- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകര ശൈലി പിന്തുടർന്ന് കോൺഗ്രസ് ദേശീയ നേതൃത്വവും; കോൺഗ്രസിൽ അംഗമാകണമെങ്കിൽ പരസ്യ മദ്യപാനം പാടില്ല; പാർട്ടിയെ പൊതുേവദിയിൽ വിമർശിക്കുകയും അരുത്; നവംബർ ഒന്നുമുതൽ അംഗത്വവിതരണ കാമ്പയിൻ; പുതിയ എഐസിസി അധ്യക്ഷൻ അടുത്തവർഷം
ന്യൂഡൽഹി: കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കാൻ കെ സുധാകരൻ കേരളത്തിൽ കൊണ്ടുവന്ന മാനദണ്ഡങ്ങൾ ദേശീയ തലത്തിലും പകർത്താൻ കോൺഗ്രസ്. കോൺഗ്രസിൽ അംഗം ആകാണമെങ്കിൽ പരസ്യ മദ്യപാനം അടക്കം പാടില്ലെന്ന നിലപാട് കെ സുധാകരൻ കൊണ്ടുവന്ന മാദണ്ഡങ്ങളിൽ ഉണ്ടായിരുന്നു. ഇത് ദേശീയ തലത്തിലും ഉയർത്തിപ്പിടിക്കാനാണഅ കോൺഗ്രസ് ഒരുങ്ങുന്നത്. അംഗത്വ വിതരണത്തിന് വേണ്ടി കൊണ്ടുവന്ന മാനദണ്ഡങ്ങളിലാണ് കോൺഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇനിമുതൽ കോൺഗ്രസ് പാർട്ടിയിൽ അംഗമാകണമെങ്കിൽ മദ്യവും മയക്കുമരുന്നും വർജിക്കുമെന്നും പാർട്ടി നയങ്ങളെയും പരിപാടികളെയും പൊതുവേദിയിൽ വിമർശിക്കില്ലെന്നും സത്യവാങ്മൂലം നൽകണം. മാത്രമല്ല, നിയമപ്രകാരം അനുവദനീയമായതിലും കൂടുതൽ വസ്തുവകകൾ സ്വന്തമായില്ലെന്നും പാർട്ടിയുടെ നയങ്ങളും പരിപാടികളും പ്രചരിപ്പിക്കാൻ കായികാധ്വാനവും ജോലിയും ചെയ്യാൻ മടിയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം.
പാർട്ടിയുടെ പുതിയ അംഗത്വഫോമിലാണ് ഇക്കാര്യങ്ങളുള്ളത്. ഇവയുൾപ്പെടെ പത്തുകാര്യങ്ങളിലാണ് സത്യവാങ്മൂലം നൽകേണ്ടത്. നവംബർ ഒന്നുമുതൽ അംഗത്വവിതരണം ആരംഭിക്കുകയാണ് കോൺഗ്രസ്. അടുത്തവർഷം മാർച്ച് 31 വരെ ഇത് നീളും.ഒരുതരം സമൂഹികവിവേചനത്തിലും ഏർപ്പെടില്ലെന്നും അവ സമൂഹത്തിൽനിന്ന് നിർമ്മാർജനം ചെയ്യാനായി പ്രവർത്തിക്കുമെന്നും പുതിയ അംഗങ്ങളെല്ലാം പ്രതിജ്ഞ ചെയ്യണമെന്നും കോൺഗ്രസ് നിർദേശിക്കുന്നു.
''ഞാൻ പതിവായി തനതു ഖാദി ധരിക്കുന്നയാളാണ്; ഞാൻ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ഇല്ല; ഞാൻ സാമൂഹികവിവേചനമോ അസമത്വമോ കാണിക്കില്ല; ഇത്തരം വികലമായ കാര്യങ്ങൾ സമൂഹത്തിൽനിന്ന് നിർമ്മാർജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു; കായികാധ്വാനമുൾപ്പെടെ പ്രവർത്തകസമിതി ഏൽപ്പിക്കുന്ന ഏതു ജോലിയും ചെയ്യാൻ ഞാൻ സന്നദ്ധമാണ്'' -എന്നിങ്ങനെയാണ് പുതിയ കോൺഗ്രസ് അംഗങ്ങൾ നൽകേണ്ട സത്യവാങ്മൂലം.
ദേശീയ തലത്തിൽ കോൺഗ്രസിന് ആക്ടീവായ അധ്യക്ഷൻ വേണമെന്ന ആവശ്യം കുറച്ചുകാലമായി ശക്തമാണ്. ഇതിനായി കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ അടുത്തവർഷം ഓഗസ്റ്റ് 21-നും സെപ്റ്റംബർ 20-നുമിടയിൽ തിരഞ്ഞെടുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗീകരിച്ച സമയക്രമത്തിൽ വ്യക്തമാക്കുന്നു.
അതേസമയം അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ തന്ത്രങ്ങൾ മെനയാനായി കോൺഗ്രസ് നേതാക്കളുടെ അടിയന്തരയോഗം ചൊവ്വാഴ്ച രാവിലെ 10.30-ന് എ.ഐ.സി.സി. ആസ്ഥാനത്തു നടക്കും. ജനറൽ സെക്രട്ടറിമാർ, ഇൻ ചാർജുമാർ, പി.സി.സി. അധ്യക്ഷർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
മറുനാടന് മലയാളി ബ്യൂറോ