്താനിരിക്കേ സുധാകരനെതിരെ ഗ്രൂപ്പുകൾ നീങ്ങുന്നത്. സ്വന്തം ജില്ലയായ കണ്ണൂരിൽ പാർട്ടിയെ വളർത്താൻ കഴിയാത്ത സുധാകരന് സംസ്ഥാനത്ത് പാർട്ടിയെ എങ്ങനെ ചലിപ്പിക്കാനാകുമെന്നാണ് അദ്ദേഹത്തെ എതിർക്കുന്നവരുടെ ചോദ്യം.
സുധാകരന്റെ തീവ്രനിലപാട് പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്നും ഒരു വിഭാഗം രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയ പരമാർശങ്ങൾ ഒരു വിഭാഗത്തെ പാർട്ടിയിൽ നിന്നകറ്റി. എന്നത് അടക്കം വിവാദ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തടയിടാൻ നീക്കം ശക്തമാകുന്നത്. വി ഡി സതീശന് പിന്നാലെ കെ സുധാകരൻ കൂടിയെത്തിയാൽ സമവാക്യങ്ങൾ പൊളിയുമെന്ന ആശങ്കയിലാണ് ഗ്രൂപ്പ് നേതാക്കൾ. എന്നാൽ സുധാകരനല്ലാതെ മറ്റാർക്കും ഈ ഘട്ടത്തിൽ പാർട്ടിയെ മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഗുലാം നബി ആസാദ്, ശശി തരൂർ തുടങ്ങി ചില ദേശീയ നേതാക്കളുടെ പിന്തുണയും സുധാകരനുണ്ടെന്നാണ് വിവരം. അതേസമയം, കൊടിക്കുന്നിൽ സുരേഷ്, കെ വി തോമസ് എന്നിവർ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചേക്കാം. ബെന്നി ബെഹന്നാനും അദ്ധ്യക്ഷ പദവി നോട്ടമിടുന്നുണ്ടെന്നാണ് സൂചന.
സതീശൻ ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കുമെന്ന് കരുതുന്നവർ തന്നെയാണ് ഇപ്പോഴും ഏവരും. ഗ്രൂപ്പിന് അതീതമായി എംഎൽഎമാരുടെയും പ്രവർത്തകരുടെയും പിന്തുണയുണ്ടെങ്കിലും അവസാന നിമിഷം വരെ തന്റെ വരവിനെ എതിർത്ത ഗ്രൂപ്പ് നേതാക്കളെ ഒപ്പം നിർത്തുക എന്ന ദൗത്യത്തിലേക്ക് സതീശൻ കടക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഹൈക്കമാണ്ടിനെ പിണക്കാതിരിക്കാൻ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സതീശന് പിന്തുണ നൽകുമെന്നും പ്രതീക്ഷിക്കുന്നു.
അതിനിടെ ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടില്ലെന്നും ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും ഒരുപോലെ എതിർത്തു തോൽപിക്കുന്ന പോരാട്ടമാണു കോൺഗ്രസ് നടത്തേണ്ടതെന്നാണ് സതീശന്റെ നിലപാട്. നെഹ്റുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി തിരിച്ചുവരവിനുള്ള പ്രവർത്തനമായിരിക്കും നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ നിലപാട് പിന്തുടരുമ്പോൾ കെപിസിസി അധ്യക്ഷനായി കെ സുധാകരനെ ഉൾക്കൊള്ളാൻ തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ