ആലപ്പുഴ: പിരിവിൽ പക്ഷാഭേദമില്ല. അത് ബാറായാലും പാറമടയായാലും. തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്ക് പിരിവ് മതി.

പിരിവുഭ്രമം മൂത്ത് നേതാക്കളാകട്ടെ ചെന്നുപെട്ടത് ബാറിൽ. പണം ചോദിച്ചെങ്കിലും ഉടമ പണം നൽകാൻ തയ്യാറാകാതിരുന്നതാണ് ബാറിലെ പിരിവുകഥ പുറത്തായത്.

ബാറുകൾ പൂട്ടിയെങ്കിലും കോൺഗ്രസുകാർക്ക് ഇപ്പോഴും ബാറിൽനിന്നും പിരിവ് ലഭിച്ചെങ്കിലേ സംതൃപ്തി ഉണ്ടാകുകയുള്ളു. എന്നാൽ ബാറുപൂട്ടാൻ ഏക കാരണക്കാരനായ കെ പി സി സി പ്രസിഡന്റ് നയിക്കുന്ന ജാഥയ്ക്കുതന്നെ നേതാക്കൾ ബാറുടമകളോട് പണം ആവശ്യപ്പെടുന്നതാണ് ഏറെ വിരോധാഭാസമായത്.

ബാറുകളുമായോ ഉടമകളുമായോ കോൺഗ്രസ് പ്രവർത്തകർ ബന്ധപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് വി എം സുധീരൻതന്നെ പറയുന്നുണ്ടെങ്കിലും മുഖവിലക്കെടുക്കാതെയാണ് നേതാക്കന്മാർ ബാറുടമകളെ പണത്തിനായി സമീപിക്കുന്നത്.

ജനരക്ഷാ മാർച്ച് സുധീരന്റെ സ്വന്തം നാടായ തൃശൂരിൽ എത്തിയതോടെയാണ് നേതാക്കൾ പിരിവിനായി ബാറുടമയെ സമീപിച്ചത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി അത്താണിയിൽ സംസ്ഥാന പാതയിലുള്ള ബിയർ, വൈൻ പാർലറിലാണ് കോൺഗ്രസ് നേതാക്കൾ കഴിഞ്ഞദിവസം പിരിവിനെത്തിയത്.

വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനൊപ്പം ഗ്രൂപ്പ് ഭേദമന്യേ നേതാക്കളെത്തിയാണ് ബാറുടമയോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്. പുതുക്കിയ ജില്ലാ കമ്മിറ്റിയിലെ ഐ ഗ്രൂപ്പ് ജനറൽ സെക്രട്ടറിമാരിൽ രണ്ടുപേരും എ വിഭാഗത്തിൽനിന്നും ഒരാളുമാണ് പിരിവിനെത്തിയത്. എന്നാൽ സുധീരന്റെ ജാഥയ്ക്ക് പണം നൽകാൻ കഴിയില്ലെന്ന് ഉടമ വ്യക്തമാക്കിയതോടെ നേതാക്കൾ ഭീഷണിയിലേക്ക് നീങ്ങി.

പണം നൽകിയില്ലെങ്കിൽ ബാർ പൂട്ടിക്കുമെന്ന നിലപാടിലെത്തിയതോടെ ഉടമയും എതിർത്തു. എന്നാൽ വാക്കേറ്റം മൂത്തപ്പോൾ കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് ചിലർ നേതാക്കളെ പിന്തിരിപ്പിച്ച് സ്ഥലം കാലിയാക്കി.

അതേസമയം നേതാക്കൾ താല്ക്കാലിക പിൻവാങ്ങൽ നടത്തിയെങ്കിലും ഭീഷണി മുറയ്ക്ക് തുടരുന്നുണ്ടായിരുന്നു. ഇതോടെ ബാറുടമ അസോസിയേഷന് പരാതി നൽകി. സംസ്ഥാനത്ത് മദ്യ ഉപയോഗം 8 ആയി കുറഞ്ഞുവെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്. എന്നാൽ ഇപ്പോഴും ബാറുകൾ തിരിച്ചുവരുമെന്ന് പ്രതീക്ഷയോടെയാണ് ചില കോൺഗ്രസ് നേതാക്കൾ ഉടമകളുമായി സഹകരിക്കുന്നത്. തൃശൂരിൽ പ്രത്യേകിച്ചും നേതാക്കൾ ബാറുടമകളെ തഴയുകയില്ല.

കെ പി സിസി പ്രസിഡന്റിന്റെ ഏറ്റവും അടുത്ത ബന്ധു ബാറുടമയാണെന്നുള്ളതാണ് ഏറെ വിചിത്രം. നേരത്തെ സുധീരന്റെ ബാറുടമാ ബന്ധം ആരോപിച്ച് ഗോകുലം ഗോപാലൻ രംഗത്തുവന്നിരുന്നു. സുധീരൻ പണ്ടു സഞ്ചരിച്ചിരുന്നത് തൃശൂരിലെ ബാറുടമ സമ്മാനിച്ച അംബാസിഡർ കാറിലായിരുന്നുവെന്നാണ് ഗോകുലം തുറന്നടിച്ചത്. ഗോകുലത്തിന്റെ ഏറെ വിവാദം സൃഷ്ടിച്ച വെളിപ്പെടുത്തിലിൽനിന്നും മോചനം നേടാൻ സുധീരൻ ഏറെ പാടുെപട്ടിരുന്നു. ഇതിനിടിയിലാണ് കോൺഗ്രസ് നേതാക്കൾ ബാറുടമകളുമായി വീണ്ടും സഹകരണകരാർ ഉറപ്പിച്ചത്.