കണ്ണൂർ: ഗ്രാമ വികസന-സാംസ്കാരിക മന്ത്രി കെ.സി. ജോസഫിനെ ഇനിയും സഹിക്കാനാകില്ലെന്ന് ഇരിക്കൂറിലെ കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും. ഇരിക്കൂർ മണ്ഡലത്തിൽ തുടർച്ചയായി ഏഴു തവണ മത്സരിച്ച കെ.സി. ജോസഫിനെതിരെ പാർട്ടിക്കകത്തും പുറത്തും പടനീക്കം ശക്തമാവുകയാണ്. ഒരു രാത്രി പോലും ഇരിക്കൂറിൽ താമസിക്കാത്ത കെ.സി.ജോസഫ് ഒരു വാടകവീട് പോലും ഇക്കാലയളവിൽ മണ്ഡലത്തിൽ എടുത്തിട്ടില്ല.

കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷക്കാലവും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മണ്ഡലത്തിലോ സംസ്ഥാനത്തോ വോട്ട് രേഖപ്പെടുത്തിയിട്ടുമില്ല. 2011 ൽ കോട്ടയം ഡി.സി.സി. പ്രസിഡണ്ടായിരുന്നപ്പോഴാണ് ജോസഫ് പത്രിക നൽകാനെത്തിയത്. മണ്ഡലത്തിൽ കോൺഗ്രസ്സിലെ ഭൂരിഭാഗവും അന്നു മുഖം തിരിച്ചു നിന്നപ്പോൾ ഈ ഒരു തവണ മാത്രമേ താൻ മത്സരിക്കുകയുള്ളുവെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ താൻ മന്ത്രിയാകുമെന്നും അതിനുള്ള അവസരം തരണമെന്നും ജോസഫ് മണ്ഡലം കമ്മിറ്റികളിൽ ആവശ്യം ഉന്നയിച്ചതാണ് വീണ്ടും ജോസഫിനെ അംഗീകരിക്കാൻ നിർബന്ധിതമായത്.

ഇത്തവണ വീണ്ടും പഴയ തന്ത്രം ഉപയോഗിച്ച് കെ.സി.ജോസഫ് രംഗത്തിറങ്ങിയിരിക്കയാണ്. മന്ത്രിയായപ്പോൾ മണ്ഡലത്തിൽ വികസനം കൊണ്ടു വന്നതിനെ അംഗീകരിക്കുന്നുണ്ടെങ്കിലും ഇനിയും കെ.സി.ജോസഫ് മത്സരിക്കുന്നതിനോട് സ്വന്തം ഗ്രൂപ്പിലെ നേതാക്കളും അണികളും എതിർക്കുകയാണ്. ചിലർ ഇത് പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നുണ്ട്. എംഎ‍ൽഎ. എന്ന നിലയിൽ പ്രാദേശികപ്രശ്‌നങ്ങളിൽ പാർട്ടിക്ക് ഗുണപരമായ കാര്യങ്ങളിൽ ജോസഫിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ പഞ്ചായത്തിലെ രണ്ടു ഡിവിഷനുകളിൽ കോൺഗ്രസ്സ് - ലീഗ് പരസ്പരം തെറ്റി മത്സരിച്ചപ്പോഴൊക്കെ അത് കണ്ടില്ലെന്നു നടിക്കുന്ന സമീപനമാണ് കെ.സി.ജോസഫ് സ്വീകരിച്ചത്.

കെ.സി.ജോസഫ് ആദ്യമായി നിയമസഭയിലേക്കെത്തിയതും ഇരിക്കൂർ മണ്ഡലത്തിൽ നിന്നാണ്. പിന്നീടൊരിക്കലും ഈ മണ്ഡലം വിട്ടു കൊടുക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഓരോ തവണയും എതിർപ്പ് വരുമ്പോൾ വിവിധ തന്ത്രങ്ങൾ പ്രയോഗിച്ച് വീണ്ടും അവിടെ മത്സരിക്കാൻ പുതിയ നമ്പറുകൾ ഇറക്കും. ആന്റണി ഗ്രൂപ്പ് നേതാവ് എന്ന നിലയിലായിരുന്നു ഇരിക്കൂറിൽ ആദ്യ മത്സരത്തിനെത്തിയത്. പിന്നീട് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന നിലയിലാണ് മത്സരം തുടർന്നത്.

തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്‌പ്രസ്സിൽ ആഴ്ചയിലൊരിക്കലോ പത്തു ദിവസം കൂടുമ്പോഴോ കണ്ണൂരിൽ വന്ന് ഗസ്റ്റ് ഹൗസിൽ വേഷം മാറി ഉച്ചയോടെ മണ്ഡലത്തിലെത്തിയാൽ താത്പര്യമുള്ള സ്ഥലങ്ങളിൽ ചുറ്റിയടിച്ച് വൈകീട്ട് തിരുവനന്തപുരത്തേക്കോ കോട്ടയത്തേക്കോ പോകുന്ന എംഎ‍ൽഎയെയാണ് മുപ്പത്തഞ്ച് വർഷക്കാലം ഇരിക്കൂറിലെ ജനങ്ങൾ സഹിച്ചത്. ഇനിയും ഇയാളെ മത്സരിപ്പിക്കുന്നത് മലയോര മേഖലയായ ഇരിക്കൂർ ജനതയോട് ചെയ്യുന്ന കൊടും ക്രൂരതയാണെന്ന് കോൺഗ്രസ്സുകാർ ആരോപിക്കുന്നു. ജില്ലയിലെ പതിനഞ്ച് ഡിസി. സി. ഭാരവാഹികളും യൂത്ത് കോൺഗ്രസ്സിന്റെ രണ്ടു സംസ്ഥാന ജനറൽ സെക്രട്ടറിമാരും ജോസഫ് മാറി നിൽക്കണമെന്ന് അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ആരെ നിർത്തിയാലും ഇനി ജോസഫിനെ ഇരിക്കൂറിൽ അംഗീകരിക്കാനാവില്ലെന്നും വേണ്ടിവന്നാൽ പരസ്യമായി രംഗത്തു വരുമെന്നും അവർ പറയുന്നു.

കഴിഞ്ഞ പാർലമെന്റ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ കെ.സുധാകരൻ പരാജയപ്പെടാൻ കാരണം കെ.സി.ജോസഫിന്റെ പ്രവർത്തനപരാജയമാണെന്ന് ആക്ഷേപമുയർന്നിരുന്നു. അന്ന് ആരോപണമുന്നയിച്ച കെ.സുധാകരൻ ഇപ്പോൾ ഇരിക്കൂറിൽ കെ.സി.ജോസഫ് മത്സരിക്കട്ടെ എന്ന അഭിപ്രായം പ്രകടിപ്പിച്ചിരിക്കയാണ്. പകരം കണ്ണൂരിൽ എ.പി.അബ്ദുള്ളക്കുട്ടിയെ മാറ്റി കെ.സുധാകരന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കപ്പെടണമെന്ന താത്പര്യമാണ് ഇതിനു പിറകിലെന്ന് വ്യക്തമാണ്. 1946 ൽ ജൂൺ 3 ന് കോട്ടയത്തെ പൂവത്ത് ജനിച്ച കെ.സി.ജോസഫിന് 70 വയസ്സ് പൂർത്തിയാകാൻ ഇനി മൂന്നു മാസമേ വേണ്ടൂ. കെ.സുധാകരനും സമപ്രായക്കാരനാണ്. കോൺഗ്രസ്സിന്റെ ഈ രണ്ടു സിറ്റിങ് മണ്ഡലങ്ങളും വയോവയോധികർ പിടിമുറുക്കുകയാണ്.