- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ സുധാകരന്റെ നീക്കങ്ങളിൽ അടിമുടി പതറി ഗ്രൂപ്പുകൾ; അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എല്ലാം കൈവിട്ടു പോകുമെന്ന ഭയം; ഇനി പുനഃസംഘടനയേ വേണ്ടെന്ന നിലപാടിൽ ചാണ്ടി - ചെന്നിത്തല ടീം; പാർട്ടി പിടിക്കാനായി ഒരുമിച്ച് മുന്നോട്ടു പോകും
തിരുവനന്തപുരം: കെ സുധാകരനെന്ന കെപിസിസി അധ്യക്ഷനെ കോൺഗ്രസിനെ ഗ്രൂപ്പുകൾ ശരിക്കും ഭയന്നു തുടങ്ങി. പാർട്ടി അധ്യക്ഷനായി എങ്ങനെ പ്രവർത്തിക്കണെന്ന കൃത്യമായ ബോധ്യം സുധാകരനുണ്ട്. വരുതിയിൽ നിർത്തേണ്ടവരെ അങ്ങനെ നിർത്താനും അദ്ദേഹത്തിന് വ്യക്തമായി അറിയാം. അതുകൊണ്ടു തന്നെ ഇനിയും സുധാകരനെ വളരാൻ അനുവദിച്ചു കൂടെന്നാണ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും നിലപാട്. ഇതിനായി സുധാകരനെ പൊതുശത്രുവായി കണ്ട് കൈകോർക്കുകയാണ് ഗ്രൂപ്പുകൾ.
കെ. സുധാകരൻ കെപിസിസി. അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനമാണ് ഗ്രൂപ്പുകളുടെ മനക്കോട്ട തെറ്റിച്ചത്. ഇതോടെ പാർട്ടി പുനഃസംഘടനയുമായി മുന്നോട്ടുപോകരുതെന്ന നിലപാടിലേക്ക് ഉമ്മൻ ചാണ്ടി-രമേശ് ചെത്തിത്തല ടീം. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ കെപിസിസി. പ്രസിഡന്റ് തന്നെ പാർട്ടി പുനഃസംഘടിപ്പിക്കുന്നതിലൂടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുമെന്നാണ് ഇവരുെവാദം.
ഇക്കാര്യം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പിൽ സംയുക്തമായി നീങ്ങാനാണ് എ, ഐ വിഭാഗങ്ങളുടെ നീക്കം. ഇതിന്റെ ആദ്യപടിയായാണ് പുനഃസംഘടനയ്‌ക്കെതിരേയുള്ള സംയുക്തനിലപാട്. ഇരു ഗ്രൂപ്പുകളുടെയും നേതൃത്വം നടത്തിയ ചർച്ചയിലൂടെയാണ് ഏകീകൃത നീക്കത്തിനു തീരുമാനമായത്. പാർട്ടി അംഗത്വ വിതരണവുമായി മുന്നോട്ടു പോകുമ്പോൾ അടിത്തട്ടിൽ അടക്കം കൂടുതൽ അംഗങ്ങളെ സൃഷ്ടിക്കാനാണ് ഗ്രൂപ്പുകൾ ശ്രമിക്കുന്നത്.
അംഗത്വവിതരണത്തിന് മുമ്പുതന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച കെപിസിസി. പ്രസിഡന്റ് ഇനി നടത്തുന്ന നാമനിർദ്ദേശങ്ങൾ തന്റെ വിജയത്തെ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് ഗ്രൂപ്പുകൾ ആശങ്കയുയർത്തുന്നു. കെപിസിസി. പുനഃസംഘടനയിൽ തങ്ങൾ നൽകിയ പട്ടികയിൽനിന്നുള്ളവരെ പരിഗണിച്ചെങ്കിലും ഗ്രൂപ്പ് നേതൃത്വം ഉദ്ദേശിച്ചവരല്ല ഭാരവാഹികളായത്. ഡി.സി.സി. പുനഃസംഘടനയിൽ അത്തരമൊരു സാഹചര്യംവന്നാൽ കാലിനടിയിലെ മണ്ണ് കൂടുതൽ ഒലിച്ചുപോകാൻ അത് കാരണമാകാം.
അതുകൊണ്ടുതന്നെ ഡി.സി.സി. ഭാരവാഹികളായി നിർദ്ദേശിക്കുന്നവരുടെ പട്ടിക നൽകേണ്ടെന്ന അഭിപ്രായത്തിനാണ് ഗ്രൂപ്പ് നേതൃത്വത്തിൽ മേൽക്കൈ. തങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ ഡി.സി.സി. ഭാരവാഹികളെ നിശ്ചയിക്കുകയാണെങ്കിൽ ചെയ്യട്ടെയെന്ന നിലപാടിലേക്കാണ് ഗ്രൂപ്പ് നേതൃത്വം എത്തുന്നത്. എന്നാൽ, പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡിന്റെ അനുമതിയുണ്ടെന്നും ഡി.സി.സി. തലത്തിൽ ഭാരവാഹികളെ നിശ്ചയിക്കണമെന്നുമാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്.
നേതൃമാറ്റത്തിലൂടെ കൈവന്ന കെപിസിസി. അധ്യക്ഷസ്ഥാനം നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കെ. സുധാകരൻ സ്ഥാനാർത്ഥിത്വം നേരത്തേ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ചേരികളിലെ മാറ്റം ഗുണംചെയ്യുമെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ വിലയിരുത്തൽ. പാർട്ടി പിടിക്കുകയെന്നതാണ് എ, ഐ ഗ്രൂപ്പുകളുടെ ലക്ഷ്യം.
കെ സുധാകരന്റെയും വി ഡി സതീശന്റെയും രംഗപ്രവേശനത്തോടെ കോൺഗ്രസിലെ ഗ്രൂപ്പുകളുടെ പ്രഭാവത്തിന് വലിയ തോതിൽ മങ്ങലേറ്റിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം പോകാതിരിക്കാൻ ചെന്നിത്തല എ ഗ്രൂപ്പിനൊപ്പം ചേർന്നു ശ്രമം നടത്തിയിട്ടും അദ്ദേഹത്തിന്റെ പ്രതീക്ഷ തെറ്റുകയുണ്ടായി. ഇപ്പോൾ ദേശീയ തലത്തിൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ പാർട്ടി പിടിക്കാനുള്ള നീക്കവുമായി ഗ്രൂപ്പുകൾ അണിയറയിൽ സജീവമാകുന്നത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വ വിതരണം തുടങ്ങാനിരിക്കെയാണ് ഇത്തരമൊരു നീക്കത്തിന് എ, ഐ ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അറിഞ്ഞു കൊണ്ടു തന്നെയാണ് ഇത്തരമൊരു നീക്കം സജീവമാകുന്നത്. ഒരുമിച്ചിരുന്നുള്ള ചർച്ച തുടങ്ങിയില്ലെങ്കിലും കൈകോർത്ത് പോകണമെന്നും പരസ്പരം മത്സരിക്കേണ്ടെന്നുമുള്ള ധാരണ അണിയറയിൽ രൂപപ്പെട്ടു. വി ഡി സതീശൻ, കെ സി വേണുഗോപാൽ, കെ സുധാകരൻ ത്രയം എല്ലാ കാര്യങ്ങളിലും ഇപ്പോൾ തീരുമാനം കൈക്കൊള്ളുമ്പോൾ തന്നെയാണ് ഒരുമിച്ചുള്ള നീക്കമായി ഗ്രൂപ്പുകൾ രംഗത്തുവരുന്നതും.
നിയമസഭയിലേക്ക് രണ്ടാംതവണയും തോൽവി നേരിടുകയും കെപിസിസി. അധ്യക്ഷസ്ഥാനത്തും നിയമസഭാ നേതൃത്വത്തിലും മാറ്റംവരികയും ചെയ്തതോടെയാണ് പരമ്പരാഗത ഗ്രൂപ്പുകൾ പ്രതിസന്ധി മുന്നിൽക്കണ്ടത്. കെ. സുധാകരൻ-വി.ഡി. സതീശൻ അച്ചുതണ്ട് നേതൃത്വം ഏറ്റെടുത്തതോടെ ഇരു ഗ്രൂപ്പുകളിലും അലയൊലികളുണ്ടായി. പുതിയ ടീമിനൊപ്പം പഴയ ഗ്രൂപ്പുകളിലെ വിശ്വസ്തരിൽ ചിലർ അണിനിരന്നു. ഇപ്പോൾ ഗ്രൂപ്പുകളിൽ നിന്നും ആളുകൾ മറുകണ്ടം ചാടുന്നത് പതിവാണ്. ഐ ്പക്ഷത്തു നിന്നും എ ഗ്രൂപ്പിൽ നിന്നും നിരവധി പേർ മറുകണ്ടം ചാടി സുധാകര പക്ഷത്തെത്തി.
കേരളത്തിലെ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പു വേണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്ന നേതാവാണ് കെ സുധാകരൻ. അതുകൊണ്ട് തന്നെ അദ്ദേഹം കെപിസിസി. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കെ. മുരളീധരൻ എന്നിവരൊക്ക പഴയ ഗ്രൂപ്പിൽനിന്ന് അകലംപാലിച്ചാണ് നിൽക്കുന്നത്. സ്വാഭാവികമായും സുധാകരന് അവരുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചില അപ്രതീക്ഷിത നീക്കങ്ങളും സുധാകരനെ ഭയക്കുന്നവർ നടത്തിയേക്കാം. നിലവിലെ പുനഃസംഘടനയിലൂടെ ഭാരവാഹിത്വത്തിൽ വരുന്നവർവഴിയുള്ള അധികപിന്തുണയും പ്രതീക്ഷിക്കും.
എ, ഐ ഗ്രൂപ്പുകളിൽനിന്ന് ആരാകും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുകയെന്ന ചർച്ചയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. ജില്ലതിരിച്ച് ചുമതല നൽകി അംഗത്വവിതരണവും മറ്റും ഏകോപിപ്പിക്കാനാണ് ഗ്രൂപ്പുകൾ ഉദ്ദേശിക്കുന്നത്. ഓൺലൈനായും അംഗങ്ങളെ ചേർക്കാം. അംഗത്വവിതരണ പുസ്തകങ്ങൾ നവംബർ രണ്ടാം ആഴ്ചയെത്തും.
ബ്ലോക്ക് തലത്തിൽ നിന്നാണ് കെപിസിസി. അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നതിനാൽ അതിൽ കേന്ദ്രീകരിച്ചാകും പ്രവർത്തനം. 280 കെപിസിസി. അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് രമേശ് ചെന്നിത്തലതന്നെ മത്സരിച്ചേക്കാം. എന്നാൽ, ഇക്കാര്യത്തിൽ ചെന്നിത്തല പൂർണമായും സമ്മതം അറിയിച്ചിട്ടില്ല. അദ്ദേഹം മത്സരിച്ചില്ലെങ്കിൽ എ ഗ്രൂപ്പിൽനിന്ന് മത്സരിക്കുന്ന ആളിന് ഐ പിന്തുണ നൽകാനുള്ള സാധ്യതയും കൂടുതലാണ്.
മറുനാടന് മലയാളി ബ്യൂറോ