ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യയും ചൈനയുമായുള്ള സംഘർഷം മൂർഛിച്ചുനിൽക്കുന്നതിനിടെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചൈനയുടെ അംബാസഡർ ലുവോ ഷാവോഹുലുമായി ചർച്ച നടത്തിയത് വിവാദത്തിലേക്ക്. ആദ്യം ഈ വാർത്ത നിഷേധിച്ച കോൺഗ്രസിന് പിന്നീട് സംഭവം സ്ഥിരീകരിക്കേണ്ടിവന്നത് നാണക്കേടായി. സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ വൻതോതിലുള്ള വിമർശനം ഉയർന്നതോടെയാണ് കോൺഗ്രസ് പ്രതിരോധത്തിലായത്.

ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് രാഹുലെത്തിയതെന്ന് ചൈനീസ് എംബസ്സി ആദ്യം വ്യക്തമാക്കിയത്. എന്നാൽ, ഇത് വിവാദമായതോടെ, ഈ പരാമർശം എംബസ്സി പിൻവലിച്ചു. രാഹുൽ ചൈനീസ് സ്ഥാനപതിയെ കണ്ടില്ലെന്ന് അവകാശപ്പെട്ട കോൺഗ്രസ് പിന്നീട് ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും തിരുത്തി.

തന്റെ കൂടിക്കാഴ്ചയെ ശക്തമായി ന്യായീകരിക്കുന്ന നിലപാടാണ് രാഹുലും പുറത്തെടുത്തത്. നിർണായകവിവരങ്ങൾ സംബന്ധിച്ച് വിവരങ്ങൾ തേടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. മൂന്ന് മന്ത്രിമാർ ചൈനീസ് ആതിഥേയത്വം സ്വീകരിക്കുന്നതെന്തുകൊണ്ടെന്ന് സർക്കാർ വിശദീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ബ്രിക്‌സ് സമ്മേളനവുമായി ബന്ധപ്പെട്ട് ചൈന സന്ദർശിച്ച മൂന്ന് മന്ത്രിമാരെക്കുറിച്ചായിരുന്നു രാഹുലിന്റെ പരാമർശം.

താൻ ചൈനീസ് അംബാസഡറെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള കോൺഗ്രസ് നേതാക്കളെയും ഭൂട്ടാൻ സ്ഥാനപതിയെയും കണ്ടിരുന്നുവെന്നും നിർണായക വിഷയങ്ങളിൽ വിവരം തേടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. ചൈനീസ് സ്ഥാനപതിയെ മാത്രമാണ് കണ്ടതെന്ന വിമർശനത്തെ ചെറുക്കുന്നതിനാണ് ഇത്തരമൊരു വിശദീകരണം രാഹുൽ നടത്തിയതെന്നാണ് വിലയിരുത്തുന്നത്.