- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കെ സുധാകരൻ വിരിച്ച വലയിൽ വീണത് പിണറായി; ബ്രണ്ണൻ കോളേജിൽ പഠിച്ച കാലമല്ല ഇത്; മുഖ്യമന്ത്രിയുടെ പരാമർശം മരംമുറി കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ; സുധാകരന് പിന്നിൽ കോൺഗ്രസ് ഒറ്റക്കെട്ട്; പിന്തുണയുമായി നേതാക്കൾ
തിരുവനന്തപുരം: കെ സുധാകരനും പിണറായി വിജയനും തമ്മിലുള്ള വാക്പോരിൽ കെ പി സി സി അദ്ധ്യക്ഷന് പൂർണ പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ. കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി വാർത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വാർത്താസമ്മേളനത്തിൽ 40 മിനിറ്റെടുത്ത് വിശദീകരിക്കേണ്ട കാര്യമില്ലായിരുന്നു. ജനം പ്രതീക്ഷിക്കുന്നത് കോവിഡ് മഹാമാരിയുടെ വിവരങ്ങളാണ്. മരംമുറിക്കേസ് വിവാദം മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പ്രശ്നങ്ങൾ തുടങ്ങിവച്ചത് സുധാകരനല്ല. സുധാകരൻ കെപിസിസി അധ്യക്ഷനായതിനെ സിപിഎം ഭയപ്പെടുന്നു. സുധാകരന്റെ പേരു പ്രഖ്യാപിച്ചപ്പോൾ തന്നെ സിപിഎം വിമർശനം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരന് എതിരായുള്ള മുഖ്യമന്ത്രിയുടെ പരാമർശം ഒഴിവാക്കണമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമായി പോയെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മരംമുറി കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നും കോൺഗ്രസ് സുധാകരന് പിന്നിൽ ഒറ്റക്കെട്ടായി നിന്നുവെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ക്യാമ്പസ് രാഷട്രീയ അനുഭവം സുധാകരൻ പങ്കുവച്ചതിൽ ഇത്ര സീരിയസ് ആയി മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എം പി അഭിപ്രായപ്പെട്ടത്. കെ പി സി സി പ്രസിഡന്റിനെ അപമാനിക്കാൻ മാത്രം എന്താണിത്ര പ്രകോപനം എന്ന് മനസിലാകുന്നില്ല. കെ സുധാകരനെ ഒറ്റപ്പെടുത്തി രാഷ്ട്രീയമായി വകവരുത്താനാണ് പിണറായിയുടെ നീക്കം. കെ സുധാകരനല്ല, മുഖ്യമന്ത്രിയാണ് കെ സുധാകരൻ വിരിച്ച വലയിൽ വീണത് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
മുഖ്യമന്ത്രി വാർത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു കെ വി തോമസ് പ്രതികരിച്ചത്. മുഖ്യമന്ത്രി ബ്രണ്ണൻ കോളേജിൽ പഠിച്ച കാലമല്ല ഇത്. ഭരണാധികാരി ആയിരുന്ന് ഇങ്ങനെ സംസാരിക്കാമോയെന്ന് പിണറായി വിജയനും സി പി എമ്മും ആലോചിക്കണമെന്നും കെ വി തോമസ് പറഞ്ഞു. സുധാകരൻ പറഞ്ഞതിൽ തെറ്റില്ലന്ന നിലപാടാണ് തനിക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മറുനാടന് മലയാളി ബ്യൂറോ