കോഴിക്കോട്: പ്രമുഖ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എൻ പി മൊയ്തീൻ(75) അന്തരിച്ചു. കുറച്ചു കാലമായി രോഗ ബാധിതനായിരുന്നു. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി എൻ.പി അബുവിന്റെ മകനും പ്രശസ്ത സാഹിത്യകാരൻ എൻ.പി മുഹമ്മദിന്റെ സഹോദരനുമാണ്. കെപിസിസി നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. വിമോചനസമരകാലത്ത് മലബാറിലെ സമരസമിതിയുടെ കൺവീനറായിരുന്നു.

അഞ്ചാം കേരള നിയമസഭയിലും ആറാം നിയമസഭയിലും ബേപ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ആദ്യം കോൺഗ്രസ് സ്ഥാനാർത്ഥിയായും രണ്ടാം തവണ കോൺഗ്രസ്ഫയു ടിക്കറ്റിൽ ഇടതു പിന്തുണയിലുമാണ് ജയിച്ചത്. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മൊയ്തീൻ സംസ്ഥാന വൈസ് പ്രസിഡന്റ് പദവി വരെ എത്തി. പിന്നീട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ട്രഷററുമായി. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ പ്രസിഡന്റും സെക്രട്ടറിയും ആയി പ്രവർത്തിച്ചു.
കോൺഗ്രസ് പിളർന്നപ്പോൾ എ.കെ ആന്റണിയുടെ കൂടെ ആയിരുന്നു.

പിൽക്കാലത്ത് മലബാറിലെ എ ഗ്രൂപ്പിന്റെ പ്രധാനി ആയി. കോഴിക്കോട്ട് കോൺഗ്രസിന്റെ ശബ്ദം ആയിരുന്നു ഒരു കാലത്ത് മൊയ്തീൻ. നിയമസഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഡപ്യൂട്ടി ലീഡർ ആയും പ്രവർത്തിച്ചു. പ്‌ളാൻേറഷൻ കോർപറേഷൻ ചെയർമാനും വീക്ഷണം ദിനപത്രം ഡയറക്ടറും ആയിരുന്നു.

കോൺഗ്രസിലെ ആദർശരാഷ്ട്രീയത്തിന്റെ കണ്ണിയിൽ അവശേഷിച്ചിരുന്ന നേതാവ് കൂടിയായിരുന്നു എൻ പി മൊയ്തീൻ. ഏറെക്കാലം കോഴിക്കോട്ടെ കോൺഗ്രസിന്റെ അവസാന വാക്കും മൊയ്തീനായിരുന്നു. ജില്ലാ കോൺഗ്രസിലെ ഗ്രൂപ്പ് പടലപ്പിണക്കങ്ങളിലും തർക്കങ്ങളിലും പരിഹാരത്തിന്റെ സ്വരമായി കോൺഗ്രസുകാർ അവസാനം സ്വീകരിച്ചിരുന്നതും മൊയ്തീന്റെ നിർദേശങ്ങളും വാക്കുകളായിരുന്നു. എ.സുജനപാലിന് ശേഷം മൊയ്തീനും കൂടി വിടപറയുന്നതോടെ കോൺഗ്രസിന് ജില്ലയിലെ തലയെടുപ്പുള്ള നേതാക്കളിൽ ഒരാൾകൂടിയാണ് നഷ്ടമാകുന്നത്.

ഉമ്മൻ ചാണ്ടി കെഎസ്‌യു പ്രസിഡന്റായിരുന്നപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു മൊയ്തീൻ. യൂത്ത് കോൺഗ്രസിലെത്തിയ മോയ്തീൻ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. 1969 ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പം ആ പക്ഷത്ത് ഉറച്ചുനിന്ന അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാൾ മൊയ്തീനായിരുന്നു.

എ.കെ ആന്റണിയുടെ കീഴിലുള്ള കെപിസിസിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 78ൽ പാർട്ടി വീണ്ടും പിളർന്നപ്പോൾ ബ്രഹ്മാനന്ദ റെഡ്ഡിക്കൊപ്പം ആന്റണിയുടെ കൂടെ മൊയ്തീനുമുണ്ടായിരുന്നു. 12 വർഷം കോഴിക്കോട് ഡി.സി.സി. പ്രസിഡന്റായിരുന്നു. പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ, കയർ തൊഴിലാളി ക്ഷേമ ബോർഡ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഖാദി ബോർഡ് തുടങ്ങി നിരവധി സമിതികളിൽ അംഗമായിരുന്നു.

മാങ്കാവ് പള്ളിത്താഴം റോഡിലെ എൻപീ യിലാണ് താമസം. ഭാര്യ ഖദീജ. നാലു മക്കൾ. നാളെ രാവിലെ 11 മണിക്ക് ഡിസിസി ഓഫീസിൽ പൊതു ദർശനത്തിന് വെക്കും. 12ന് ശാദുലി പള്ളിയിലെ ജനാസ നമസ്‌കാരത്തിനുശേഷം കണ്ണംപറമ്പിൽ ഖബറടക്കും.