ബാംഗലൂരു: കർണ്ണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോൺഗ്രസിന്റെ കോർപ്പറേറ്ററുടെ മകളെയാണ് ഭർത്തൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന സൂചനയെ തുടർന്നു ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും മൈസൂരു കോർപറേറ്ററുമായ നാഗഭൂഷന്റെ മകളായ അനിതയെ (28) ആണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു അനിതയുടെ വിവാഹം നടന്നത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇക്കാര്യം ആത്മഹത്യാ കുറിപ്പിലും അവർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ പണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിച്ചതിനെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നാണ് നാല് പേജ് നീണ്ട ആതമഹത്യാകുറിപ്പിൽ വ്യക്തമാക്കുന്നത്. തമിഴ്‌നാട് സ്വദേശിയാണ് അനിതയുടെ ഭർത്താവ് വസന്ത്. ആറു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.