- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് ഇല്ലാത്ത യുപിഎ ആത്മാവ് നഷ്ടമായ ശരീരം; വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ സഹകരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്; പ്രതിപക്ഷം ഭിന്നിച്ചുനിന്നു തമ്മിലടിക്കേണ്ട സമയമല്ല ഇത്; മമത ബാനർജിക്ക് മറുപടിയുമായി കോൺഗ്രസ് നേതാക്കൾ
ന്യൂഡൽഹി: യുപിഎക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഉയർത്തിയ അധിക്ഷേപത്തിനു മറുപടിയുമായി കോൺഗ്രസ്. 'കോൺഗ്രസ് ഇല്ലാത്ത യുപിഎ ആത്മാവു നഷ്ടമായ ശരീരം പോലെയാണെന്നു കോൺഗ്രസ് നേതാവു കപിൽ സിബൽ ട്വീറ്റ് ചെയ്തു. യുപിഎ ചരിത്രമായെന്നാണു കഴിഞ്ഞ ദിവസം എൻസിപി നേതാവു ശരദ് പവാറുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിൽ മമത പറഞ്ഞത്. 2004 മുതൽ 2014 വരെ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന യുപിഎയിൽ കുറച്ചുനാൾ മമതയുടെ തൃണമൂൽ കോൺഗ്രസും ഘടക കക്ഷിയായിരുന്നു.
'വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ സഹകരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. പ്രതിപക്ഷം ഭിന്നിച്ചുനിന്നു തമ്മിലടിക്കേണ്ട സമയമല്ല ഇത്. ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായാണു നിൽക്കേണ്ടത്' കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവു മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിനു പിന്നാലെ, മമതയെ പ്രതിപക്ഷത്തെ ഉന്നത നേതാവായി ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിലാണു തൃണമൂൽ കോൺഗ്രസ്.
'ഏതു യുപിഎ? യുപിഎ ചരിത്രമായി. എല്ലാ പ്രശ്നങ്ങളും ഞങ്ങൾ പരിഹരിക്കും. ശക്തമായ ബദൽ സംവിധാനമാണ് ഇപ്പോൾ ആവശ്യം' യുപിഎയെ ശരദ് പവാർ നയിക്കണോ എന്ന ചോദ്യത്തോടു മമത പ്രതികരിച്ചത് ഇങ്ങനെയാണ്. ദേശീയതലത്തിൽ ബിജെപിക്കും കോൺഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം. ഇതിന്റെ തുടർച്ചയായാണ് മമത മഹാരാഷ്ട്രയിലെത്തി എൻസിപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടു. തുടർന്ന് സംയുക്തമായാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.
മമതയുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പവാറും വ്യക്തമാക്കി. ബിജെപി വിരുദ്ധ മുന്നണിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും പവാർ പറഞ്ഞു. അതേസമയം കോൺഗ്രസിനെതിരായ മമതയുടെ വിമർശനത്തിനുള്ള കൃത്യമായ മറുപടി പവാർ നൽകിയില്ല.
അതേസമയം, മമതയുടെ പ്രതികരണത്തെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തി. കോൺഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതുവെറും സ്വപ്നം മാത്രമായിരിക്കുമെന്ന് വേണുഗോപാൽ വ്യക്തമാക്കി. യു പി എയ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മമതയും കുറച്ചു നാളുകളായി സ്വരചേർച്ചയിലല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസ്താവന വരുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂഡൽഹിയിലുള്ള മമത വിവിധ ദേശീയ നേതാക്കളുമായി ചർച്ച നടത്തി വരികയാണ്.
മറുനാടന് ഡെസ്ക്