- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ കോൺഗ്രസിന് വിജയം ഉറപ്പ്; മധ്യപ്രദേശിൽ ലക്ഷ്യമിടുന്നത് ബിജെപിയെ അട്ടിമറിക്കുന്ന വിജയം; ഛത്തീസ്‌ഗഡിൽ ഭരണവിരുദ്ധ വികാരം തുണയാകുമെന്നും വോട്ടാകുമെന്ന് പ്രതീക്ഷ; തെലുങ്കാനയിലെ ടിഡിപിയെ കൂട്ടാളികളാക്കിയത് ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു; മിസോറാമിൽ അമിത്ഷായുടെ കുതിരക്കച്ചവടത്തെ അതിജീവിക്കാൻ നെട്ടോട്ടം: പൊതുതെരഞ്ഞടുപ്പിന്റെ സെമിഫൈനലിനൊരുങ്ങുന്ന കോൺഗ്രസ് മുമ്പെങ്ങും ഇല്ലാത്ത വിധം ആത്മവിശ്വാസത്തിൽ
ന്യൂഡൽഹി: 2019ലെ പൊതുതെരഞ്ഞടുപ്പിലേക്കുള്ള സെമിഫൈനൽ... ഈ മാസം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ രാജ്യം നോക്കിക്കാണുന്നത് ഇങ്ങനെയാണ്. കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ മലർത്തിയടിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബിജെപിയെ തോൽപ്പിച്ചത് വലിയ ഭൂരിപക്ഷത്തിലാണെന്നത് കോൺഗ്രസിന് വർദ്ധിത വീര്യം നൽകുന്നു. മോദി സർക്കാറിന്റെ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃത്വം നടത്തുന്ന സമരങ്ങളുടെ വിജയം കൂടിയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. രാജ്യത്തെ പൊതുരാഷ്ട്രീയ ചിത്രം മാറുന്നു എന്ന സൂചനയാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 2014-ൽ ബിജെപി നേടിയ വിജയം ആവർത്തിക്കുമോയെന്ന കാര്യത്തിൽ ഈ മാസം ചിത്രം തെളിയും. രാജസ്ഥാനിൽ കോൺഗ്രസ് പടിച്ചെുടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതേസമയം ബിജെപി- കോൺഗ്രസ് ഇഞ്ചോടിഞ്ചു പോരാട്ടത്തിന് കളമൊരുങ്ങുകയാണ് മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കാണുന്നത്. ഇവിടങ്ങളിൽ നിലവിലുള്ള
ന്യൂഡൽഹി: 2019ലെ പൊതുതെരഞ്ഞടുപ്പിലേക്കുള്ള സെമിഫൈനൽ... ഈ മാസം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ രാജ്യം നോക്കിക്കാണുന്നത് ഇങ്ങനെയാണ്. കർണാടക ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ മലർത്തിയടിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബിജെപിയെ തോൽപ്പിച്ചത് വലിയ ഭൂരിപക്ഷത്തിലാണെന്നത് കോൺഗ്രസിന് വർദ്ധിത വീര്യം നൽകുന്നു. മോദി സർക്കാറിന്റെ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃത്വം നടത്തുന്ന സമരങ്ങളുടെ വിജയം കൂടിയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. രാജ്യത്തെ പൊതുരാഷ്ട്രീയ ചിത്രം മാറുന്നു എന്ന സൂചനയാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്.
അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 2014-ൽ ബിജെപി നേടിയ വിജയം ആവർത്തിക്കുമോയെന്ന കാര്യത്തിൽ ഈ മാസം ചിത്രം തെളിയും. രാജസ്ഥാനിൽ കോൺഗ്രസ് പടിച്ചെുടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതേസമയം ബിജെപി- കോൺഗ്രസ് ഇഞ്ചോടിഞ്ചു പോരാട്ടത്തിന് കളമൊരുങ്ങുകയാണ് മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കാണുന്നത്. ഇവിടങ്ങളിൽ നിലവിലുള്ള കോട്ടകൾ കാക്കാൻ ബിജെപി കച്ചമുറുക്കുമ്പോൾ നഷ്ടപ്പെട്ട പ്രതാപം ഏതുവിധേനയും തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളുമായാണ് കോൺഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നത്. തെലുങ്കാനയിലാകട്ടെ കോൺഗ്രസ്- നായിഡു സംഖ്യത്തിനെതിരേ പടപ്പുറപ്പാടിലാണ് ബിജെപിയും തെലങ്കാന രാഷ്ട്രീയ സമിതിയും (ടിആർഎസ്). കൂട്ടുകൃഷിയിലൂടെ ചന്ദ്രശേഖരറാവുവിനെ നിലംപരിശാക്കാൻ സാധിക്കുമെന്നു തന്നെയുള്ള കണക്കുകൂട്ടലാണ് വിശാലസഖ്യത്തിന്റെ അണിയറയിൽ നടക്കുന്നത്.
മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ ഒരു ഘട്ടമായും ഛത്തീസ്‌ഗഡിൽ രണ്ടു ഘട്ടമായുമാണ് തെരഞ്ഞെടുപ്പ്. 2003 മുതൽ ഭരണം നഷ്ടമായ സംസ്ഥാനങ്ങളിൽ ഇത്തവണ എന്തു വിലകൊടുത്തും തിരിച്ചുപിടിക്കണമെന്ന സന്ദേശമാണു കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്. മിക്കയിടങ്ങളിലും കോൺഗ്രസിനു നേരിയ മുൻതൂക്കമുണ്ടെന്ന് സർവേ ഫലം പുറത്തുവരുന്നത്. അതുകൊണ്ടു തന്നെ കോൺഗ്രസിന് ഇത് അഭിമാനപ്പോരാട്ടം കൂടിയാണ്. എന്നാൽ നിലവിൽ പല സംസ്ഥാനങ്ങളിലും ബിജെപിക്കും ഉറച്ച അടിത്തറ ഉള്ളതിനാൽ സർവേ ഫലം ബിജെപിയെ ഒരു പരിധിയിൽ കവിഞ്ഞ് പരിഭ്രാന്തരാക്കുന്നുമില്ല. മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഭരണവിരുദ്ധ വികാരം പ്രകടമാണെങ്കിലും ബിജെപി മുഖ്യന്മാർക്ക് ഇവിടെ അവരുടെ വ്യക്തിപ്രഭാവം നിലനിൽത്താൻ സാധിക്കുന്നുണ്ട് എന്നത് മേന്മയായി തന്നെ കരുതാം. ഇവിടങ്ങളിൽ ബിജെപി വോട്ടു ചോരാതെ കാക്കാൻ ഇതുതന്നെ ധാരാളം.
കോൺഗ്രസിന് അനുകൂല കാറ്റുമായി രാജസ്ഥാൻ
കോൺഗ്രസിന് ഏറ്റവും അനുകൂലമായ കാറ്റുവീശുന്നത് രാജസ്ഥാനിലാണ്. 2008-ൽ 96 സീറ്റുകളോടെ സംസ്ഥാന ഭരണം കൈക്കലാക്കിയ കോൺഗ്രസ് 2013-ൽ പക്ഷേ ബിജെപിക്ക് അടിയറവു പറയേണ്ടി വന്നുവെന്നതാണ് ചരിത്രം. 200 നിയമസഭാ സീറ്റുള്ള രാജസ്ഥാനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 163 സീറ്റുകൾ ബിജെപി തൂത്തുവാരി. എന്നാൽ അഞ്ചുവർഷം കൊണ്ട് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിന് പകരം ഇവിടെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഉടലെടുത്തത് എന്നാണ് ബിജെപിക്കുണ്ടായിരിക്കുന്ന ഏറ്റവും വലിയ തലവേദന. സർക്കാരിനെ താഴെയിറക്കാൻ ചില ബിജെപി അനുഭാവികൾ പോലും രംഗത്തിറങ്ങിയിട്ടുണ്ട് എന്നതു പോലും ഭരണകക്ഷിക്കു നേരേയുണ്ടായിട്ടുള്ള ഏറ്റവും വലിയ തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടിയെടുത്ത ബിജെപി പിന്നീടു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ രണ്ടെണ്ണം കോൺഗ്രസിനു അടിയറവു വയ്ക്കേണ്ടി വന്നു.
ഭരണകക്ഷി എന്ന നിലയിൽ പൂർണമായും പരാജയപ്പെട്ട ബിജെപി സർക്കാരിന്റെ എല്ലാ തീരുമാനം ജനവിരുദ്ധമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നതും. ഈ വികാരം മുതലെടുക്കാൻ കോൺഗ്രസിന് ഒരു പരിധി വരെ സാധിക്കുമെങ്കിലും മൂന്നാം മുന്നണിയുടെ സാന്നിധ്യം തള്ളിക്കളയാനും സാധിക്കില്ല. ഭരണകക്ഷിയുടെ നയങ്ങൾക്കെതിരേ പോരാടിയ സിപിഎമ്മും അടുത്ത തെരഞ്ഞെടുപ്പിൽ ഏറെ പ്രതീക്ഷ പുലർത്തുന്നുണ്ട് എന്നതും വിസ്മരിച്ചു കൂടാ. 200-ൽ 129 സീറ്റുകൾ കോൺഗ്രസിന് നേടാനാവുമെന്നാണ് സർവേ വെളിപ്പെടുത്തുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് വെറും 63 സീറ്റുകൾ കൊണ്ട് ഇത്തവണ തൃപ്തിപ്പെടേണ്ടി വരും. മറ്റുള്ളവയ്ക്ക് മൊത്തം എട്ടുസീറ്റും ലഭിക്കും.
മധ്യപ്രദേശിൽ ബിജെപിക്ക് കനത്ത വെല്ലുവിളി
മധ്യപ്രദേശിലെ ബിജെപി കോട്ട തകർക്കുമോ ഇത്തവണ കോൺഗ്രസ്? 230 അസംബ്ലി സീറ്റുകളിൽ 165 എണ്ണം നേടി അധികാരത്തിലേറിയ ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തുന്നത്. തുടർച്ചയായി 14 വർഷം ഭരണം കൈയാളുന്ന ബിജെപിക്ക് ഈ വേള ഭരണം കൈവിട്ടുപോകുന്ന ഭയമില്ലാതില്ല. 2003-ൽ ഉമാ ഭാരതി തുടക്കമിട്ട ബിജെപി ഭരണം ഇപ്പോൾ ശിവരാജ് ചൗഹാന്റെ കൈകളിലെത്തി നിൽക്കുന്നു. അഭിപ്രായ സർവേയിൽ ഭരണം ബിജെപിക്കു തന്നെയാണെങ്കിലും സംഘ ക്യാമ്പിൽ ആശങ്ക ഒഴിയുന്നില്ല. അതേസമയം ഭരണവിരുദ്ധവികാരത്തിൽ പ്രതീക്ഷയർപ്പിക്കയാണ് കോൺഗ്രസ്.യുവനേതാവ് ജ്യോതിരാജസിന്ധ്യയാണ് ഇത്തവണ കോൺഗ്രസിന്റെ തുറുപ്പുചീട്ട്. 2003-ൽ അധികാരത്തിലേറിയ ചൗഹാൻ പിന്നീട് ഭരണം തന്നിൽ തന്നെ നിലനിർത്തുന്നതിന് ഏറെ തന്ത്രങ്ങൾ മെനഞ്ഞു. കോൺഗ്രസിന്റെ പോരായ്മകൾ എടുത്തുകാട്ടി ബിജെപിയെ തന്നെ അധികാരത്തിൽ നിർത്തിയ ചൗഹാന് പക്ഷേ ഇക്കൂറി കാലിടറുമെന്നും് സൂചനകൾ.
ഒരു വർഷത്തിനിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പലയിടത്തും ബിജെപി വീഴുകയായിരുന്നു. കോലാറസ്, മുംഗാവലി ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനായിരുന്നു വിജയം. കൂടാതെ 13 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കു തിരിച്ചടിയാണുണ്ടായത്. 14 മുനിസിപ്പൽ സീറ്റുകളിൽ ഒമ്പതിടങ്ങളിലും കോൺഗ്രസിന് വിജയം കണ്ടെത്താനായി. സമീപകാലങ്ങളിൽ നടത്തിയിട്ടുള്ള അഭിപ്രായ സർവേകളിലും ജനവികാരം ബിജെപിക്ക് എതിരു തന്നെയാണ് എന്നതും പാർട്ടിയിൽ ഭീതി വളർത്തുന്നുണ്ട്. കമൽനാഥ്, ദിഗ്‌വിജയ് സിങ്, ജ്യോതിരാജസിന്ധ്യ, അരുൺയാദവ് എന്നിവരാണ് മധ്യപ്രദേശിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ. ഇവർക്കിടയിലുള്ള ഭിന്നിപ്പ് നീക്കി ഒത്തൊരുമയോടെയുള്ള പ്രവർത്തനം സാധ്യമായാൽ തന്നെ ബിജെപിക്കു മേൽ വിജയം നേടാമെന്നാണ് കരുതുന്നത്. എന്നാൽ ചിലയിടങ്ങളിൽ ബിഎസ്‌പിയുടെ സാന്നിധ്യം കോൺഗ്രസിനു തന്നെ ഭീഷണിയായിട്ടുണ്ട്.
മധ്യപ്രദേശിലെ പാർട്ടികൾക്കു വെല്ലുവിളി ഉയർത്തിക്കൊണ്ട് ഉയർന്നുവന്നിരിക്കുന്ന നാലാം പാർട്ടിയായപോലെ നോട്ട ഉയർന്നുവന്നത് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെയാണ് ഭീഷണിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആദിവാസി മേഖലകളൊന്നിൽ നോട്ടയ്ക്ക് കൂടുതൽ വോട്ടു കിട്ടിയതും ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. പോൾ ചെയ്ത 6.4 ലക്ഷം വോട്ടുകളിൽ 1.9 ശതമാനം നേടാനും നോട്ടയ്ക്കു കഴിഞ്ഞിരുന്നു. അതേ വോട്ടിങ് രീതിയാണ് ഇത്തവണയെങ്കിൽ മുൻ നിര പാർട്ടികളുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റുമെന്നാണ് കരുതുന്നത്.
ഛത്തീസ്‌ഗഡിൽ ഇഞ്ചോടിച്ചു പോരാട്ടം
ഭരണത്തുടർച്ച സ്വപ്നം കണ്ടാണ് ഇത്തവണയും ബിജെപി കളത്തിലിറങ്ങുന്നത്. പ്രതിച്ഛായയ്ക്ക് മങ്ങലേറ്റവരെ മാറ്റി നിർത്തി മുഖം മിനുക്കിക്കൊണ്ടുതന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാണ് പാർട്ടി തുനിഞ്ഞിറങ്ങിയിരിക്കുന്നത്. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്ത് സർവേ ഫലം സൂചിപ്പിക്കുന്നത് ഇഞ്ചോടിഞ്ച് മൽസരമെന്നാണ്. 90 സീറ്റുള്ളതിൽ 47 സീറ്റുകൾ കോൺഗ്രസും 49 എണ്ണം ബിജെപിക്കുമാണെന്നാണ് പറയുന്നത്. അഭിപ്രായസർവേകൾ വെല്ലുവിളി ഉയർത്തുമ്പോഴും ജനപ്രിയ പദ്ധതികൾ മുഖ്യമന്ത്രി രമൺ സിംഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയെന്ന ആത്മവിശ്വാസം ബിജെപിക്ക് ആവോളമുണ്ട്. കോൺഗ്രസിന് സംസ്ഥാനത്ത് ഉയർത്തിക്കാട്ടാൻ നല്ലൊരു നേതാവില്ലാത്തതിന്റെ അഭാവം, മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി തുടങ്ങിയവയെല്ലാം വിജയത്തിലേക്കുള്ള ചവിട്ടുപടിയായി ബിജെപി കരുതുന്നു.
കാർഷിക മേഖലയിലെ തിരിച്ചടിയും ഇന്ധനവിലയടക്കമുള്ള പ്രശ്നങ്ങളും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ ഒരുപരിധി വരെ കാരണമായതു കൊണ്ട് ഇവിടെ വീണ്ടുമൊരു വിജയം നേടുകയെന്നത് അത്ര നിസാരകാര്യമല്ല. നാലാം വിജയത്തിനായി മത്സരിക്കുന്ന രമൺ സിംഗിന് ജനകീയപ്രതിച്ഛായ ഏറെയുള്ളതാണ് ബിജെപിയുടെ തുറുപ്പുചീട്ട്. കോൺഗ്രസുമായി നേരിയ വോട്ടുകൾക്ക് മാത്രം വിജയം നേടാൻ സാധിച്ച ബിജെപിക്ക് ഇത്തവണ വിജയം ഉറപ്പാക്കണമെങ്കിൽ ഏറെ തന്ത്രങ്ങൾ തന്നെ മെനയേണ്ടി വരും. അണിയറയിൽ നടക്കുന്നതും അതുതന്നെയാണ്.
കോൺഗ്രസിൽ നിലവിലുള്ള പിളർപ്പ് മുതലാക്കിയാണ് ബിജെപി നേതൃത്വം ഇവിടെ കരുക്കൾ നീക്കുന്നത്. കോൺഗ്രസിലെ ഉൾപാർട്ടി പ്രശ്നങ്ങൾ തങ്ങളുടെ വോട്ടുബാങ്കാക്കി മാറ്റാനുള്ള തീവ്ര ശ്രമങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നുണ്ട്. ഉപതെരഞ്ഞെടുപ്പുകളിൽ പരോക്ഷമായി ബിജെപിക്ക് സഹായം ചെയ്തു കൊടുത്തതിനെ തുടർന്ന് മകൻ അമിത് ജോഗിയെ പാർട്ടി പുറത്താക്കിയതിനെ തുടർന്നാണ് അജിത് ജോഗിയും കോൺഗ്രസ് വിട്ടത്. കോൺഗ്രസിന്റെ പിളർപ്പിലേക്ക് നയിച്ച സംഭവങ്ങൾക്കു ശേഷം അജിത് ജോഗി ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് രൂപീകരിച്ചത് കോൺഗ്രസിന് വൻ തിരിച്ചടിയായി. സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ജോഗിയുടേതു തന്നെ.
യുവനിരയെ തന്നെ കളത്തിലിറക്കിയാണ് ബിജെപി ജനഹൃദയങ്ങളെ വശത്താക്കുന്നത്. 77 സ്ഥാനാർത്ഥികളിൽ 25 പേരും 40 വയസിൽ താഴെയുള്ളവർ. അതിൽ ഐഎഎസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും ഒക്കെയുണ്ട്. ജാതി സമവാക്യങ്ങളും ഏറെ പ്രാവർത്തികമാകുന്ന ഛത്തീസ്‌ഗഡിൽ ആദിവാസികളുടെ വോട്ടും നിർണായകം തന്നെ. ആദിവാസി നേതാവു കൂടിയായ കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് രാംദയാൽ ഉയ്കെയെ വിലക്കെടുക്കാൻ സാധിച്ചതും ബിജെപി തന്ത്രങ്ങളുടെ ഭാഗമായാണ്.
തെലങ്കാനയിൽ അപ്രതീക്ഷിത തിരിച്ചടികളിൽ പതറി ടി ആർ എസ്
അനായാസമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് ഒമ്പതു മാസം കൂടി കാലാവധിയുള്ള തെലങ്കാന സർക്കാർ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പിരിച്ചുവിട്ടത്. എന്നാൽ അപ്രതീക്ഷിതമായി കോൺഗ്രസും ടിഡിപിയും സഖ്യത്തിലായതോടെ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്)യുടെ ഭരണമോഹത്തിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഒമ്പതു മാസം കാലാവധി ബാക്കി നിൽക്കേയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടത്. ഭരണത്തിലേക്ക് തിരിച്ചു കയറാനുള്ള അനുകൂല സാധ്യതകൾ മുന്നിൽക്കണ്ടാണ് ചന്ദ്രശേഖര റാവു ഒരു മുഴം നീട്ടിയെറിഞ്ഞത്. എന്നാൽ തെലുങ്കാനയിൽ കാര്യങ്ങൾ മാറിമറിയാൻ അധികനാൾ വേണ്ടി വന്നില്ല. വിശാല സഖ്യവുമായി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടി മുന്നിട്ടിറങ്ങിയതോടെ അനായാസ വിജയം ടിആർഎസിന് ബാലികേറാ മലപോലെയായി.
പരമ്പരാഗത എതിരാളികളായ കോൺഗ്രസും ടിഡിപിയും ഒറ്റക്കെട്ടായതോടെ തെരഞ്ഞെടുപ്പു മത്സരം കടുപ്പമേറിയതായിരിക്കുകയാണ്. ഇതു മൂന്നാം തവണയാണ് പ്രതിപക്ഷം വിശാല സഖ്യവുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 119 നിയമസഭാ സീറ്റുകളിൽ 63 സീറ്റുകളാണ് ടിആർഎസ് കഴിഞ്ഞ തവണ നേടിയത്. കോൺഗ്രസിന് 21 ഉം ടിഡിപിക്ക് 15ഉം ബിജെപിക്ക് അഞ്ചും സീറ്റുകൾ വീതം ലഭിച്ചു. പ്രതിപക്ഷത്തെ ഞെട്ടിക്കാനാണ് നിയമസഭ ചന്ദ്രശേഖര റാവു പിരിച്ചുവിട്ടതെങ്കിലും വിശാലസഖ്യം രൂപപ്പെട്ടത് ഭരണകക്ഷിക്കു തന്നെ വൻ ഞെട്ടലായി മാറുകയായിരുന്നു. കണക്കുകൂട്ടലുകൾക്കപ്പുറം ബദ്ധശത്രുക്കളായ കോൺഗ്രസും ടിഡിപിയും തെരഞ്ഞെടുപ്പിനായി കൈക്കോർത്തപ്പോൾ ഇവർക്കൊപ്പം സിപിഐയും തെലങ്കാനാ ജനസമിതിയും ചേർന്നു.
സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ജനപ്രിയപദ്ധതികൾ വോട്ടാക്കി മാറ്റാനാണ് ടിആർഎസിന്റെ ശ്രമം. കൂടാതെ കോൺഗ്രസ്-ടിഡിപി കൂട്ടുകെട്ടിനെ വിമർശിച്ചും വോട്ടുകൾ അനുകൂലമാക്കാൻ ടിആർഎസ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനിടെ നടന്ന പല ഉപതെരഞ്ഞെടുപ്പുകളിൽ വിജയം കാണാൻ സാധിച്ചിട്ടില്ലെങ്കിലും സഖ്യകക്ഷികളുമായി ചേർന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മാറ്റം കോൺഗ്രസ് സ്വപ്നം കാണുന്നുണ്ട്.
മിസോറാം വെട്ടിപ്പിടിക്കാൻ ബിജെപി
കോൺഗ്രസിനെ വെട്ടി ഏതു വിധേനയും മിസോറാമിൽ ആധിപത്യം സ്ഥാപിക്കാനുള്ള തന്ത്രങ്ങളൊരുക്കുകയാണ് ബിജെപി നേതൃത്വം. തങ്ങളുടെ ആവനാഴിയിലുള്ള എല്ലാ അമ്പുകളും ഇതിനായി ഉപയോഗിക്കാൻ തയ്യാറെടുത്താണ് അമിത് ഷായും ബിജെപിയും തുനിഞ്ഞിറങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്ന അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ തന്നെയാണ് ബിജെപിയുടെ നീക്കം. മിസോറാമിൽ അക്കൗണ്ട് തുറന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തങ്ങളുടെ വരുതിയിലാക്കാനാണ് അമിത് ഷായുടെ നീക്കം.
ഇരുപതു വർഷമായി കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്ത് ഇതുവരെ ബിജെപിക്ക് മേൽക്കോയ്മ നേടിയെടുക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഈ തെരഞ്ഞെടുപ്പോടെ നിലവിലുള്ള സമവാക്യങ്ങൾ തിരുത്തിയെഴുതപ്പെടുമെന്നാണ് ബിജെപി കരുതുന്നത്. കോൺഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രവാക്യമുയർത്തിയാണ് മിസോറാം പിടിച്ചടക്കാൻ ബിജെപി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 2013-ൽ വൻഭൂരിപക്ഷത്തോടെ ജയിച്ച് അധികാരത്തിലേറിയ കോൺഗ്രസിന് ഇത്തവണ വിജയം ഒട്ടും അനായാസമായിരിക്കില്ല. ഭരണം പിടിച്ചടക്കാൻ രണ്ടും കല്പിച്ച് ഗോദയിലിറങ്ങിയിരിക്കുന്ന ബിജെപിയെ മറികടക്കാൻ കോൺഗ്രസിന് ഏറെ വിയർക്കേണ്ടി വരും.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്നു വരെ വിശേഷിപ്പിച്ച ത്രിപുര പോലും വരുതിയിലാക്കിയ ബിജെപിക്ക് ഇവിടെ കോൺഗ്രസിനെ എളുപ്പത്തിൽ തളയ്ക്കാമെന്നു തന്നെയാണ് കരുതുന്നത്. എൻസിപി - കോൺഗ്രസ് സഖ്യം ഭരിച്ചിരുന്ന മേഘാലയയും എൻപിപിയുമായി ചേർന്ന് ബിജെപി പിടിച്ചടക്കിയിരുന്നു. ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്ന കോൺഗ്രസിന് ആഭ്യന്തര മന്ത്രി ആർ ലാൽസിർലിയാനയുടെ രാജി വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കോൺഗ്രസ് വിട്ട് ലാൽസിർലിയാന പ്രതിപക്ഷ പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ടിൽ ചേരുകയും ഐസോൾ ജില്ലയിലെ തർതാവി മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചതും കോൺഗ്രസിന് ഏറ്റ കനത്ത തിരിച്ചടിയാണ്.
ഇതിനൊപ്പം തന്നെ നിയമസഭാ അംഗങ്ങളുടെ അഴിമതി ആരോപണങ്ങളും കോൺഗ്രസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നു. ഒരു ഘട്ടത്തിൽ സർക്കാരിനെ താഴെയിടാൻ വരെ ശക്തമായ അഴിമതി ആരോപണം മുഖ്യമന്ത്രിക്കു നേരേ ഉയർന്നിരുന്നു. കൊൽക്കത്തയിൽ അനധികൃത കെട്ടിടങ്ങൾ മുഖ്യമന്ത്രിയുടെ പേരിൽ ഉണ്ടെന്നെതായിരുന്നു ആരോപണങ്ങൾ. മൊത്തം 40 സീറ്റുള്ള മിസോറാമിൽ ബിജെപി ഒറ്റയ്ക്കാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും നേതാക്കളെ ഒരു കുടക്കീഴിൽ നിർത്താൻ കഴിയാത്തത്ര ദുർബലമായി നിലവിൽ ഇവിടുത്തെ കോൺഗ്രസിന്റെ അവസ്ഥ. അടുത്തിടെ നാല് എംഎൽഎമാരാണ് പാർട്ടി വിട്ട് പ്രതിപക്ഷത്തേക്ക് ചാടിയത്. നിയമസഭാ സ്പീക്കർ പോലും പാർട്ടിയെ കൈവിടുമെന്ന് സൂചനയുണ്ട്.