കണ്ണൂർ: ശബരിമല സമരം ബിജെപിയുടെ അജണ്ടയായിരുന്നെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ പുറത്തു വന്നതിന് പിന്നാലെ കോൺഗ്രസ്സിൽ ഭിന്നാഭിപ്രായം രൂപപ്പെടുന്നു. ഏക ദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും യുക്തിവാദികളും ഉൾപ്പെട്ട കോൺഗ്രസ് പ്രസ്ഥാനം ശബരിമല വിഷയത്തിൽ അതിരു കവിഞ്ഞ ഇടപെടൽ നടത്തിയെന്ന അഭിപ്രായമാണ് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കളിലും അണികളിലും ഉള്ളത്. ചെന്നിത്തലയും കെ സുധാകരനും എടുത്ത അമിതാവേശം പാർട്ടിയെ നാശത്തിലേക്കാണ് നയിക്കുകയെന്നുള്ള ശക്തമായ അഭിപ്രായമാണ് ഇവർ ഉയർത്തുന്നത്. കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് പി രാമകൃഷ്ണനെപ്പോലുള്ളവർ ഇക്കാര്യം തുറന്നു പറയുന്നുണ്ട്. വി.ടി ബൽറാം, വി.ഡി സതീശൻ തുടങ്ങിയവരും ഇതേ അഭിപ്രായക്കാരാണ്. മാറിയ സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ ഹൈക്കമാൻഡ് ഉറച്ച നിലപാട് വ്യക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനമേറ്റതോടെ പാർട്ടിക്ക് പ്രതിച്ഛായ ഏറിയെങ്കിലും പ്രതിപക്ഷനേതാവുൾപ്പെടെയുള്ളവരുടെ ശബരിമലയിലെ ഇടപെടൽ മതേതരവാദികൾ ആശങ്കയോടെയാണ് കണ്ടത്. സംസ്ഥാനത്ത് ഒട്ടേറെ ജനകീയ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്സ് അതിലൊന്നും കാലികമായ ഇടപെടൽ നടത്താതെ ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അമിതാവേശം കാട്ടിയതായി കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി പാർട്ടിയുടെ ദേശീയ നയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ശബരിമലയിലെ സ്ത്രീ പ്രവേശത്തെ അമിതമായി എതിർക്കുന്ന സമീപനം കൈക്കൊള്ളരുതായിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു. കെപിസിസി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശബരിമല വിഷയത്തിലുള്ള മിത നിലപാടിനെ മറികടന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വർക്കിങ് പ്രസിഡണ്ട് കെ.സുധാകരനും എടുത്ത് ചാടിയതെന്നാണ് പാർട്ടിയിലെ പ്രാദേശിക നേതാക്കൾ പറയുന്നത്. ചിലർ ശബരിമലയിൽ വൺമാൻ ഷോ നടത്തിയതും കോൺഗ്രസ്സിന് ചീത്തപേരുണ്ടാക്കുകയാണ് ചെയ്തത്. ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും മുതലെടുപ്പിനുള്ള അവസരം അറിഞ്ഞോ അറിയാതേയോ കോൺഗ്രസ്സിൽ നിന്ന് ഉണ്ടായതായും നേതാക്കളിൽ അഭിപ്രായമുണ്ട്.

പാർട്ടിയിൽ പുനഃസംഘടന നടക്കുന്ന വേളയിൽ അച്ചടക്കത്തെ ബാധിക്കുമോ എന്ന ഭയത്തിലാണ് നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രത്യക്ഷമായി രംഗത്ത് വരാത്തത്. കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയുടെ അഭിപ്രായം പാർട്ടിയുടേതല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഉന്നത സ്ഥാനത്തുള്ളവർ തന്നെ സംസ്ഥാനത്ത് പ്രചരിപ്പിക്കുന്നു. പാർട്ടിയുടെ ദേശീയ നയത്തെ പോലും മറികടന്ന് പ്രവർത്തിക്കുന്ന സമീപനം കോൺഗ്രസ്സിന് ദോഷം ചെയ്യുമെന്ന് മതേതരവാദികൾ വിശ്വസിക്കുന്നു. കേരളത്തിൽ ഒരു ഭാഗത്ത് സംഘപരിവാറും മറുഭാഗത്ത് സിപിഎമ്മായി മാറിക്കൊണ്ടിരിക്കയാണ്. കോൺഗ്രസ്സിന്റെ റോൾ നാൾക്കുനാൾ മങ്ങുകയാണോ എന്നും സംശയിക്കുന്നവരുണ്ട്.

അടുത്ത കെപിസിസി. നിർവ്വാഹക യോഗത്തിൽ ശബരിമല വിഷയം പ്രധാന ചർച്ചയാകും. വിവിധ ജില്ലകളിൽ നിന്നുള്ള കെപിസിസി. ഭാരവാഹികളിൽ ഒരു വിഭാഗവും ഡി.സി.സി. പ്രസിഡണ്ടുമാരിൽ ചിലരും ശബരിമല വിഷയത്തിലെ പാർട്ടി നിലപാടിനെതിരെ വിമർശനങ്ങൾ ഉന്നയിക്കും. അയൽ സംസ്ഥാനമായ കർണാടകത്തിൽ കോൺഗ്രസ്സ് വീണ്ടും ശക്തിപ്രാപിക്കുമ്പോൾ കേരളത്തിൽ കാഴ്ചക്കാരായി മാറേണ്ട അവസ്ഥ വരുമോ എന്നും ഭയപ്പെടുന്നവരുണ്ട്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് നടത്തേണ്ട സമയമായിട്ടും ശബരിമലയിൽ മാത്രം സംഘടനാ പ്രവർത്തനം കേന്ദ്രീകരിക്കുന്ന അവസ്ഥയിലാണെന്നും ഒരു വിഭാഗം കരുതുന്നു.

നേരത്തെ അജയ് തറയിലിനെപ്പോലുള്ള നേതാക്കൾ ശബരിലമല വിഷയത്തിൽ എടുത്ത നിലപാടിനെ രൂക്ഷമായി വിമർശിച്ച് വി ടി ബൽറാം എംഎൽഎ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് തന്റെ നേതാവ് എന്ന നിലപാടാണ വി ടി എടുത്തത്. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്ന ഭീഷണിയാണ് ചെന്നിത്തല ഗ്രൂപ്പ് ഉയർത്തിയത്.

ഇന്നലെ കോടിയേരിയുടെ നിലപാടിനെ പിന്തുണച്ചും വി ടി ബൽറാം പോസ്റ്റ് ഇട്ടിരുന്നു.

'ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ വേണ്ടി ബിജെപിയുടെ നേതൃത്ത്വത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നു. മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടതു പോലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനൽ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി തയ്യാറാവേണ്ടത്.

സംഘ് പരിവാർ നേതാക്കൾക്കെതിരെയാവുമ്പോൾ പതിവായി കാണാറുള്ളത് പോലെ കേവലം കേസ് രജിസ്റ്റർ ചെയ്യലിൽ ഒതുങ്ങുമോ അതോ അതിന്റെ തുടർ നടപടികൾ ഉണ്ടാകുമോ എന്നത് കൂടിയാണ് കേരളം ഉറ്റുനോക്കുന്നത്.'- ഇങ്ങനെയായിരുന്നു ബൽറാമിന്റെ പോസ്റ്റ്.