- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദ ബിജെപിയിൽ; കോൺഗ്രസ് വിട്ടത്, തലമുറ മാറ്റത്തിനായി ശബ്ദമുയർത്തിയ നേതാക്കളിൽ ഒരാൾ; ബിജെപി ആസ്ഥാനത്ത് പാർട്ടി അംഗത്വം സ്വീകരിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ജിതിൻ പ്രസാദ പാർട്ടി അംഗത്വം സ്വീകരിച്ചത്. മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജിതേന്ദ്ര പ്രസാദിന്റെ മകനാണ്. കോൺഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട ജി23 ഗ്രൂപ്പിൽ അംഗമായിരുന്നു.
ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കൃത്യമായ പദ്ധതികളും നേതൃത്വവുമുള്ളത് ബിജെപിക്കാണെന്നും ജിതേന്ദ്ര പ്രസാദ പ്രതികരിച്ചു.
അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനേറ്റ കനത്ത പ്രഹരമായാണ് ജിതിൻ പ്രസാദയുടെ കൂറുമാറ്റം വിലയിരുത്തപ്പെടുന്നത്. യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നിർണായക നീക്കം കൂടിയാണിത്. യുപിയിലെ ബ്രാഹ്മണ വിഭാഗത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള പ്രസാദയുടെ കുടുംബം മൂന്നു തലമുറയായി കോൺഗ്രസിനൊപ്പമായിരുന്നു.
ബംഗാളിന്റെ ചുമതലയുള്ള ഐഎസിസി ജനറൽ സെക്രട്ടറിയായിരുന്നുജിതിൻ പ്രസാദ. മുൻപ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും പി.വി നരസിംഹ റാവുവിന്റെയും രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു ജിതിൻ പ്രസാദയുടെ അച്ഛൻ ജിതേന്ദ്ര പ്രസാദ.
ജോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ കോൺഗ്രസ് വിടുന്ന രണ്ടാമത്ത് ശക്തനായ നേതാവാണ് 47കാരനായ ജിതിൻ പ്രസാദ.ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ മാറ്റങ്ങൾക്കായി ശബ്ദമുയർത്തിയ നേതാക്കളിൽ ജിതിൻ പ്രസാദയുമുണ്ടായിരുന്നു. കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ജിതിൻ പ്രസാദ അടക്കമുള്ളവർ കത്തയച്ചിരുന്നു. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ തുടങ്ങി 23 ഓളം കോൺഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്.
ഇതിനെതിരേ പാർട്ടിയിൽ നിന്ന് വിമർശനം ഉയർന്നതിന് പിന്നാലെ കത്ത് ദുർവ്യാഖ്യാനം ചെയ്തുവെന്ന് ജിതിൻ പ്രസാദ പറഞ്ഞിരുന്നു. നേതൃമാറ്റം എന്ന ഉദ്ദേശത്തോടെയല്ല കത്തെഴുതിയതെന്നും പാർട്ടിയെ ശക്തിപ്പെടുത്തുകയായിരുന്നു കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കത്തെഴുതിയ എല്ലാ നേതാക്കൾക്കുമെതിരെ നടപടി വേണമെന്നും ജിതിൻ പ്രസാദയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഒരു കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.
നേരത്തെ 2019ൽ ജിതിൻ പ്രസാദ പാർട്ടി വിടുന്നുവെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു. പാർട്ടിയിൽ തുടരുന്നത് സംബന്ധിച്ച് പ്രിയങ്ക ഗാന്ധി അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നുവെന്നായിരുന്നു ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്