ചെന്നൈ: കമൽഹാസന് കോൺഗ്രസിന്റെ ക്ഷണം. കമലിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തെയാണ് കോൺഗ്രസ് യുപിഎ സഖ്യത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സഞ്ജയ് ദത്താണ് കമൽഹാസനെ സഖ്യത്തിലേക്ക് ക്ഷണിച്ചത്. കോൺഗ്രസിന്റെയും മക്കൾ നീതി മയ്യത്തിന്റെയും ആശയങ്ങൾ ഒന്നാണ്. അതിനാലാണ് കമൽഹാസനെ കോൺഗ്രസിലേക്ക് ക്ഷണിക്കുന്നതെന്നുമാണ് സഞ്ജയ്ദത്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്.

തമിഴ്‌നാടിന്റെ ഡിഎൻഎയ്ക്ക് കോട്ടം വരുത്താത്ത ഏത് പാർട്ടിയുമായും സഖ്യം ചേരാൻ തയ്യാറാണെന്ന് ശനിയാഴ്‌ച്ച കമൽഹാസൻ പറഞ്ഞതിന് പിന്നാലെയാണ് സഞ്ജയ് ദത്ത് കമൽഹാസനെ കോൺഗ്രസിലെക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാൽ കമൽഹാസനെ കോൺഗ്രസിലേക്ക് ക്ഷണിച്ചെങ്കിലും ഡിഎംകെയെ കൈവിടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ ഡിഎംകെയുള്ള കോൺഗ്രസിലേക്ക് കമൽഹാസൻ പോകുമോ എന്ന് വ്യക്തമല്ല.

ഡിഎംകെയെ കൈവിടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോൺഗ്രസ് കമൽഹാസനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. കമൽഹാസന് ഈ നിബന്ധന അംഗീകരിച്ചുകൊണ്ട് വേണമങ്കിൽ കോൺഗ്രസിൽ ചേരാം. ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിക്കുകയാണെങ്കിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാമെന്ന് കമൽഹാസൻ മുമ്പ് പറഞ്ഞിരുന്നു. ഇതാണ് അർത്ഥാശങ്കകൾക്ക് ഇടവെച്ചിരിക്കുന്നത്.

എന്നാൽ, ഡിഎംകെയുമായുള്ള ദീർഘകാലബന്ധം ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയതോടെ കമൽഹാസൻ പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 'കോൺഗ്രസിന്റെ പടയാളി എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് രാഹുൽ ഗാന്ധിയും എം.കെ.സ്റ്റാലിനും ജനാധിപത്യ മതേതരമുന്നണിക്ക് വേണ്ടിയാണ് പടനയിക്കുന്നത് എന്നാണ്. കമൽഹാസന്റെ പ്രസ്താവനകൾ തെളിയിക്കുന്നത് അദ്ദേഹം ഫാസിസത്തിനും സാമുദായികശക്തികൾക്കും എതിരാണെന്നാണ്. മതേതരജനാധിപത്യ ശക്തികൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്.' സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു.