ന്യൂഡൽഹി; മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന  പ്രിയരഞ്ജൻ
ദാസ് മുൻഷി(72) അന്തരിച്ചു. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ തിങ്കളാഴ്ച 12.10ഓടെയിരുന്നു അന്ത്യം. 2008 ലുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഒമ്പതുവർഷമായി കോമയിലായിരുന്നു.

ജർമ്മനിയിൽ കൊണ്ടുപോയി സ്റ്റെം സെൽ ചികിത്സ ഉൾപ്പെടെയുള്ളവ നൽകിയിരുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനായിരുന്നു ഈ ചികിത്സ. എന്നാൽ ഇതൊന്നും ഫലംകണ്ടിരുന്നില്ല. കഴിഞ്ഞ ഒരു മാസമായി അദ്ദേഹത്തിന്റെ സ്ഥിതി തീർത്തും മോശമായിരുന്നു. 199 മുതൽ 2009 വരെ പാർലമെന്റ് അംഗമായിരുന്ന മുൻഷി ഒന്നാം യു.പി.എ സർക്കാരിൽ 2004 മുതൽ 2008 വരെ വാർത്താ വിതരണ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 

ദീപാ മുൻഷിയാണ് ഭാര്യ. മകൻ പ്രിയദീപ് ദാസ് മുൻഷി. മന്മോഹൻ സിങ് മന്ത്രിസഭയിൽ വാർത്താവിനിമയ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്നു. പശ്ചിമബംഗാളിലെ റായ്ഗഞ്ച് മണ്ഡലത്തെയായിരുന്നു പ്രതിനിധീകരിച്ചിരുന്നത്. യൂത്ത് കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. 1985 ലാണ് ആദ്യമായി മന്ത്രിയാകുന്നത്. ഇരുപത് വർഷത്തോളം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായിരുന്നു.